സൗദി രാജാവിന്റെ മകന്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ പുതിയ ഊര്‍ജ്ജ മന്ത്രി

സൗദിയുടെ പുതിയ ഊര്‍ജ്ജ മന്ത്രിയായി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനെ നിയമിച്ച് രാജാവ് ഉത്തരവിറക്കി. 2016 മുതല്‍ ഊര്‍ജ മന്ത്രി പദവി വഹിച്ചിരുന്ന ഖാലിദ് അല്‍ ഫാലിഹിനെ മാറ്റിയാണ് പുതിയ നിയമനം.

ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ മകനാണ് അബ്ദല്‍ അസീസ്. രാജ്യത്തെ എണ്ണ വ്യവസായ രംഗത്തെ അറിയപ്പെടുന്ന മുഖമായ ഇദ്ദേഹം 1985ല്‍ ഊര്‍ജമന്ത്രിയുടെ ഉപദേശകനായിരുന്നു. അന്ന് ഇരുപത് വയസ് മാത്രമായിരുന്നു പ്രായം. 2005ല്‍ എണ്ണ സഹമന്ത്രിയായി. 2017ല്‍ ഊര്‍ജ്ജ സഹമന്ത്രിയായി. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അര്‍ധ സഹോദരാന്‍ കൂടിയായ ഇദ്ദേഹം പെട്രോളിയം ആന്റ് മിനറല്‍സ് ബിരുദധാരിയാണ്.

ഊര്‍ജ മന്ത്രി ഖാലിദ് അല്‍ഫാലിഹിനെ കഴിഞ്ഞ ദിവസം സൗദി അരാംകൊയുടെ ചെയര്‍മാന്‍ സ്ഥാനത്ത്നിന്നും നീക്കിയിരുന്നു. യാസിര്‍ അല്‍റുമയ്യാനാണ് പുതിയ ചെയര്‍മാന്‍. ഊര്‍ജ മന്ത്രാലയത്തെ സൗദി അരാംകൊയില്‍ നിന്ന് വേര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഊര്‍ജ മന്ത്രിക്കു പകരം സൗദി അരാംകൊ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ പദവിയില്‍ പുതിയാളെ നിയമിച്ചത്.

അടുത്ത വര്‍ഷം സൗദി അ രാം കൊയുടെ ഓഹരികള്‍ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ വില്‍ക്കാന്‍ നീക്കമുണ്ട്. ഇതിനു മുന്നോടിയായി കൂടിയാണ് ഊര്‍ജ മന്ത്രാലയത്തെയും സൗദി അരാംകൊയെയും വേര്‍പ്പെടുത്തുന്നത്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദിയിലെ ഊര്‍ജ മന്ത്രി സ്ഥാനം വഹിക്കുന്ന അല്‍ സൗദ് രാജകുടുംബത്തില്‍നിന്നുള്ള ആദ്യ അംഗമാണ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here