ഓണാഘോഷത്തിന്റെ തിരക്കിലാണെങ്കിലും വായിക്കണമെന്ന അപേക്ഷയുമായി കെപിസിസി പ്രസിഡന്റിന്‌ അച്ഛൻ നഷ്ടപ്പെട്ട മകന്റെ തുറന്ന കത്ത്‌

ഓണാഘോഷത്തിന്റെ തിരക്കിലാണെങ്കിലും വായിക്കണമെന്ന അപേക്ഷയുമായി കെപിസിസി പ്രസിഡന്റിന്‌ അച്ഛൻ നഷ്ടപ്പെട്ട മകന്റെ തുറന്ന കത്ത്‌. ചെറുപുഴയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച കരാറുകാരൻ ജോസഫ്‌ മുതുപാറക്കുന്നേലിന്റെ മകൻ ഡെൻസ്‌ ജോസഫാണ്‌ മുല്ലപ്പള്ളിക്ക്‌ കത്തയച്ചത്‌.

‘‘അവനവന്റെ അധ്വാനത്തിന്റെ വിയർപ്പിന്റെ അംശമില്ലാത്ത ഒരു രൂപപോലും സ്വീകരിക്കരുതെന്ന്‌ വിശ്വസിക്കുന്ന സത്യക്രിസ്‌ത്യാനികളാണ്‌ നമ്മളെന്ന്‌ എന്നും കുരിശുവരയ്‌ക്കുമ്പോൾ പപ്പ പറയുമായിരുന്നുവെന്ന്‌ കത്തിൽ ഡെൻസ്‌ കുറിക്കുന്നു. ഒരു നല്ല കോൺഗ്രസുകാരനായിട്ടുപോലും കൂടെയുള്ളവർ എന്തിനാണ്‌ പപ്പയെ ഇല്ലാതാക്കിയതെന്ന്‌ കണ്ണീരോടെ അവൻ ചോദിക്കുന്നു.

ജോസഫിന്റെ മരണത്തോടെ അനാഥമായ കുടുംബത്തിന്റെ വ്യഥ മുഴുവൻ നിഴലിക്കുന്നതാണ്‌ ഈ ഒമ്പതാം ക്ലാസുകാരന്റെ കത്ത്‌. കോൺഗ്രസുകാരുടെ നേതൃത്വത്തിലുള്ള കെ കരുണാകരൻ സ്‌മാരക ആശുപത്രിയുടെ നിർമാണ കരാറുകാരനായ ജോസഫിന്‌ 1.49 കോടി രൂപയാണ്‌ ഭാരവാഹികൾ നൽകാനുണ്ടായിരുന്നത്‌.

ഈ തുക നൽകാമെന്നുപറഞ്ഞ്‌ കോൺഗ്രസ്‌ നേതാക്കൾ നിരവധി തവണ പറ്റിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ ആശുപത്രി ഭാരവാഹികൾ നിർദേശിച്ചതനുസരിച്ച്‌ ജോസഫ്‌ നിർമാണത്തിനു ചെലവായതിന്റെ രേഖകളുമെടുത്ത്‌ ആശുപത്രിയിലെത്തിയത്‌.

വൈകിട്ടോടെ കാണാതായ ജോസഫിനെ പിറ്റേന്ന്‌ ആശുപത്രിയുടെ മുകൾ നിലയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ‘‘സ്വന്തം പാർടി ആയതുകൊണ്ടാണ്‌ പപ്പ കെ കരുണാകരൻ സ്‌മാരക ട്രസ്‌റ്റിന്റെ കെട്ടിടനിർമാണ കരാർ എടുത്തത്‌.

ആരോടും മുഖം കറുത്ത്‌ സംസാരിക്കുകപോലും ചെയ്യാത്ത പപ്പ കരാർ തുകയ്‌ക്കുവേണ്ടി കണക്കുപറഞ്ഞ്‌ വഴക്കുകൂടാനൊന്നും പോവില്ലെന്ന്‌ എനിക്കറിയാം. എന്നിട്ടുകൂടി പപ്പയെ ചതിച്ചില്ലേ….. വേദനിക്കുന്ന മനുഷ്യർക്കുമുന്നിൽ പൊഴിക്കുന്ന കണ്ണീർ സത്യമാണെങ്കിൽ അങ്ങയുടെ പാർടിയുടെ നേതാക്കൾ കാരണം അനാഥമാക്കപ്പെട്ട എന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും കണ്ണുനീരും കാണണം’’–- ഡെൻസ്‌ കത്തിൽ പറയുന്നു.

നാലിന്‌ ആശുപത്രിയിലേക്ക്‌ കോൺഗ്രസ്‌ നേതാക്കൾ ആവശ്യപ്പെട്ടതുപ്രകാരമാണ്‌ ജോസഫ്‌ പോയതെന്ന്‌ ഡെൻസ്‌ കത്തിൽ പറയുന്നു. കോടികളുടെ അഴിമതി മറച്ചുവയ്‌ക്കാൻ എന്റെ പപ്പയെ ഇവിടുത്തെ കോൺഗ്രസ്‌ നേതാക്കൾ ഇല്ലാതാക്കിയതാണെന്നു സംശയിക്കുന്നതായും കത്തിലുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News