മലയാളമില്ലാതെ തിരുവോണമില്ല; മാതൃഭാഷാവകാശ സമരത്തെ പിന്തുണച്ച് സുനിൽ പി ഇളയിടം

മാതൃഭാഷാവകാശ സമരത്തെ പിന്തുണച്ച് ഡോ. സുനിൽ പി ഇളയിടം ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ചുവടെ വായിക്കാം:

“പാഞ്ഞാൾപ്പാടത്തെ കശാപ്പുശാല”
എന്ന ലേഖനത്തിൽ മലയാളികളുടെ മുഖത്ത് കാറിത്തുപ്പുന്ന പുതിയ വെളിച്ചപ്പാടൻമാരെ കുറിച്ച് വി.ടി. എഴുതിയിട്ടുണ്ട്.

പി. എസ്. സി. ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നതും മറ്റൊന്നല്ല. മലയാളിയുടെയും മലയാളത്തിന്റെയും മുഖത്തുതുപ്പുന്ന ഒന്നായി ഒരു ഭരണഘടനാ സ്ഥാപനം മാറിത്തീർന്നിരിക്കുന്നു.
ഔദ്യോഗികഭാഷയും ഭരണഭാഷയും മലയാളമാണെന്ന് പലവട്ടം പ്രഖ്യാപിച്ച ഒരു ഭരണസംവിധാനത്തിനു കീഴിൽ തന്നെയാണിതു നടക്കുന്നത്.

ഗാന്ധിജിയും ടാഗോറും മുതൽ ഗുരുവും സഹോദരൻ അയ്യപ്പനും മഖ്തിതങ്ങളും വരെയുള്ളവർ പറഞ്ഞു കൊണ്ടേയിരുന്ന കാര്യങ്ങളിലൊന്ന് മാതൃഭാഷ എന്നതായിരുന്നു.
നവോത്ഥാനമെന്നത്
അതിന്റെ കൂടി പേരാണ്.

“കേരളം മലയാളികളുടെ മാതൃഭൂമി” എന്നത് 70 കൊല്ലം പഴക്കമുള്ള ഒരു പുസ്തകമല്ലെന്ന് വേണ്ടപ്പെട്ടവർ മറന്നു പോകരുത്.ഒരു ചരിത്രപ്രക്രിയയുടെ സംഗ്രഹം കൂടിയാണത്.
അതിന്റെ പേരാണ് ജനാധിപത്യം !!

മലയാളത്തിനായി കേരളത്തിൽ ഇന്ന് ആയിരങ്ങൾ നിരാഹാരമിരിക്കുകയാണ്.
കാര്യം വളരെ ലളിതമാണ്.
പി. എസ്. സി. പരീക്ഷകൾ മലയാളത്തിലും കൂടി എഴുതാൻ കഴിയണം എന്നതു മാത്രം.

ഇങ്ങനെയൊരു ആവശ്യമുന്നയിച്ച് കേരള മെമ്പാടും മലയാളികളെ നിരാഹാരമിരുത്തിയ അധികാരപ്രമത്തതയെ കുറിച്ചോർത്ത് ഭാവികേരളം നിശ്ചയമായും അപമാനഭാരത്തോടെ തലകുനിക്കും.

അന്നും
മലയാളവും മലയാളികളും
തലയുയർത്തിത്തന്നെ നിൽക്കും !!

( പിൻകുറിപ്പ്:
മലയാളത്തിന്റെ വിനിമയശേഷിയില്ലായ്മ മുതൽ സാങ്കേതികപദങ്ങളിലെ സംസ്കൃതവത്കരണം വരെയുള്ള “മാരകായുധങ്ങളു” മായി പണ്ഡിതവൃന്ദം പടയ്ക്കിറങ്ങിയതിൽ വാസ്തവത്തിൽ കൗതുകമൊന്നുമില്ല.
ചരിത്രത്തിൽ ഇത്തരം പടപ്പുറപ്പാടുകൾക്ക് എപ്പോഴെങ്കിലും കുറവുണ്ടായിട്ടുമില്ല!
First as Tragedy, then as farce
എന്നാണ് പ്രമാണം.

പോസ്റ്റ് കൊളോണിയലിസവും
ഗൂഗി വാ തിയോംഗോയുമൊക്കെ ഇനിയങ്ങോട്ടും തരാതരം പോലെ ഉദ്ധരിക്കുകയും ചെയ്യാം!! )

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News