വേലത്തിപ്പെണ്ണിന്റെ മൂക്കേൽവിദ്യ; ശാരദക്കുട്ടിയുടെ ഓണം

എല്ലാ ഓണത്തിനും പുന്നത്തുറയിലെ അച്ഛന്റെ വീട്ടിൽ ഓണക്കളിക്കാരെത്തും. വേലസമുദായത്തിൽ പെട്ടവരുടെ വേലൻതുള്ളലെന്ന കലാവിദ്യയോളം മികച്ച ഒരോണ വിദ്യയും ഞാനിന്നു വരെ കണ്ടിട്ടില്ല. ഓണത്തെ കുറിച്ച് എഴുത്തുകാരി ശാരദക്കുട്ടി ഫേസ് ബുക്കിലെഴുതിയ ഓണക്കുറിപ്പ് ചുവടെ:

എല്ലാ ഓണത്തിനും പുന്നത്തുറയിലെ അച്ഛന്റെ വീട്ടിൽ ഓണക്കളിക്കാരെത്തും. വേലസമുദായത്തിൽ പെട്ടവരുടെ വേലൻതുള്ളലെന്ന കലാവിദ്യയോളം മികച്ച ഒരോണ വിദ്യയും ഞാനിന്നു വരെ കണ്ടിട്ടില്ല.

സ്ത്രീയാണ് കളിയിലെ പ്രധാന അഭ്യാസി. ഒരേ സമയം പല വിദ്യകളാണവർ ചെയ്യുക. നിലത്ത് കാൽ നീട്ടിയിരുന്ന് മുള കൊണ്ടുള്ള വളയങ്ങൾ കാലിന്റെ തള്ളവിരലിൽ ഇട്ട് കറക്കിക്കൊണ്ട് തലമുകളിലോട്ട് ഉയർത്തിപ്പിടിച്ച് മൂക്കിനും ചുണ്ടിനുമിടയിൽ ഒരറ്റം കൂർത്ത ചൂരൽ എറിഞ്ഞു പിടിപ്പിക്കും.

പിന്നീട് അതിനു മുകളിലേക്ക് കൈകൾ പലതരത്തിൽ ചലിപ്പിച്ച് മുളഞ്ചൂരലുകൾ എറിഞ്ഞെറിഞ്ഞ് വിചിത്ര രൂപങ്ങളിലുള്ള തേരുകളും ഗോപുരങ്ങളും കെട്ടിപ്പൊക്കും.അപ്പോഴൊക്കെ കാലിലെ വളയങ്ങൾ കറങ്ങിക്കൊണ്ടിരിക്കും.ഒരേ സമയം വലത്തോട്ടും ഇടത്തോട്ടും വിപരീത ദിശയിൽ കറങ്ങുന്ന രണ്ടു പെരുവിരലുകൾ.. രണ്ടു വളയങ്ങൾ .

പാട്ടുകാരും നാടൻവാദ്യക്കാരും അകമ്പടിയുണ്ടാകും. പാട്ടിന്റെ വേഗതക്കനുസരിച്ച് മൂക്കിനു മുകളിലെ വിദ്യ പുരോഗമിക്കും. മൂക്കേൽവിദ്യ എന്നാണിതിനു പറയുന്നത്.

പാട്ട് മന്ദഗതിയിലാകുന്നതിനനുസരിച്ച് ശില്പം ഒന്നൊന്നായി അഴിഞ്ഞു വന്ന് ഒടുവിൽ കറങ്ങുന്ന വളയവും നിലയ്ക്കും. കറുത്തു മെലിഞ്ഞ ആ കലാകാരി സഭയെ വണങ്ങി എഴുന്നേൽക്കും.

ശ്വാസമടക്കിപ്പിടിച്ചു മാത്രമേ ഈ കലാപ്രകടനം കണ്ടിരിക്കാനാവൂ. ഇന്നുമെന്റെ ഏറ്റവും വലിയ ഓണാത്ഭുതം വേലർകളിയെന്ന ഈ മൂക്കേൽവിദ്യ തന്നെയാണ്.മണ്ണിനടിയിലേക്ക് താഴ്ത്തപ്പെട്ടു പോയ പല കലാരൂപങ്ങളിലൊന്നാണിത്. ഓർമ്മയിൽ അത് ഉയർന്നു വരുന്നു. വേലർകളി. അത് എനിക്ക് പെണ്ണിന്റെ മൂക്കേൽ വിദ്യയാണ്. ഒരു ചിത്രം പോലുമില്ല കയ്യിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News