മുംബൈയിലെ ഏറ്റവും തിരക്കേറിയ സി എസ് ടി റെയില്‍വേ സ്റ്റേഷനിലും, നവി മുംബൈയിലെ പന്‍വേല്‍ റെയില്‍വേ സ്‌റേഷനിലുമാണ് ഭീമന്‍ പൂക്കളങ്ങള്‍ തീര്‍ത്തു മുംബൈ മലയാളികള്‍ തിരുവോണത്തെ ജനകീയമാക്കിയത്.ലക്ഷക്കണക്കിന് യാത്രക്കാര്‍ വന്നു പോകുന്ന സി എസ് ടി യിലും പന്‍വേലിലും ഇതര ഭാഷക്കാരടക്കം നിരവധി പേരാണ് കൂറ്റന്‍ പൂക്കളത്തിന്റെ വിസ്മയക്കാഴ്ച്ച മനസിലും സ്മാര്‍ട്ട് ഫോണിലുമായി ഒപ്പിയെടുക്കുന്നത്.

ഓള്‍ മഹാരാഷ്ട്ര മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ കൂട്ടായ്മകളും സംഘടനകളും ചേര്‍ന്നാണ് സി എസ് ടി റെയില്‍വേ സ്റ്റേഷനെ പൂക്കളം കൊണ്ട് അലങ്കരിച്ചത്. രാത്രി മുഴുവന്‍ പൂവുകള്‍ ഒരുക്കിയും രൂപകല്‍പ്പന ചെയ്തും നൂറു കണക്കിനാളുകളുടെ പരിശ്രമത്താലാണ് ഭീമന്‍ പൂക്കളമൊരുങ്ങിയത്.

മുംബൈയില്‍ ആദ്യമായി റെയില്‍വേ സ്റ്റേഷനില്‍ ഭീമന്‍ പൂക്കളമൊരുക്കി ശ്രദ്ധ നേടിയ കേരളീയ കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ തന്നെയാണ് ഇക്കുറിയും പന്‍വേല്‍ റെയില്‍വേ സ്റ്റേഷനെ ഓണാഘോഷ വേദിയാക്കിയത്. സ്റ്റേഷന്‍ മാസ്റ്ററും റെയില്‍വേ സ്റ്റാഫും യാത്രക്കാരുമെല്ലാം മാവേലി വരവേല്‍പ്പിനെയും ആര്‍പ്പ് വിളികളെയും ആവേശത്തോടെയാണ് എതിരേറ്റത്.

സമത്വസുന്ദരമായ നല്ല നാളുകളുടെ ഓര്‍മ്മകള്‍ പുതുക്കിയാണ് രാജ്യത്തെ ഏറ്റവും തിരക്കേറിയ സി എസ് ടി റെയില്‍വേ സ്റ്റേഷനിലും പൂക്കളം വിസ്മയക്കാഴ്ചയായത് . പോയ വര്‍ഷം രണ്ടു ദിവസം കൊണ്ട് ഏകദേശം 26 ലക്ഷത്തിലധികം പേരെങ്കിലും പൂക്കളം കണ്ടെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.

നഗരത്തിലെ ഭീമന്‍ പൂക്കളത്തോടൊപ്പമുള്ള സെല്‍ഫികള്‍ കൊണ്ട് ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കുമെല്ലാം നിറയുമ്പോഴും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പുതു സന്ദേശമാണ് നൂതന മാധ്യമങ്ങളിലൂടെയും പ്രവഹിക്കുന്നത്.