ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ടിഡിപിയുടെ പ്രധാന നേതാക്കളും വീട്ടുതടങ്കലില്‍.

ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെ പ്രതിഷേധ റാലി നടത്താനിരിക്കെയാണ് ചന്ദ്രബാബു നായിഡുവിനെയും നേതാക്കളെയും പൊലീസ് വീട്ടുതടങ്കലിലാക്കിയത്. ഗുണ്ടൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ബുധനാഴ്ച ഗുണ്ടൂരില്‍ ചലോ അത്മാകൂര്‍ റാലി നടത്തുമെന്ന് ടിഡിപി പ്രഖ്യാപിച്ചിരുന്നു. അത്മാകൂറില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ടിഡിപി പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ചായിരുന്നു റാലി.

അതേസമയം, അത്മാകൂറില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതുവരെ എട്ട് ടിഡിപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പ്രദേശത്തുനിന്നും നിരവധി ആളുകളാണ് വീടൊഴിഞ്ഞുപോയത്.