മരട് ഫ്‌ലാറ്റ് പൊളിക്കലിനെതിരെ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി.

നിയമ ലംഘനം പഠിക്കാന്‍ സുപ്രീം കോടതി രൂപീകരിച്ച സമിതിക്ക് തദ്ദേശസ്വയംഭരണ സെക്രട്ടറിക്ക് പകരം സ്‌പെഷ്യല്‍ സെക്രട്ടറി നേതൃത്വം നല്‍കിയത് സുപ്രീംകോടതി ഉത്തരവിന്റെ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഗോള്‍ഡന്‍ കായലോരം റസിഡന്റ്‌സ് അസോസിയേഷന്‍ ആണ് ഹര്‍ജി ഫയല്‍ ചെയ്തത്.

2018 നവംബറിലാണ് മരടിലെ അഞ്ച് അപ്പാര്‍ട്‌മെന്റുകള്‍ തീരദേശ പരിപാലന നിയമം ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി 3 അംഗ സമിതിയെ നിയോഗിച്ചത്. തദ്ദേശ സ്വയം ഭരണ സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ ചീഫ് മുനിസിപ്പല്‍ ഓഫീസര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ അംഗങ്ങളാകണം എന്നുമായിരുന്നു ഉത്തരവ്.

എന്നാല്‍ തദ്ദേശസ്വയംഭരണ സെക്രട്ടറി ടി കെ ജോസിന് പകരം സ്‌പെഷ്യല്‍ സെക്രട്ടറി ആണ് സമിതിക്ക് നേതൃത്വം നല്‍കിയത്. ഇത് കോടതി ഉത്തരവിന്റെ ലംഘനം ആണ് എന്നാണ് തിരുത്തല്‍ ഹര്‍ജിയിലെ പ്രധാന വാദം. ഈ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് ഫ്‌ലാറ്റ് പൊളിക്കാന്‍ മേയ് 8ന് സുപ്രീംകോടതി ഉത്തരവിട്ടത്.

കോടതി നിര്‍ദേശത്തിന് വിരുദ്ധമായി രൂപീകരിക്കപ്പെട്ട സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫ്‌ലാറ്റ് പൊളിക്കാന്‍ ഉത്തരവിട്ടത് അതിനാല്‍ തിരുത്തണം എന്നാണ് ഹര്ജിക്കാരുടെ ആവശ്യം. മൂന്ന് അംഗ സമിതി മറ്റൊരു വിദഗ്ദ്ധ സമിതി രൂപീകരിച്ചതും കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ഗോള്‍ഡന്‍ കായലോരം റസിഡന്റസ് അസോസിയഷന്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിക്ക് സുപ്രീംകോടതി രജിസ്ട്രി ഡയറി നമ്പര്‍ നല്‍കിയിട്ടുണ്ട്.

അതിനാല്‍ ഹര്‍ജി പരിഗണിക്കുമെന്ന് ഉറപ്പായി. ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ ആദ്യ മൂന്ന് സീനിയര്‍ ജഡ്ജിമാരും, കേസ് നേരത്തെ പരിഗണിച്ച ബെഞ്ചിലെ ജഡ്ജിമാരും കോടതി ചേമ്പറില്‍ ആണ് തിരുത്തല്‍ ഹര്‍ജി കേള്‍ക്കുക. എന്നാല്‍ ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണം എന്ന് ആവശ്യപ്പെട്ട് പ്രത്യേക അപേക്ഷയും ഹര്‍ജിക്കാര്‍ നല്‍കിയിട്ടുണ്ട്.

ഈ അഞ്ച് അംഗ ബെഞ്ചാണ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമോ എന്നതില്‍ അന്തിമ തീരുമാനം എടുക്കുക. ഈ മാസം 20നകം ഹര്‍ജി പരിഗണിപ്പിക്കാന്‍ ആണ് അഭിഭാഷകരുടെ ശ്രമം. ഫ്‌ലാറ്റ് പൊളിക്കലിന് എതിരെ റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കാന്‍ സാധ്യതയില്ല. അത് കൊണ്ട് ഇനിയും തിരുത്തല്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്യാനാണ് ഫ്‌ലാറ്റ് ഉടമകളുടെയും കെട്ടിട നിര്‍മാതാക്കളുടെയും തീരുമാനം.