സര്‍ക്കാരിന് സാമ്പത്തിക പ്രയാസങ്ങളുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. അതൊന്നും നാട്ടിലെ പാവങ്ങള്‍ക്കുള്ള സഹായങ്ങള്‍ തടസ്സപ്പെടാന്‍ ഇടയാക്കരുത് എന്ന നിര്‍ബന്ധവുമുണ്ട്. അത് ഇടതുപക്ഷ മുന്നണി നാട്ടിലെ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനമാണ്. ആ വാക്ക് പാലിക്കാന്‍ കഠിനമായിത്തന്നെ പരിശ്രമിക്കുകയാണ് സര്‍ക്കാര്‍. ഏറ്റവും പ്രധാനം സാമൂഹ്യസുരക്ഷ, ക്ഷേമ പെന്‍ഷനുകളുടെ വിതരണമാണ്. മൂന്നുമാസത്തെ പെന്‍ഷന്‍ തുകയാണ് നല്‍കിയത്.

പെൻഷൻ വിതരണം എല്ലാവർക്കും അറിയുന്നതുപോലെ മൂന്ന് തരത്തിലാണ് നടക്കുന്നത്. ബാങ്ക് അക്കൗണ്ടുകളിൽ പെൻഷൻ ആവശ്യപ്പെട്ടവർക്ക് ഡയറക്ട് ബെനിഫിഷ്യറി ട്രാൻസഫറായിട്ടാണ് പെൻഷൻ നൽകുന്നത്. വീടുകളിൽ എത്തിക്കണമെന്ന് ആവശ്യപ്പെടുന്നവർക്ക് പെൻഷൻ നേരിട്ട് എത്തിക്കുമെന്നത് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. പോസ്റ്റോഫീസും മറ്റും വഴിയുള്ള സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം സമ്പൂർണമായും താളംതെറ്റിയ ഘട്ടത്തിലാണല്ലോ ഇടതുമുന്നണി സർക്കാർ ചുമതലയേറ്റത്. പല വഴികളും ആലോചിച്ചു. ഒടുവിൽ കണ്ടെത്തിയതാണ് പ്രാഥമിക സഹകരണ സംഘങ്ങൾവഴിയുള്ള പെൻഷൻവിതരണ സമ്പ്രദായം.

ഏറ്റവും ഫലപ്രദമായി പെൻഷൻ വിതരണം ചെയ്യാൻ സാധിക്കുന്നത് ഈ ശൃംഖലയുടെ കാര്യക്ഷമതമൂലമാണ്. നമ്മുടെ നാട്ടിൽ സഹകരണപ്രസ്ഥാനം എത്രമേൽ ആഴത്തിൽ വേരോടിയിട്ടുണ്ട് എന്നതുകൂടി തെളിയിച്ചതായിരുന്നു കഴിഞ്ഞ പ്രളയകാലത്തെ പെൻഷൻ വിതരണം. ക്യാമ്പുകളിൽ കഴിയുന്നവർക്ക് തിരിച്ചറിയൽ നടത്തി ഒരു പരാതിക്കും ഇടനൽകാതെ വിതരണം പൂർത്തിയാക്കി. ഇങ്ങനെ ഈ സർക്കാർ ആവിഷ്കരിച്ച നേരിട്ട് വീടുകളിൽ എത്തിക്കുന്ന സമ്പ്രദായമാണ് മറ്റൊരു രീതി. സാമൂഹ്യക്ഷേമ ബോർഡുകൾ തങ്ങളുടെ അംഗങ്ങൾക്ക് നൽകുന്ന പെൻഷനാണ് മറ്റൊന്ന്. ഇത് ബാങ്ക് വഴിയുമുണ്ട്. നേരിട്ട് നൽകുന്നവയുമുണ്ട്. ഇവയ്ക്കും നല്ലൊരു പങ്ക് സർക്കാർ പെൻഷൻ ചെലവ് നൽകുകയാണ് ചെയ്യുന്നത്.

വലിയ തുകയാണ് ഈ ശൃംഖല കൈകാര്യം ചെയ്യുന്നത്. ഗണ്യമായ ഒരു പരാതിയും ഇന്നേവരെ ഉണ്ടായില്ല. പണം ദുരുപയോഗം ചെയ്തതിന്റെയോ മറ്റോ പരാതികൾ ഉണ്ടായില്ലായെന്നത് അഭിമാനകരമാണ്.

ബാങ്കുകൾവഴി ഇത്തവണ 23,50,838 പേർക്കാണ് പെൻഷൻ അയച്ചിട്ടുള്ളത്. ഇതിന് ആവശ്യമായ 825,27,31,800 രൂപ ആഗസ്ത് 30ന് ബാങ്കിന് കൈമാറി. തുടർന്ന് പെൻഷൻ 31 മുതൽ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ എത്തി. പ്രാഥമിക സഹകരണസംഘങ്ങൾവഴി 21,18,895 പേർക്കാണ് പെൻഷൻ നൽകുന്നത്. ഇതിനുവേണ്ടത് 753,76,55,600 രൂപയാണ്. ഇത് ആഗസ്ത് 27ന് തന്നെ കൈമാറി. ചുമതലയുള്ള സഹകരണ സംഘം ജില്ലാ ജോയിന്റ് രജിസ്ട്രാർക്കാണ് സർക്കാർ പണം കൈമാറിയത്. ഓരോ തദ്ദേശഭരണ പ്രദേശത്തും ഏതേത് സംഘമാണ് പെൻഷൻവിതരണം നടത്തേണ്ടത് എന്ന് ചിട്ടപ്പെടുത്തി ഉത്തരവുണ്ട്. ഇതിനോടകം കുറ്റമറ്റതെന്ന് തെളിയിക്കപ്പെടുന്ന നിശ്ചിത സംവിധാനത്തിലൂടെ ഈ ജോയിന്റ് രജിസ്ട്രാർമാരാണ് സംഘങ്ങൾക്ക് പണം കൈമാറുന്നത്. ബാങ്കിലെ ജീവനക്കാർ അവരുടെ അധിക ജോലിയായി പെൻഷൻ വീടുകളിൽ എത്തിച്ചു. വിതരണത്തിന്റെ കണക്കും സെറ്റിൽമെന്റുമെല്ലാം നടത്താൻ നിശ്ചിത സോഫ്റ്റ്വെയറും ക്രമീകരിച്ചിരുന്നു. തദ്ദേശഭരണവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പെൻഷൻ സെല്ലും ഐകെഎമ്മിന്റെ കംപ്യൂട്ടർ സെല്ലും അതത് ദിവസംതന്നെ ഇവ ക്രോഡീകരിച്ച് ധനവകുപ്പിന് നൽകുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ധനവിന്യാസവും മറ്റും കൈകാര്യം ചെയ്യുന്ന ധനവകുപ്പിലെ എസ്എഫ്സി ഡിപ്പാർട്മെന്റിനാണ് ഈ പ്രവർത്തനങ്ങളുടെ ഏകോപനച്ചുമതല.

വലിയ തുകയാണ് ഈ ശൃംഖല കൈകാര്യം ചെയ്യുന്നത്. ഗണ്യമായ ഒരു പരാതിയും ഇന്നേവരെ ഉണ്ടായില്ല. പണം ദുരുപയോഗം ചെയ്തതിന്റെയോ മറ്റോ പരാതികൾ ഉണ്ടായില്ലായെന്നത് അഭിമാനകരമാണ്. ആകെ 44,69,733 പേർക്കാണ് സാമൂഹ്യസുരക്ഷാ പെൻഷനുകൾ ഇത്തവണ നൽകിയത്. 1579,03,87,400 രൂപ ഇതിനോടകം സർക്കാർ നൽകിക്കഴിഞ്ഞു.

ഇനിയുള്ളത് ക്ഷേമബോർഡുകൾക്കുള്ള പെൻഷൻ സഹായമാണ്. 226 കോടി രൂപയാണ് ഇതിനുവേണ്ടത്. അതും ആഗസ്ത് 31ന് കൈമാറി. കൂടുതൽ പേർക്ക് പെൻഷൻ നൽകുന്ന കയർ, മത്സ്യം തുടങ്ങിയ പ്രധാന ക്ഷേമബോർഡുകളെല്ലാം ബഹുഭൂരിപക്ഷം പേർക്കും ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നൽകുകയാണ് ചെയ്തത്. ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം ഏതാണ്ട് 10 ലക്ഷത്തിനടുത്താണ്. ഓണത്തിനു മുന്നോടിയായി ഈ വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും പെൻഷൻ കൈകളിലെത്തി.

ഇതര വിഭാഗങ്ങൾക്ക് സർക്കാർ ഓണക്കാലത്ത് നൽകുന്ന ആനുകൂല്യങ്ങളുടെ വിതരണവും നടന്നു. കൂട്ടത്തിൽ പറയട്ടെ, സർക്കാർ ജീവനക്കാർക്ക് ശമ്പളം, പെൻഷൻ, ഫെസ്റ്റിവൽ അലവൻസ്, ബോണസ്, ഓണം അഡ്വാൻസ് എന്നിവയെല്ലാം നിശ്ചയിച്ച പ്രകാരംതന്നെ അവരുടെ അക്കൗണ്ടുകളിലെത്തി. മാന്ദ്യകാലമെന്നു പറഞ്ഞ് മലയാളിക്ക് മാവേലിയെ വരവേൽക്കാതിരിക്കാനാകില്ലല്ലോ.