പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കിടെ ജോസഫ് പക്ഷം നേതാക്കളുടെ യോഗം വ്യാഴാഴ്ച ചേരും. നിയോജക മണ്ഡലം പ്രസിഡണ്ടുമാരുടെ യോഗത്തില്‍ പ്രചാരണത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.

ജോസഫിനെ പാലായിലെത്തിക്കാനുള്ള യുഡിഎഫ് നേതാക്കളുടെ ശ്രമങ്ങള്‍ തുടരകയാണ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വെച്ച് കൂക്കി വിളിച്ചതും അസഭ്യം പറഞ്ഞതിനും പുറമെ പ്രതിച്ഛായയില്‍ അധിക്ഷേപിച്ച് ലേഖനമെഴതുകയും ചെയ്തതില്‍ ജോസഫ് കടുത്ത അമര്‍ഷത്തിലാണ്.

അനുനയ ചര്‍ച്ച കഴിഞ്ഞെങ്കിലും പാലയില്‍ യുഡിഎഫ് നേതാക്കള്‍ക്കൊപ്പം പ്രചാരണത്തിനിറങ്ങുമെന്ന് ജോസഫ് പറഞ്ഞിട്ടില്ല. അത് യുഡിഎഫിന് തലവേദന സൃഷ്ടിക്കുന്നു. വ്യാഴാഴ്ച ചേരുന്ന യോഗത്തില്‍ ജോസഫ് പക്ഷം നിലപാട് വ്യക്തമാക്കും.