മലബാർ സിമെന്റ്സിലെ ഫ്ലൈ ആഷ് ഇറക്കുമതികേസിൽ മുൻ മാനേജിങ് ഡയറക്ടർ എൻ ആർ സുബ്രമണ്യം വിചാരണ നേരിടണം എന്ന് സുപ്രീം കോടതി.

കേസ് റദ്ദാക്കണം എന്ന സുബ്രഹ്മണ്യത്തിന്റെ ആവശ്യം കോടതി തള്ളി. 2007-08 കാലഘട്ടത്തിൽ മലബാർ സിമന്റ്‌സിലേക്ക് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഫ്ലൈ ആഷ് ഇറക്കുമതി ചെയ്തതിൽ 50 ലക്ഷത്തോളം രൂപയുടെ അഴിമതി നടന്നു എന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ.

എഫ് ഐ ആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യം ഹൈക്കോടതിയെ സമീപിച്ചു എങ്കിലും കേസിൽ വിചാരണ നേരിടാനായിരുന്നു ഡിവിഷൻ ബഞ്ച് ഉത്തരവ്. ഈ ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹർജിയാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

സുബ്രഹ്മണ്യത്തിന് എതിരായ വിജിലൻസ് അന്വേഷണം 2016ൽ പൂർത്തിയതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.