ഇത്തവണയും സിനിമാ ലൊക്കേഷനില്‍ ഓണം ആഘോഷിച്ച് മലയാളത്തിന്‍റെ സൂപ്പര്‍ താരം മമ്മൂട്ടി. മാമാങ്കത്തിന് ശേഷം ചിത്രീകരണം ആരംഭിച്ച ഷൈലോക്ക് സിനിമയുടെ ആലുവയിലെ ഷൂട്ടിംഗ് സെറ്റില്‍വച്ചായിരുന്നു അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം മമ്മൂട്ടി ഓണസദ്യ ക‍ഴിച്ചത്.

തിരുവോണ ദിവസവും ഷൂട്ടിംഗ് തിരക്കിലാണെങ്കിലും മമ്മൂക്ക ഓണാഘോഷങ്ങള്‍ മാറ്റിവയ്ക്കാറില്ല. ഇത്തവണ പൊന്നോണദിവസം ഷൈലോക്ക് സിനിമയുടെ ചിത്രീകരണത്തിനായി ആലുവ ചൂണ്ടിയില്‍ കോമ്പാറയിലെ സെറ്റിലായിരുന്നു മലയാളത്തിന്‍റെ മഹാനടന്‍. ഷൂട്ടിംഗ് സെറ്റില്‍ ഒരുക്കിയ തിരുവോണ സദ്യ അണിയറപ്രവര്‍ത്തകര്‍ക്ക് മമ്മൂക്ക തന്നെ വിളമ്പി. നടന്മാരായ ബൈജുവും ഹരീഷ് കണാരനും സംവിധായകന്‍ അജയ് വാസുദേവനും അടക്കം ഒരുമിച്ചിരുന്ന് ഓണസദ്യയുണ്ടു.

മാമാങ്കത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കി ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഷൈലോക് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കൊച്ചിയിലും കോയമ്പത്തൂരിലുമാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഗുഡ് വില്‍ എന്‍റര്‍ടെയ്മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജാണ് നിര്‍മ്മാണം. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമ ഒരു മാസ് ആക്ഷന്‍ ഫാമിലി ചിത്രമാണ്. ചിത്രം ക്രിസ്മസിന് തിയേറ്ററുക‍ളിലെത്തും.