വിദേശങ്ങളില്‍നിന്നുള്ള ഉംറ വിസ സ്റ്റാമ്പിങ് ഫീസ് സൗദി സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചു. 50 റിയാലില്‍നിന്ന് 300 റിയാലായാണ് കൂട്ടിയത്. വര്‍ധിപ്പിച്ച നിരക്ക് പ്രാബല്യത്തില്‍ വന്നു. ഇന്ത്യയില്‍നിന്ന് ഉംറയ്ക്കെത്തുന്നവര്‍ക്ക് അധിക ബാധ്യതയുണ്ടാക്കുന്നതാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഇതുവരെ ഉംറ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പാസ്‌പോര്‍ട്ടിലെ സ്റ്റിക്കറിന് 50 റിയാലായിരുന്നു ഫീസ്.

വര്‍ധിപ്പിച്ച ഫീസിനൊപ്പം ബാബുല്‍ ഉംറ, ഉംറ കമ്പനികള്‍ എന്നിവയുടെ സേവനചാര്‍ജുകൂടിയാകുമ്പോള്‍ 500 റിയാലാകും.ഈ വര്‍ഷംമുതല്‍ ഉംറ സേവനം പൂര്‍ണമായും ഓണ്‍ലൈന്‍ ആകുന്നതിനാല്‍ സൗദിയിലെ താമസ, യാത്രച്ചെലവുകള്‍ ഉംറ കമ്പനികള്‍ ഓണ്‍ലൈന്‍വഴി അടയ്ക്കണമെന്നാണ് നിര്‍ദേശം. ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളാണ് താമസത്തിന് തെരഞ്ഞെടുക്കേണ്ടത്. ഇതും ചെലവ് വര്‍ധിപ്പിക്കും.

പുതിയ സാഹചര്യത്തില്‍ വിമാന ടിക്കറ്റ് അടക്കം എഴുപതിനായിരത്തോളം രൂപ ചെലവുവരും. റമദാന്‍ സീസണില്‍ ഇത് ഒരു ലക്ഷത്തിലധികമാകും. അതേസമയം, ആവര്‍ത്തിച്ച് ഉംറ നിര്‍വഹിക്കാനെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ 2000 റിയാല്‍ അധിക ഫീസ് മന്ത്രാലയം പിന്‍വലിച്ചു.