ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇടിച്ച കാറിന്റെ പരിശോധന പൂര്‍ത്തിയാക്കി ഫോക്സ് വാഗണ്‍ കമ്പനി ഈയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. നേരത്തെ ഫോക്സ്വാഗണ്‍ സംഘം വാഹനത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് മടങ്ങിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് വൈകിയതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഫോക്സ് വാഗണ്‍ കമ്പനിക്ക് പ്രത്യേക അന്വേഷണ സംഘം കത്തയച്ചിരുന്നു. തുടര്‍ന്ന് നടപടികള്‍ വേഗത്തിലാക്കാമെന്ന ഉറപ്പും കമ്പനി നല്‍കിയിരുന്നു.

എന്നാല്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ വീണ്ടും കാലതാമസം നേരിട്ട സാഹചര്യത്തിലാണ് കഴിഞ്ഞദിവസം പ്രത്യേക അന്വേഷണ സംഘം വീണ്ടും ബന്ധപ്പെട്ടത്. തുടര്‍ന്നാണ് റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം നേരിട്ടെത്തി സമര്‍പ്പിക്കുമെന്ന കാര്യം കമ്പനി അധികൃതര്‍ വ്യക്തമാക്കിയത്.

പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം മ്യൂസിയം പൊലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന കാര്‍ കമ്പനിയുടെ പൂനെയില്‍ നിന്നുള്ള വിദഗ്ധസംഘം എത്തിയാണ് ഡിജിറ്റല്‍ ഡേറ്റ ശേഖരിച്ചത്. ഇടിയുടെ ആഘാതം, എത്ര വേഗതയിലാണ് വാഹനം അപകടത്തില്‍ പെട്ടത്, ബ്രേക്ക് പ്രയോഗിച്ചതിന്റെ രീതി, ഹാന്‍ഡ് ബ്രേക്ക് ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളാണ് വിദഗ്ധ സംഘം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

കോടതിയുടെ അനുമതിയോടെ പൂനെയില്‍ നിന്നും എത്തിയ സംഘം തിരുവനന്തപുരത്തുള്ള ഫോക്സ് വാഗണിന്റെ ഷോറൂമിലെത്തിച്ചാണ് ക്രാഷ് ഡേറ്റാ റെക്കോര്‍ഡറില്‍ നിന്നുളള വിവരശേഖരണം നടത്തിയത്. എന്നാല്‍ സംഘം പൂനെയിലെത്തിയ ശേഷം ഇത് ഒരു പ്രത്യേക കേസായി പരിഗണിച്ച് തങ്ങള്‍ ശേഖരിച്ചിരുന്ന വിവരങ്ങള്‍ കൂടുതല്‍ വിശകലനത്തിനായി ജര്‍മനിയിലെ ഫോക്സ് വാഗണ്‍ കമ്പനിയുടെ ലാബിലേക്ക് അയച്ചിരുന്നു.

ഈ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കമ്പനി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. സംസ്ഥാനത്ത് ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു അപകടത്തെത്തുടര്‍ന്ന് ഫോക്സ് വാഗണ്‍ പ്രതിനിധികള്‍ ഇത്രവിശദമായി വാഹനത്തിന്റെ ഡിജിറ്റല്‍ ഡേറ്റ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.