പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഞ്ചിറമഠം പുഷ്പാഞ്ജലി സ്വാമിയാരുടെ നിരാഹാര സമരം തുടരുന്നു. സ്വാമിയാര്‍ക്കെതിരെയും സ്വാമിയെ സഹായിക്കാന്‍ വരുന്നവരെയും നിരന്തരം സേവാഭാരതി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായി പുഷ്പാഞ്ജലി സ്വാമി പറഞ്ഞു. മഠത്തിനുള്ളില്‍ അനുഷ്ഠിക്കേണ്ട ചാതുര്‍മാസ വൃതം മുടങ്ങിയതിലും മുഞ്ചിറ മഠം സേവാഭാരതിക്കാര്‍ കൈയ്യേറിയതിലും പ്രതിഷേധിച്ചാണ് നിരാഹാരം.

ഈ മാസം എട്ട് മുതലാണ് സേവാഭാരതി കൈയ്യേറി സ്ഥാപിച്ച ബാലസദനത്തിനു മുന്നില്‍ മുഞ്ചിറമഠത്തിലെ മൂപ്പില്‍ സ്വാമി കൂടിയായ പരമേശ്വര ബ്രഹ്മാനന്ദ തീര്‍ഥ നിരാഹാരം ആരംഭിച്ചത്. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഞ്ചിറമഠം പുഷ്പാഞ്ജലി സ്വാമിയാര്‍ക്ക് ചാതുര്‍മാസ പൂജ നടത്തേണ്ട സ്ഥലം വിട്ടുനല്‍കണം എന്നതാണ് ആവശ്യം. എന്നാല്‍ സമരത്തിന്റെ ഓരോ ദിനത്തിലും സേവാഭാരതി പ്രവര്‍ത്തകരുടെ ഭീഷണി വര്‍ദ്ധിച്ച് വരുന്നതായി സ്വാമിയാര്‍ പറഞ്ഞു.

സമരം ബാലസദനത്തിന്റെ മുന്നില്‍ നിന്നും മാറ്റണം എന്നതാണ് അവരുടെ ആവശ്യം. പൊലീസ് ഇല്ലായിരുന്നുവെങ്കില്‍ തന്റെ ചാതുര്‍മാസ വൃതം പോലും മുടങ്ങിയേനേ. തനിക്ക് സഹായിയായി വരുന്നവരെ പോലും ഭീഷണിപ്പെടുത്തി ഓടിക്കുകയാണ്.

സ്വാമിയുടെ സുരക്ഷയ്ക്കായി രണ്ടു പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ബ്രാഹ്മണ സഭ ഭക്തജന സഭ യോഗക്ഷേമ സഭാ പ്രതിനിധികള്‍ സമവായ ചര്‍ച്ച നടത്താനായി എത്തിയപ്പോഴും പ്രതിഷേധാത്മക നിലപാടായിരുന്നു ബാലസദനത്തിന്റെ ചുമതലക്കാരയ സേവാഭാരതി പ്രവര്‍ത്തകര്‍ കൈകൊണ്ടത്. ഈ മാസം 14ാം തീയതിയാണ് പുഷ്പാഞ്ചലി സ്വാമിയാരുടെ ചാതുര്‍മാസ വ്യതം അവസാനിക്കുന്നത്. അത് വരെ തനിക്ക് ഇവിടെ നിന്നും മാറാന്‍ സാധിക്കില്ല എന്ന നിലപാട് പുഷ്പാഞ്ചലി സ്വാമിയാര്‍ വ്യക്തമാക്കി.