പതിനാറു മാസമായി ജോലിയോ ശമ്പളമോ ഇല്ലാതെ ദുരിതത്തില്‍ ആയിരുന്ന മൂന്ന് യുവാക്കളെ നാട്ടിലെത്തിക്കാന്‍ റിയാദ് കേളി കലാ സാംസ്‌കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം വഴിയൊരുക്കി.അക്കൌണ്ടന്റ്, അലൂമിനിയം,ഫാബ്രിക്കേറ്റര്‍, കുക്ക് എന്നീ ജോലികള്‍ക്കായാണ് ആലപ്പുഴ അരൂര്‍ സ്വദേശി രാഹുല്‍, കോഴിക്കോട് പൊറ്റമല്‍ സ്വദേശി ജാക്‌സണ്‍, മലപ്പുറം പാണ്ടിക്കാട് സ്വദേശി മുഹമ്മദ് ഷമീം എന്നിവര്‍ റിയാദിലെത്തിയത്.

എന്നാല്‍ സ്ഥാപനം നിലവിലില്ല എന്നും തുടങ്ങാന്‍ പോകുന്നതേയുള്ളൂ എന്നും, കൂടാതെ റിക്രൂട്ട് ചെയ്യപ്പെട്ട തൊഴിലിനുള്ള വിസയിലല്ല പകരം കൃഷിപ്പണിക്കുള്ള വിസയാണ് കിട്ടിയതെന്നും ഉള്ള വസ്തുതയാണ് റിയാദില്‍ എത്തിയപ്പോള്‍ അറിയുന്നത്.

സ്ഥാപനം തുടങ്ങുന്നതുവരെ മറ്റൊരു സ്ഥാപനത്തില്‍ താല്‍ക്കാലിക ജോലി ചെയ്യുന്നതിന് വേണ്ടി സ്‌പോണ്‍സര്‍ അവസരം ഒരുക്കിയെങ്കിലും ജോലിക്ക് കൊണ്ടുപോകാന്‍ സ്‌പോണ്‍സര്‍ വരാതായതിനാല്‍ രണ്ടാഴ്ച മാത്രമേ അവിടെ ജോലി ചെയ്യാന്‍ സാധിച്ചുള്ളൂ. പിന്നീട്, സ്‌പോണ്‍സര്‍ വല്ലപ്പോഴും വരുമ്പോള്‍ നല്‍കുന്ന തുച്ഛമായ തുക കൊണ്ട് പതിനാലു മാസം തള്ളി നീക്കി.തുടര്‍ന്ന് കേളി അസീസിയ ഏരിയ ജീവ കാരുണ്യ വിഭാഗം കണ്‍വീനര്‍ അലി പട്ടാമ്പിയുടെ നേതൃത്വത്തില്‍ എംബസ്സിയില്‍ നല്‍കിയ പരാതിയില്‍ അനേഷിച്ചപ്പോഴാണ് യഥാര്‍ത്ഥ സ്‌പോണ്‍സര്‍ അല്‍ഖസീമില്‍ ആണെന്ന് മനസ്സിലായത്.

സ്‌പോണ്‍സറുമായി എംബസ്സി അധികൃതര്‍ ബന്ധപ്പെട്ടപ്പോള്‍ തൊഴിലാളികളെ തനിക്കറിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് എംബസ്സിയുടെ നിര്‍ദ്ദേശപ്രകാരം കേളി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ കിഷോര്‍, ചെയര്‍മാന്‍ സുരേഷ് ചന്ദ്രന്‍, അലി പട്ടാമ്പി എന്നിവര്‍ നിരന്തരം സ്‌പോണ്‍സറുമായി ബന്ധപ്പെട്ടതിന്റെ ഫലമായി ഫൈനല്‍ എക്‌സിറ്റ് മാത്രം അടിച്ചു നല്‍കാന്‍ അദ്ദേഹം തയ്യാറായി.പക്ഷെ തൊഴില്‍ നല്‍കാമെന്നേറ്റ റിയാദിലെ സ്‌പോണ്‍സറുടെ കൈയിലുണ്ടായിരുന്ന പാസ്‌പോര്‍ട്ടുകള്‍, വിമാന ടിക്കറ്റിനുള്ള പണവും ലഭിക്കാന്‍ ഒരു മാസത്തോളം വീണ്ടും താമസം നേരിട്ടു.ഒടുവില്‍ പതിനാറു മാസത്തെ ദുരിത പ്രവാസത്തിന് വിരാമമിട്ട് മൂന്നു യുവാക്കളും നാടണഞ്ഞു.