കോട്ടയം: മരട് ഫ്‌ളാറ്റ് സംബന്ധിച്ച സുപ്രീംകോടതി വിധി കണ്ണില്‍ ചോരയില്ലാത്തതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കോടതി ഉത്തരവ് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. മാനുഷികമായി നിലപാടാണ് ആ വിഷയത്തില്‍ സ്വീകരിക്കേണ്ടത്.

ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ തെറ്റ് ചെയ്തവരല്ല. തെറ്റ് ചെയ്തവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കേണ്ടത്. നിയമം ലംഘിച്ചവര്‍ ഫ്‌ളാറ്റ് നിര്‍മാതാക്കളാണ്. അവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.

കോടതി വിധി നടപ്പാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് ബാധ്യത വരും. ഇക്കാര്യത്തില്‍ അനുകമ്പയോടെയുള്ള ഇടപെടല്‍ വേണം. ഫ്‌ളാറ്റ് ഉടമകള്‍ക്ക് തണല്‍ നല്‍കുന്ന ഇടപെടല്‍ സിപിഐഎമ്മിന്റെ ഭാഗത്തു നിന്നുണ്ടാകും. പൊളിക്കാന്‍ നിര്‍ബന്ധിതമായാല്‍ പുനരധിവാസമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുന്‍കൂട്ടി ധാരണയുണ്ടാക്കണം.

സുപ്രീംകോടതി പൊതുനില പരിശോധിക്കാന്‍ തയ്യാറാകുന്നില്ല. സുപ്രീംകോടതി വിധിയില്‍ ഇടപെടുന്നതിന് പരിമിതിയുണ്ട്. മുമ്പ് മിച്ചഭൂമി ആണെന്നറിയാതെ വിലകൊടുത്ത് വാങ്ങിവരെ അവിടെനിന്നും ഒഴിപ്പിക്കണമെന്ന ഉത്തരവുണ്ടായിരുന്നു.

മാനുഷിക പരിഗണനയുടെ പേരില്‍ എല്‍ഡിഎഫും യുഡിഎഫും ഭരിക്കുമ്പോള്‍ അതിനെതിരെ ഓര്‍ഡിനന്‍സുകള്‍ ഇറക്കി സംരക്ഷിച്ചിരുന്നു. പക്ഷെ അതൊന്നും സുപ്രീംകോടതി വിധി ആയിരുന്നില്ലയെന്നും കോടിയേരി പറഞ്ഞു.