പാലാ ഉപതെരഞ്ഞെടുപ്പ്: യോജിച്ച സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പോലും യുഡിഎഫിന് കഴിഞ്ഞിട്ടില്ലെന്ന് കോടിയേരി

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യോജിച്ച സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പോലും യുഡിഎഫിന് കഴിഞ്ഞിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മൂന്ന് കേരള കോണ്‍ഗ്രസുകാര്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുകയാണ് പാലായില്‍. കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ രാഷ്ട്രീയമായി നേട്ടമുണ്ടാക്കാമെന്ന ചിന്ത എല്‍ഡിഎഫിനില്ല. തര്‍ക്കമുണ്ടായി മുന്നണി വിട്ടാല്‍ പിറ്റേന്ന് കയറി വരാനുള്ള സ്ഥലമല്ല ഇടതുപക്ഷ മുന്നണി. എല്‍ഡിഎഫ് ശക്തമായ പ്രചാരണവുമായി മുന്നോട്ടു പോകുകയാണെന്നും കോടിയേരി പറഞ്ഞു.

മോട്ടോര്‍ വാഹന നിയമ ഭേദഗതി: എതിര്‍ത്തത് ഇടതുപക്ഷവും ഡിഎംകെയും മാത്രം

മോട്ടോര്‍ വാഹന നിയമ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയപ്പോള്‍ എതിര്‍ത്തത് ഇടതുപക്ഷവും ഡിഎംകെയും മാത്രമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ബില്ലിനെ അനുകൂലിച്ചിട്ട് നടപ്പാക്കുമ്പോള്‍ കേരളത്തില്‍ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നിലപാട് ഇരട്ടത്താപ്പാണ് കാണിച്ചത്. ഇതേ ഇരട്ടത്താപ്പാണ് മരട് ഫ്‌ളാറ്റ് വിഷയത്തിലും കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

പിഎസ്സിയില്‍ മലയാളം: ഘട്ടം ഘട്ടമായി നടപ്പാക്കുന്ന കാര്യം ആലോചിക്കണം

പിഎസ്സി ചോദ്യപേപ്പറില്‍ മലയാളം ഉള്‍പ്പെടുത്തുന്നത് ഘട്ടം ഘട്ടമായി നടപ്പാക്കുന്ന കാര്യം ആലോചിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ആവശ്യം പൂര്‍ണമായി നിരാകരിക്കേണ്ട ഒന്നല്ല. പ്രായോഗിക ബുദ്ധിമുട്ട് പരിഹരിച്ച് ഘട്ടം ഘട്ടമായി നടപ്പാക്കണം. സര്‍ക്കാര്‍ പിഎസ്‌സിയുമായി ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

ജോസഫിന്റെ ആത്മഹത്യ: ഉത്തരവാദിത്വം കോണ്‍ഗ്രസിന്

കണ്ണൂര്‍ ചെറുപുഴയിലെ കരാറുകാരന്‍ ജോസഫിന്റെ ആത്മഹത്യക്ക് പിന്നില്‍ കോടിക്കണക്കിന് രൂപയുടെ കുംഭകോണമാണ് നടന്നിട്ടുള്ളത്. കളവു മുതല്‍ പിടിക്കപ്പെട്ടപ്പോള്‍ തിരിച്ചു കൊടുത്ത് തടി തപ്പാനുള്ള ശ്രമമാണ് ആ കുടുംത്തിന്റെ ബാധ്യത ഏറ്റെടുക്കുമെന്ന മുല്ലപ്പള്ളിയുടെ വാക്കുകള്‍. മരണത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനാണെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here