മലയോര പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നു; നിരവധി വീടുകളില്‍ വെള്ളം കയറി; മുപ്പതോളം വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു

മലയോര പ്രദേശങ്ങളില്‍ വീണ്ടും ശക്തമായ മഴ തുടരുന്നു. വഴിക്കടവില്‍ കാരക്കോടന്‍ പുഴ കരകവിഞ്ഞ് നിരവധി വീടുകളില്‍ വെള്ളം കയറി.പുന്നക്കല്‍ അംഗനവാടിയിലും മുസ്ലിം പള്ളിയിലും വെള്ളം കയറി.

ഗൂഡല്ലൂര്‍ നാടുകാണിയിലും, വഴിക്കടവ് തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലും ബുധനാഴ്ച പകലും രാത്രിയുമായി ഇടമുറിയാതെ പെയ്ത മഴയാണ് വെള്ളപൊക്കത്തിന് കാരണമായത്

തമിഴ്‌നാടിന്റെ വനാന്തരങ്ങളിലുണ്ടായ ഉരുള്‍പൊട്ടലാണ് പൊടുന്നനെയുള്ള വെള്ളപൊക്കത്തിന് കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുഴ വഴിമാറി ജനവാസ മേഖലകളില്‍ വന്‍ നാശം വിതച്ചു.

മലവെള്ളം കുതിച്ചൊഴുകിത്തെിയതിനെ തുടര്‍ന്ന് പലരും വീടുവിട്ടിറങ്ങി രക്ഷപെടുകയായിരുന്നു. ഇതിനിടയില്‍ വീട്ടിലെ ഫര്‍ണിച്ചറുകള്‍ ഗൃഹോപകരണങ്ങള്‍ അടക്കമുള്ള സാധന സാമഗ്രികള്‍ പലര്‍ക്കും മാറ്റാനായില്ല.

പുന്നക്കലില്‍ മുപ്പതോളം വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു. വെള്ളം കയറിയെങ്കിലും ആര്‍ക്കും ആളപായമില്ല. വ്യാഴാഴ്ച പുലര്‍ച്ചയോടെ പുഴയുടെ ഇരമ്പക്കം കേട്ട് ഞെട്ടിയുണര്‍ന്ന നാട്ടുകാര്‍ സമയോചിതമായി ഇടപെട്ടതാണ് വന്‍ ദുരന്തം വഴി മാറാന്‍ കാരണമായത്.

വെള്ളക്കട്ട, പുന്നക്കല്‍, വഴിക്കടവ് ടൗണ്‍, നെല്ലിക്കുത്ത്, മണിമൂളി, പാലാട്, മുണ്ട പ്രദേശങ്ങളിലെ പുഴയോരത്തുള്ള നൂറോളം വീടുകളില്‍ വെള്ളം കയറി. കാരക്കോടന്‍ പുഴക്ക് കുറുകെയുള്ള വരക്കുളം, മുണ്ട ആരോഗ്യകേന്ദ്രം റോഡുപാലം എന്നിവ വെള്ളത്തിനടിയിലായി.

താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് കുടുംബങ്ങളെ മാറ്റിയതിനാല്‍ ആളപായം ഒഴിവായി. കാരക്കോടന്‍ പുഴയിലെ ജലവിതാനം ഉയര്‍ന്നതോടെ പുന്നപുഴയിലും വെള്ളം ഉയര്‍ന്നു. ഇത് ജനങ്ങള ആശങ്കയിലാക്കിയിരുന്നു. വൈകുന്നേരമായതോടെ പുഴയിലെ ജലവിതാനം കുറഞ്ഞിട്ടുണ്ട്. പോലീസും അഗ്‌നിശമന സേന ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നു.

ചാലിയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here