മലയാള സിനിമയിലെ ആദ്യ നായികാനടിയായ പി കെ റോസിയുടെ പേരിലാണ് വിമൻ ഇൻ സിനിമാ കളക്ടീവ് (WCC)ന്റെ പുതിയ ഫിലിം സൊസൈറ്റി ആരംഭിക്കുന്നത്. മലയാള സിനിമയുടെ ആൺ ചരിതത്തിനുള്ള തിരുത്താണ് ഈ മുന്നേറ്റം. പി കെ റോസിയുടെ ഓർമ്മയെ വീണ്ടെടുത്ത ചലച്ചിത്ര മാധ്യമ പ്രവർത്തനത്തിന്റെ ചരിത്രം ഓർത്തെടുക്കുകയാണ് വിമർശകനും സംവിധായകനുമായ പ്രേംചന്ദ്:

“പി.കെ. റോസിയുടെ പേരിൽ മലയാള സിനിമയിലെ പെൺകൂട്ടായ്മ ഒരു ഫിലീം സൊസൈറ്റിക്ക് തുടക്കമിടുന്നത് ഒരു വലിയ തിരുത്താണ്. എത്ര ആഴത്തിൽ അടക്കം ചെയ്താലും ചില ചരിത്രങ്ങൾ ഉയിർത്തെഴുന്നേറ്റ് വരിക തന്നെ ചെയ്യും എന്നതിന്റെ ഓർമ്മപ്പെടുത്തൽ . 90 വർഷം നീണ്ട ഇനിയും പൂർത്തികരിക്കാനേറെയുള്ള ഈ പോരാട്ടത്തിൽ രണ്ട് പേരുകൾ ഓർമ്മിക്കപ്പെടേണ്ടതായുണ്ട് : ചലച്ചിത്ര ചരിത്രകാരനായ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെയും ദളിത് ചരിത്രകാരനായ കുന്നുകുഴി മണിയുടെയും .

2004 ൽ മലയാള സിനിമക്ക് 75 വയസ്സ് തികയുന്ന വേളയിൽ റോസി എന്ന ദുരന്ത നായികയെ മലയാള സിനിമ ഓർമ്മിക്കേണ്ടതുണ്ട് എന്ന് ഓർമ്മപ്പെടുത്തി ചിത്രഭൂമിയിലേക്ക് എഴുതിയ ഒരു കത്താണ് റോസിയുടെ ഓർമ്മകളുടെ തിരിച്ചുപിടുത്തത്തിന് തുടക്കമിട്ടത്. മലയാള സിനിമയിലെ സ്ത്രീ പങ്കാളിത്തത്തെ അടയാളപ്പെടുത്തിയ ചിത്രഭൂമിയുടെ ആദ്യത്തെ പ്രത്യേക സ്ത്രീ പതിപ്പിന് തന്നെ ആ കത്ത് ഒരു നിമിത്തമായി. ആർട്ടിസ്റ്റ് പ്രദീപ് വരച്ച റോസിയുടെ പെയിന്റിങ്ങ് കവർ ചിത്രമാക്കാനായിരുന്നു പ്ലാൻ.

എന്നാൽ അതിൽ അന്നത്തെ സർക്കുലേഷൻ/ പരസ്യ വിഭാഗങ്ങൾ ആശങ്ക രേഖപ്പെടുത്തിയപ്പോൾ പകരം വിവാഹത്തോടെ സിനിമയിൽ നിന്നും പൊതുജീവിതത്തിൽ നിന്നും അകന്നുപോയ മഞ്ജു വാര്യരെ കവർ ചിത്രമാക്കി അവതരിപ്പിച്ചു. ഡബ്ല്യു.സി.സി.യുടെ പിറവിയുടെ ഭാഗമായി പിന്നീട് മഞ്ജു . ചിത്രഭൂമിയിലെ ആയുസ്സിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്ന ലക്കമായി അത് മാറി.

അതിന് മുൻപോ അതിന് പിൻപോ അങ്ങിനെയൊരു പതിപ്പ് മലയാളത്തിലെ ഒരു മാസിക / ആഴ്ചപ്പതിപ്പ് പിന്നെ ഇറക്കിയിട്ടില്ല. അതിന്റെ മൗനങ്ങൾ ചരിത്രം സ്വയം നികത്തുന്നു. ഇപ്പോൾ ഡബ്ലു.സി.സി.യുടെ ഭാഗമായ നടി രേവതിയായിരുന്നു മാതൃഭൂമി ഓഫീസിലെത്തി ആദ്യ ലക്കം മാനേജിങ്ങ് എഡിറ്റർ പി.വി.ചന്ദ്രനിൽ നിന്നും ഏറ്റുവാങ്ങിയത്.

തുടർന്ന് ചേലങ്ങാടന്റെ കത്തിനോട് പ്രതികരിച്ച് കുന്നുകുഴി മണി ദുരന്ത നായികയുടെ ജീവിതത്തിലേക്ക് കൂടുതൽ വെളിച്ചം വീശി. രണ്ടിനെയും പിൻതുടർന്ന് അവയോടുള്ള പ്രതികരണമെന്ന നിലക്ക് ചിത്രഭൂമിയുടെ സ്ഥിരം വായനക്കാരനല്ലെങ്കിലും അതിൽ പ്രസിദ്ധീകരിക്കുവാൻ അയച്ചു തന്ന കവി കുരീപ്പുഴ ശ്രീകുമാർ നടിയുടെ രാത്രികൾ എന്ന കവിത വന്നു. അതിനെ തുടർന്ന് വീണ്ടും റോസി അപ്രത്യക്ഷയായ വഴികളിലൂടെ തന്നാലാവും വിധം വീണ്ടും യാത്ര ചെയ്ത് കുന്നുകുഴി മണി വീണ്ടും ചിത്രഭൂമിയിൽ വിശദമായി എഴുതി . റോസിയുടെ അദൃശ്യത എത്രമാത്രം വലിയ വിടവാണ് നമ്മുടെ ചലച്ചിത്ര ചരിത്രത്തിലും ഓർമ്മയിലും സൃഷ്ടിച്ചത് എന്നതിന്റെ തെളിവുകളായിരുന്നു ഈ ആവിഷ്ക്കാരങ്ങൾ.

അന്വേഷണങ്ങൾ അവിടെയും അവസാനിപ്പിച്ചില്ല. കുന്നുകുഴിക്ക് കേരളം വിട്ട് യാത്ര ചെയ്യാനുള്ള പരിമിതികൾ കൊണ്ട് തന്നെ അദ്ദേഹം തന്ന സൂചനകളിലൂടെ റോസിയുടെ പിന്നിട്ട വഴികളിലൂടെ ചിത്രഭൂമി ലേഖകൻ ജ്യോതിലാൽ ചെന്നൈ വഴി ഒരു ദീർഘ സഞ്ചാരം തന്നെ നടത്തി നിരവധി വിവരങ്ങളുമായി തിരിച്ചെത്തി.അതും ചിത്രഭൂമിയിൽ ചർച്ചാ വിഷയമായി.

റോസിയുടെ ചിത്രം തിരുവനന്തപുരത്ത് ഇല്ലാതായിപ്പോയ ഒരു സ്റ്റുഡിയോവിൽ താൻ കണ്ടിട്ടുണ്ടെന്ന് കുന്നുകുഴി മണിയുടെ സാക്ഷ്യത്തിന്റെ ചുവടുപിടിച്ചാണ് റോസിയുടെ ഒരു ചിത്രത്തിനായി അന്വേഷണം തുടർന്നത്. 2009 ൽ സജിത മഠത്തിൽ ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടറായിരിക്കുമ്പോൾ മലയാള സിനിമയിലെ സ്ത്രീ സാന്നിധ്യങ്ങളുടെ ചിത്ര മുദ്രകൾ അടയാളപ്പെടുത്തുമ്പോഴും അതിൽ റോസിയുടെ ചിത്രമായി ഉപയോഗിച്ചത് ചിത്രഭൂമിക്കായി ആർട്ടിസ്റ്റ് പ്രദീപ് വരച്ച ചിത്രമായിരുന്നു.

പിന്നെ ഈ അനുഭവങ്ങൾ 2008 ൽ വിനു എബ്രഹാമിന്റെ നഷ്ടനായിക എന്ന നോവലിനും 2013 ൽ കമലിന്റെ സെല്ലുലോയ്ഡ് എന്ന സിനിമക്കും അസംസ്കൃതവസ്തുവായി . ജെ.സി.ഡാനിയേലിന്റെതടക്കം ആദ്യകാല ചലച്ചിത്ര ചരിത്രം സ്വന്തം ചലച്ചിത്രാന്വേഷണങ്ങളാൽ രേഖപ്പെടുത്തിയ ചേലങ്ങാട് ഗോപാലകൃഷ്ണൻ 2010 ൽ കാലയവനികക്കുള്ളിലേക്ക് മറഞ്ഞതിൽ പിന്നീട് അദ്ദേഹത്തിന്റെ പുസ്തക ശേഖരത്തിനകത്താണ് റോസിയുടെതെന്നു് കരുതപ്പെടുന്ന ഛായാപടം അദ്ദേഹത്തിന്റെ മകൻ കണ്ടെത്തുന്നത്. മാതൃഭൂമിയുടെ ആലപ്പുഴ ലേഖകൻ ജോയ് വർഗ്ഗീസിനാണത് കൈമാറുന്നത്.

ഉടൻ അത് റോസിയുടെ ചിത്രം കണ്ടെത്തി എന്ന് പ്രസിദ്ധീകരിക്കാൻ ധൈര്യമില്ലായിരുന്നു. എന്നാൽ റോസിയുടെ ഫോട്ടോ തിരുവനന്തപുരത്ത് ഒരു സ്റ്റുഡിയോവിൽ കണ്ടിട്ടുണ്ട് എന്ന് ഉറപ്പിച്ചു പറഞ്ഞിരുന്ന കുന്നുകുഴി മണിയുടെ ഓർമ്മയായിരുന്നു ആകെയുള്ള ആശ്രയം. ആ ഓർമ്മ കൈമുതലായാണ് ഇന്ന് റോസിയുടെതെന്ന് ഉറപ്പിച്ച ചിത്രം മാതൃഭൂമി പത്രത്തിലും ചിത്രഭൂമിയിലും പിന്നെ ചരിത്രത്തിലും റോസിയുടെ പ്രതിച്ഛായയായി മാറിയത്. ഏതായാലും 2004 ൽ ആർട്ടിസ്റ്റ് പ്രദീപ് സ്വന്തം ഭാവനയിൽ വരച്ചതുമായി ഏറെ സാദൃശ്യമുണ്ട് കണ്ടെടുക്കപ്പെട്ട റോസിയുടെ ഛായാപടത്തിന് എന്നത് യാദൃശ്ചികമാവാം , ചിത്രകാരന്റെ ഭാവനയുടെ സ്പർശമാകാം.

ചിത്രഭൂമിയുടെ മൂന്നു പതിറ്റാണ്ടിൽ ഏകദേശം മൂന്നിലൊന്ന് കാലം അതിന്റെ ചുമതല വഹിച്ചപ്പോൾ ചെയ്തത് പാഴായില്ല എന്നതിൽ തിരിഞ്ഞു നോക്കുമ്പോൾ അഭിമാനം ഇല്ലാതില്ല . കുഴിച്ചെടുക്കപ്പെടാൻ ഇനിയും ഏറെ ബാക്കിയാണ്. ചരിത്രം അത്രമേൽ ആൺചരിതമായി അർദ്ധ ജീവിതം തുടരുന്നതും ആ ഇരുട്ടിന്റെ പിൻബലത്തിലാണ്. റോസി എന്തുകൊണ്ടും ഒരു തിരുത്താണ്. ചരിത്രത്തിനും ചിന്തക്കും. ഡബ്ല്യു .സി .സി .ക്ക് ഒരഭിവാദ്യം , ഓർമ്മകൾ ഉണ്ടായതിന് .”