മോക് പോളില്‍ മികവു തെളിയിച്ച് വോട്ടിംഗ് യന്ത്രങ്ങള്‍

പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ്, വി.വി പാറ്റ് യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമത സ്ഥിരീകരിക്കുന്നതിനുള്ള മോക് പോള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ഏറ്റുമാനൂര്‍ സത്രം കോമ്പൗണ്ടിലെ വെയര്‍ ഹൗസില്‍ ഇന്ന് രാവിലെ 9.30ന് ആരംഭിച്ച മോക് പോള്‍ വൈകുന്നേരം വരെ നീണ്ടു.

പാലാ മണ്ഡലത്തില്‍ 13 സ്ഥാനാര്‍ത്ഥികളാണുള്ളതെങ്കിലും പ്രത്യേക ഡമ്മി ബാലറ്റ് പേപ്പറുകള്‍ വച്ച് വോട്ടിംഗ് യന്ത്രങ്ങളിലെ 16 ബട്ടനുകളും പരിശോധിച്ചു. സ്ഥാനാര്‍ഥികളുടെ പേര്, പാര്‍ട്ടി, ചിഹ്നം എന്നിവയ്ക്കു പകരം കോഡുകളാണ് ഉപയോഗിച്ചത്. നേരത്തെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയാക്കിയ മെഷീനുകളില്‍നിന്നും സ്ഥാനാര്‍ത്ഥികളും ഏജന്‍റുമാരും തിരഞ്ഞെടുത്ത 20 സെറ്റ് യന്ത്രങ്ങളാണ് മോക് പോളിനായി തിരഞ്ഞെടുത്തത്.

ഇതില്‍ എട്ടു സെറ്റ് യന്ത്രങ്ങളില്‍ 500 വോട്ടുകള്‍ വീതവും എട്ടു സെറ്റുകളില്‍ 1000 വോട്ടുകള്‍ വീതവും നാലു സെറ്റുകളില്‍ 1200 വോട്ടുകള്‍ വീതവുമാണ് ചെയ്തത്. പോള്‍ ചെയ്ത വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളും എണ്ണി തിട്ടപ്പെടുത്തി യന്ത്രങ്ങളുടെ പ്രവര്‍ത്തനം കൃത്യമെന്ന് സ്ഥിരീകരിച്ചു.

ബാംഗ്ലൂര്‍ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ എന്‍ജിനീയര്‍മാരുടെ സാങ്കേതിക സഹായത്തോടെയായിരുന്നു മോക് പോള്‍. ഉപതിരഞ്ഞെടുപ്പിന്‍റെ പൊതു നിരീക്ഷക ഡോ. പൂര്‍ണിമ ചൗഹാന്‍, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ നോഡല്‍ ഓഫീസര്‍ ഷൈജു പി. ജേക്കബ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ റാന്‍ഡമൈസേഷന്‍ സെപ്റ്റംബര്‍ 14നും ബാലറ്റ് യൂണിറ്റുകളില്‍ ബാലറ്റ് പേപ്പറുകള്‍ ക്രമീകരിക്കുന്ന കാന്‍ഡിഡേറ്റ് സെറ്റിംഗ് 16നും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News