കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധനവ്. ഇന്നലെ മാത്രം യാത്ര ചെയ്തത് ഒരു ലക്ഷത്തിലധികം പേർ.മഹാരാജാസ് തൈക്കൂടം സർവീസ് ആരംഭിച്ച ശേഷം ഇതുവരെ കയറിയ യാത്രക്കാരുടെ എണ്ണം 6.7 ലക്ഷമാണ്. തൈക്കൂടം സർവ്വീസ് ആരംഭിച്ചതിനെത്തുടർന്ന് മെട്രോ പ്രവർത്തന ലാഭം കൈവരിച്ചിരുന്നു.

കൊച്ചി മെട്രോ പുതിയ പാതയിൽ കുതിപ്പ് തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണവും കുതിച്ചുയരുകയാണ്. ഇന്നലെ മാത്രം മെട്രോയിൽ യാത്ര ചെയ്തത് ഒരു ലക്ഷത്തിലധികം പേരാണ്. കഴിഞ്ഞ 3 ന് മുഖ്യമന്ത്രി തൈക്കൂടം സർവീസ് ഉദ്ഘാടനം ചെയ്ത ദിവസം വരെയുള്ള മെട്രോ യാത്രക്കാരുടെ ശരാശരി എണ്ണം നാല്പതിനായിരമായിരുന്നു.എന്നാൽ തൊട്ടടുത്ത ദിവസം മുതൽ യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പ് തുടങ്ങി.65000 മുതൽ മുകളിലേയ്ക്കായിരുന്നു തുടർന്നുള്ള ദിവസങ്ങളിലെ മെട്രോ യാത്രക്കാരുടെ എണ്ണം.

കഴിഞ്ഞ വർഷം ഒരു ദിനത്തിൽ 98000 പേർ യാത്ര ചെയ്തതായിരുന്നു ഇതുവരെയുള്ള റെക്കോഡ്. എന്നാൽ കഴിഞ്ഞ 7 ന് ആ റെക്കോഡ് മറികടന്ന് 99000 പേർ യാത്ര ചെയ്തു. എന്നാൽ അതും കവച്ച് വെച്ച് ഇന്നലെ 1ലക്ഷത്തിലധികം പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. തൈക്കൂടം സർവ്വീസ് ആരംഭിച്ചതോടെ കൊച്ചി മെട്രോ പ്രവർത്തന ലാഭം കൈവരിച്ചതായി കെ എം ആർ എൽ എംഡി എ പി എം മുഹമ്മദ് ഹനീഷ് നേരത്തെ കൈരളി ന്യൂസിനോട് വ്യക്തമാക്കിയിരുന്നു.പ്രതിദിനം ഒന്നര ലക്ഷം മുതൽ 2 ലക്ഷംവരെ മെട്രോ ലാഭത്തിലായിട്ടുണ്ട്.