കൊച്ചി കോർപ്പറേഷനിലെ അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ പങ്കെടുക്കാതെ ഒളിച്ചോടി ഭരണപക്ഷം

കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ പങ്കെടുക്കാതെ ഭരണപക്ഷത്തിന്‍റെ ഒളിച്ചോട്ടം. സ്വന്തം അംഗങ്ങളിൽ നിന്ന് തിരിച്ചടി കിട്ടുമെന്ന ഭയത്തെ തുടർന്നായിരുന്നു വോട്ടെടുപ്പിൽ പങ്കെടുക്കരുതെന്ന് യുഡിഎഫ് അംഗങ്ങൾക്ക് വിപ്പ് നൽകിയത്. ഭരണപക്ഷാംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നതിനാൽ എൽഡിഎഫിന് അവിശ്വാസ പ്രമേയം വിജയിപ്പിക്കാനായില്ല.അതേ സമയം പ്രമേയം പരാജയപ്പെട്ടെങ്കിലും കൗൺസിലിനകത്തും പുറത്തും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷം അറിയിച്ചു.

അ‍ഴിമതിയും ദുര്‍ഭരണവും ആരോപിച്ചാണ് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിനെതിരെ എല്‍ ഡി എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ നേതാവ് കെ ജെ ആന്‍റണിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. 74 അംഗ കൗണ്‍സിലില്‍ 33 എല്‍ ഡി എഫ് അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു.രണ്ട് ബി ജെ പി അംഗങ്ങളും മേയറുടെ അ‍ഴിമതിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു.

എന്നാല്‍ 38 യു ഡി എഫ് അംഗങ്ങളും ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാതെ വിട്ടു നിന്നു.സാങ്കേതികമായി പ്രമേയം പരാജയപ്പെട്ടെങ്കിലും മേയര്‍ സ്ഥാനത്ത് തുടരാന്‍ ധാര്‍മ്മികമായി സൗമിനി ജെയിന് അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് കെ ജെ ആന്‍റണി പറഞ്ഞു.സ്വന്തം പക്ഷത്ത്നിന്ന്തന്നെ തിരിച്ചടി ഭയന്ന് ഭരണപക്ഷം അവിശ്വാസ പ്രമേയത്തെ നേരിടാതെ ഓടി ഒളിച്ചുവെന്നും കെ ജെ ആന്‍റണി വിമര്‍ശിച്ചു. സ്വന്തം അംഗങ്ങളെ വിശ്വാസമില്ലാത്തതുകൊണ്ടാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കാൻ UDF വിപ്പു നൽകിയതെന്നും പ്രതിപക്ഷം ആരോപിച്ചു.

അതേ സമയം പ്രതിപക്ഷ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മേയര്‍ സൗമിനി ജെയിന്‍ പ്രതികരിച്ചു.എന്നാല്‍ ഭരണപക്ഷം എന്തുകൊണ്ട് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാന്‍ സൗമിനി ജെയിന് ക‍ഴിഞ്ഞില്ല.അവിശ്വാസ പ്രമേയം പരാജയപ്പെട്ട സാഹചര്യത്തില്‍ സൗമിനി ജെയിന്‍ മേയറായി തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here