മുംബൈ നഗരത്തിൽ ഗണേശ സ്തുതികളുടെ പതിനൊന്ന് നാളുകൾക്ക് പരിസമാപ്തി കുറിച്ച് നഗരം ഗണേശവിഗ്രഹങ്ങളുടെ നിമജ്ജനത്തിന് സാക്ഷ്യം വഹിച്ചു. ദിവസങ്ങളായുള്ള മഴയെ പോലും വക വയ്ക്കാതെയാണ് ഭക്തസമൂഹം ഗണേശോത്സവത്തിൽ പങ്കാളികളായത്. പ്രശസ്തമായ ഗണേശ പന്തലുകളായ ലാൽബാഗ് ചാ രാജ, മുംബൈ ചാ രാജ, പരേൽ ചാ രാജ, അന്ധേരി ചാ രാജ, കേശവ്ജി നായിക്ക് ചാൽ, തിലക്‌നഗർ മണ്ഡൽ എന്നിവിടങ്ങളിലായി ലക്ഷക്കണക്കിന് ഭക്തരാണ് ദർശനത്തിനായി എത്തിയിരുന്നത്.

നഗരത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഗണേശോത്സവം വീക്ഷിക്കാന്‍ പല നിമജ്ജന സ്ഥലങ്ങളിലും മഹാരാഷ്ട്ര ടൂറിസം ഡവലപ്‌മെന്റ് കോർപറേഷൻ പലയിടത്തും സൗകര്യങ്ങൾ ഒരുക്കിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങൾ കണക്കിലെടുത്തു ഇക്കുറി പല ഗണേശ പന്തലുകൾക്കും അനുമതി ലഭിച്ചിരുന്നില്ല. മഹാരാഷ്ട്രാ തിരഞ്ഞെടുപ്പ് അടുത്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രധാന ഗണേശ മണ്ഡലുകളെല്ലാം രാഷ്ട്രീയ പാർട്ടികളുടെ പ്രകടന കേന്ദ്രങ്ങളായിരുന്നു.

പ്രശസ്ത ലാൽബാഗ് രാജ മണ്ഡലിന് 60 ലക്ഷം രൂപ പിഴ

ലാൽബാഗിലെ രാജ ഗണേശോത്സവം മണ്ഡലിന് 60 ലക്ഷം പിഴയടക്കാൻ നഗര സഭ ആവശ്യപ്പെട്ടിരിക്കയാണ്. അനുമതിയില്ലാതെ റോഡുകളിൽ കുഴികൾ കുഴിച്ചതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. എല്ലാ വർഷവും പോലെ തന്നെയാണ് ഇക്കുറിയും മണ്ഡൽ പണിയുന്നതിനായി കുഴികൾ ഉണ്ടാക്കിയതെന്നും ഗണേശോത്സവത്തിന് ശേഷം ഇതെല്ലം മൂടാറുണ്ടെന്നും സംഘാടകർ പറഞ്ഞു. എന്നാൽ ആയിരത്തിലധികം കുഴികളാണ് കഴിഞ്ഞ ആറു വർഷമായി ഗണേശോത്സവ മണ്ഡൽ ഉയർത്തുന്നതിനായി സംഘാടകർ റോഡിൽ ഉണ്ടാക്കിയിട്ടുള്ളതെന്നും പിന്നീട് അറ്റകുറ്റ പണികൾക്കായി നഗരസഭയാണ് പണവും സമയവും ചിലവഴിക്കുന്നതെ ന്നും സാമൂഹിക പ്രവർത്തകനായ മഹേഷ് വെങ്കുൽക്കർ പരാതിപ്പെടുന്നു.

കോടിക്കണക്കിന് രൂപയുടെ വരുമാനമുള്ള മുംബൈയിലെ ഏറ്റവും പ്രശസ്തമായ ലാൽബാഗ് ഗണേശോത്സവ മണ്ഡലിൽ ബോളിവുഡ് താരങ്ങളും മന്ത്രിമാരുമടങ്ങുന്ന നിരവധി പ്രമുഖരാണ് ദർശനത്തിനെത്തി സായൂജ്യം തേടുന്നത്.