മാന്ദ്യം; കേന്ദ്രം പ്രതിസന്ധിയിൽ; ജനക്ഷേമ പദ്ധതികൾ വെട്ടിക്കുറയ്‌ക്കുന്നു

രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക്‌ നയിക്കുന്ന മാന്ദ്യം നേരിടാനെന്ന പേരിൽ സർക്കാരിന്റെ റവന്യൂ– മൂലധന ചെലവുകൾ കേന്ദ്രം വെട്ടിക്കുറയ്‌ക്കുന്നു. വിവിധ പദ്ധതികൾക്കുള്ള സർക്കാർ ചെലവ്‌ വിഹിതം 2018 ജൂലൈയിൽ 36 ശതമാനമായിരുന്നത്‌ നടപ്പുവർഷം ഇതേമാസം 34 ആയി കുറച്ചു. മൂലധനച്ചെലവ്‌ കഴിഞ്ഞ ജൂലൈയിൽ 37 ശതമാനമായിരുന്നത്‌ ഈ ജൂലൈയിൽ 32 ശതമാനമായി ഇടിഞ്ഞെന്നും കംപ്‌ട്രോളർ ജനറൽ ഓഫ്‌ അക്കൗണ്ട്‌സ്‌ പുറത്തുവിട്ട കണക്കിൽ പറയുന്നു.

റോഡുകൾ, കെട്ടിടങ്ങൾ, പ്ലാന്റുകൾ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾക്കായി നടത്തുന്ന നിക്ഷേപമാണ്‌ മൂലധനച്ചെലവ്‌. ചെലവുചുരുക്കൽ സാമ്പത്തികമാന്ദ്യം രൂക്ഷമാക്കുമെന്ന്‌ വിലയിരുത്തപ്പെടുന്നു.ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി, ഗ്രാമീണ ഭവനനിർമാണ പദ്ധതി, ഗ്രാമീണ റോഡുകൾ എന്നിവയുടെ ചുമതലയുള്ള ഗ്രാമവികസനമന്ത്രാലയത്തിന്റെ ചെലവ്‌ ഈ വർഷം ജൂലൈയിൽ 35 ശതമാനമായി ഇടിഞ്ഞു. കഴിഞ്ഞവർഷം ഇതേമാസം 49 ശതമാനമായിരുന്നു സർക്കാർ ചെലവ്‌ വിഹിതം. ഗ്രാമീണ തൊഴിലവസരങ്ങൾ കുറയാൻ ഇത്‌ ഇടയാക്കും. ടെക്‌സ്‌റ്റൈൽ മേഖലയിൽ സർക്കാർ ചെലവ്‌ ജൂലൈയിൽ 29 ശതമാനമായി. കഴിഞ്ഞവർഷം ജൂലൈയിൽ ഇത്‌ 50 ശതമാനമായിരുന്നു.

കുടിവെള്ള വിതരണമന്ത്രാലയം കഴിഞ്ഞ വർഷം ചെലവിട്ടതിന്റെ പകുതിമാത്രമാണ്‌ ഈ ജൂലൈയിൽ വിനിയോഗിച്ചത്‌. വിദ്യാഭ്യാസ, ആരോഗ്യമന്ത്രാലയങ്ങളുടെ ചെലവ്‌ വിഹിതം യഥാക്രമം 36, 31 എന്ന നിലയിൽനിന്ന്‌ 25, 24 ശതമാനം വീതമായി ഇടിഞ്ഞു. സാമൂഹ്യനീതി മന്ത്രാലയം പട്ടികജാതിമേഖലയിൽ ചെലവിട്ടത്‌ 33ൽനിന്ന്‌ 10 ശതമാനമായി ഇടിഞ്ഞു. ആദിവാസിമേഖലയിലെ വിനിയോഗം 33 ശതമാനത്തിൽനിന്ന്‌ 25 ആയി. പ്രീ–-മെട്രിക്‌, പോസ്റ്റ്‌–-മെട്രിക്‌ സ്‌കോളർഷിപ്‌ വിതരണം, ആദിവാസികളുടെ വരുമാനം വർധിപ്പിക്കൽ പദ്ധതി എന്നിവയെ പ്രതികൂലമായി ബാധിക്കുന്നതാണ്‌ ഈ ചെലവുചുരുക്കൽ.

ഐസിഡിഎസുപോലുള്ള പദ്ധതികൾ നടപ്പാക്കുന്ന വനിത– -ശിശുക്ഷേമ മന്ത്രാലയത്തിന്റെ ചെലവിടൽ 38ൽനിന്ന്‌ 25 ശതമാനമായി കുറഞ്ഞു. കോർപറേറ്റുകൾക്ക്‌ വൻതോതിൽ ഇളവുകൾ നൽകുമ്പോഴാണ്‌ വികസന–-ക്ഷേമ പദ്ധതിച്ചെലവുകൾ സർക്കാർ വെട്ടിച്ചുരുക്കുന്നത്‌.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here