ഇന്ന്‌ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനം; കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണം

ദേശാഭിമാനിയിലെ നേർവ‍ഴി പംക്തിയിൽ കോടിയേരി എ‍ഴുതിയ ലേഖനം:

ശ്രീനാരായണ ഗുരുവിന്റെ ജന്മദിനം ഇന്ന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സംസ്ഥാനത്തും ആഘോഷപൂർവം കൊണ്ടാടുകയാണ്‌. ശ്രീനാരായണ ഗുരുവിന്റെ ജീവിതകാലം 1856 മുതൽ 1928 വരെയായിരുന്നു. എന്നാൽ, കാലത്തെ അതിജീവിച്ച ഒരു ദർശനവുംചിന്തയുമായി അത്‌ വളർന്നത്‌ ചരിത്രത്തെ മാറ്റിമറിച്ച ഒരുസാമൂഹ്യ വിപ്ലവകാരിയുടേതായതുകൊണ്ടാണ്‌. മതനവീകരണം, ആചാര പരിഷ്‌കാരംഎന്നിവയിൽ തുടങ്ങിയ തന്റെ ദൗത്യം ആ പരിധി കടന്നു. അതുകൊണ്ടാണ്‌ കേരള നവോത്ഥാനത്തിന്റെ പിതാവ്‌ എന്ന സ്ഥാനം ഗുരുവിനു ലഭിച്ചത്‌. വർത്തമാനകാലത്തെ മുന്നോട്ടുനയിക്കാൻ ഈ മഹാപുരുഷന്റെ ജീവിതദർശനം വഴികാട്ടിയാണ്‌.

ഗുരുവിനെ ഏറ്റവും ആദരവോടെയും ചരിത്രവീക്ഷണത്തോടെയും വിലയിരുത്തിയ മഹാന്മാരിൽ ഒരാളാണ്‌ ഇ എം എസ്‌. അദ്ദേഹം വിലയിരുത്തിയത്‌ ഇപ്രകാരമാണ്‌:
‘ബംഗാളിൽ രൂപംകൊണ്ട ആധുനിക നവോത്ഥാനത്തിന്റെ തീയിൽനിന്നും കത്തിജ്വലിച്ചകേരളത്തിലെ നവോത്ഥാന തീയായിരുന്നു ശ്രീനാരായണൻ. കഴിഞ്ഞ ഒരു നൂറ്റാണ്ടോളംകാലം കേരളത്തിൽ വളർന്നു പന്തലിച്ച സാമൂഹ്യപരിഷ്‌കാരം, സാംസ്‌കാരികമുന്നേറ്റം, രാഷ്ട്രീയബോധം, സാമൂഹ്യപുരോഗതി എന്നിവയ്‌ക്കെല്ലാംവഴികാട്ടിയായത്‌ ഗുരുവിന്റെ ഉപദേശങ്ങളായിരുന്നു. ജാതിമതാദി വിഭാഗീയചിന്തകൾക്കതീതമായി കേരളീയർ കേരളീയരായും ഭാരതീയർ ഭാരതീയരായും ജീവിക്കാൻതുടങ്ങുകയെന്ന ആശയം ഉപയോഗിച്ചാണ്‌ ‘പ്രപഞ്ചത്തെ മാറ്റിത്തീർക്കാൻ’ശ്രമിച്ചത്‌. ഇ എം എസ്‌ ഇങ്ങനെ വിലയിരുത്തിയ ഗുരു, ശങ്കരാചാര്യരെ പോലെ ഒരുസന്യാസിവര്യനായിരുന്നു. ജാതിസമൂഹത്തെയും അതിനെ താങ്ങിനിർത്തുന്ന ആശയപ്രപഞ്ചത്തെയും തകർക്കാൻ പ്രയത്നിച്ച സന്യാസിശ്രേഷ്‌ഠനായിരുന്നു ഗുരു. ജാതിമത ചിന്തകൾക്ക്‌ അതീതമായി ജനങ്ങളെ കോർത്തിണക്കാനുള്ള ദർശനമാണ്‌ ശ്രീനാരായണ ചിന്ത. തമ്മിൽ പൊരുതി ഒരു മതത്തിന്‌ മറ്റൊരു മതത്തിനുമേൽവിജയം കൈവരിക്കാനാവില്ലെന്ന്‌ നിരന്തരം ചൂണ്ടിക്കാട്ടി. ‘ആത്മോപദേശശതക’ത്തിൽ ഇക്കാര്യം ആവർത്തിക്കുന്നു.

‘പൊരുതു ജയിപ്പതസാധ്യമൊന്നിനോടൊ‐
ന്നൊരു മതവും പൊരുതലൊടുങ്ങൂവീല;
പരമതവാദിയിതോർത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധിവേണം’

ഒരു മതം മറ്റൊന്നിനോട്‌ പൊരുതുന്നതുകൊണ്ട്‌ ഒരു മതവും നശിക്കില്ലെന്നും മറ്റു മതങ്ങളുടെ ദോഷത്തെപ്പറ്റി പറഞ്ഞു നടക്കുന്നവർക്ക്‌ ഈ ബുദ്ധിയുണ്ടാകണമെന്നുമാണ്‌ ഗുരു പറഞ്ഞത്‌. ഹിന്ദുമതത്തിന്റെ പേരിൽ രാഷ്ട്രമുണ്ടാക്കാൻ മുസ്ലിം ഉൾപ്പെടെയുള്ള ഇതരമതങ്ങൾക്കും മത‐സാമുദായിക വിഭാഗങ്ങൾക്കുമെതിരെ വിദ്വേഷപൂർവവുംസ്‌ഫോടനാന്മകവുമായ പ്രവർത്തനങ്ങളിലാണ്‌ കേന്ദ്ര സർക്കാരും അതിനെ നയിക്കുന്ന ആർഎസ്‌എസും ബിജെപിയും ഏർപ്പെട്ടിരിക്കുന്നത്‌. ഇതൊരു വിപൽക്കരമായ ഘട്ടമാണ്‌. അതിനാൽ രാജ്യത്ത്‌ ഏറ്റവും കനത്ത വെല്ലുവിളിയാണ്‌ ശ്രീനാരായണ ദർശനം പോലുള്ളആശയങ്ങൾ നേരിടുന്നത്‌.

കശ്‌മീർ എന്ന സംസ്ഥാനം ഇല്ലാതാക്കി രണ്ട്‌ കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതും അവിടത്തെ ജനങ്ങൾ അനുഭവിച്ചുവന്ന പ്രത്യേകാവകാശങ്ങൾ നിർത്തലാക്കിയതും മതവിദ്വേഷത്തിന്റെ കൂടി അടിസ്ഥാനത്തിലാണെന്ന്‌ ആർക്കും മനസ്സിലാകുന്നതാണ്‌. ഹിന്ദു ഇതര മതക്കാരെ രാജ്യദ്രോഹികളെന്നും ദേശസ്‌നേഹമില്ലാത്തവരെന്നും ചാപ്പ കുത്തുന്നത്‌ മോഡി ഭരണക്കാർക്കും സംഘപരിവാറിനും വിനോദമായിരിക്കുകയാണ്‌. ഇതെല്ലാം ചെയ്യുന്നതാകട്ടെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ എന്ന പേരിലും. ആർഎസ്‌എസിന്റെ ഹിന്ദുസങ്കൽപ്പം ഒരു വർഗീയ ആശയമാണ്‌. ഹിന്ദുമതം എന്നൊരു മതമേ ഇല്ലല്ലോ എന്നാണ്‌ ഒരു നൂറ്റാണ്ടു മുമ്പ്‌ ശ്രീനാരായണ ഗുരു സി വികുഞ്ഞിരാമനോട്‌ അഭിമുഖത്തിൽ വ്യക്തമാക്കിയത്‌. യേശുക്രിസ്‌തുവിനെ പരമേശപവിത്ര പുത്രനെന്നും മുഹമ്മദ്‌ നബിയെ കരുണാവാൻമുത്തുരത്‌നമെന്നുമാണ്‌ ഗുരു വിശേഷിപ്പിച്ചത്‌. ഇത്തരം സന്യാസിവര്യരുടെ വാക്കുകളെ അവഗണിച്ചാണ്‌ ഹിന്ദുമതം അപകടത്തിലാകുമെന്ന വസ്‌തുതാവിരുദ്ധഭീതി പടർത്തി അന്യമത ഹിംസാപ്രവർത്തനം കാവിസംഘം കൊടിയടയാളമാക്കിയിരിക്കുന്നത്‌. ഇവിടെയാണ്‌ ഗുരുവിന്റെ ചിന്തയുടെപ്രസക്തി. ‘പ്രിയമപരന്റെയതെൻ പ്രിയം…’ എന്ന ശ്ലോകത്തിലൂടെ മറ്റൊരുവന്റെപ്രിയം ഏതെന്നോ അത്‌ എന്റെയും പ്രിയമാണെന്ന ബോധം എല്ലാവരിലും ഉണ്ടാകണമെന്നാണ്‌ പറഞ്ഞത്‌. ഇതുതന്നെയാണ്‌ മറ്റൊരു രൂപത്തിൽ ഗുരു അവതരിപ്പിച്ചത്‌.

‘അവനിവനെന്നറിയുന്നതൊക്കെയോർത്താ‐
ലവനിയിലാദിമമായൊരാത്മ രൂപം
അവനവനാത്മസുഖത്തിനാചരിക്കു‐
ന്നവയപരന്നു സുഖത്തിനായ്‌ വരേണം’

ഓരോരുത്തരും സ്വന്തം സുഖത്തിനുവേണ്ടി ചെയ്യാറുള്ള പ്രവൃത്തികൾ മറ്റുള്ളവർക്കുകൂടി സുഖം വരുത്തുന്നവയായിരിക്കണമെന്നാണ്‌ ഗുരു പറഞ്ഞത്‌.‘ഞാൻ വേറെ; നീ വേറെ’ എന്ന ചിന്ത വേണ്ട, ‘ഞാൻ’, ‘അവൻ’, ‘ഇവൻ’ എന്നൊക്കെ നമ്മൾ വെവ്വേറെയെന്നപോലെ പറഞ്ഞുപോരുന്നത്‌ എല്ലാം ഒരേ ആത്മസ്വരൂപത്തിന്റെ നാനാഭാവങ്ങളാണ്‌ എന്നാണ്‌ ഗുരു ഓർമിപ്പിക്കുന്നത്‌. എന്റെ സുഖവും ഞാനല്ലാത്തവരുടെ സുഖവും ഒന്നാണെന്ന ചിന്ത യഥാർഥത്തിൽ സോഷ്യലിസ്റ്റ്ആശയമാണ്‌. ഈ ആശയത്താൽ നയിക്കപ്പെടുന്നതാണ്‌ പിണറായി വിജയൻ നയിക്കുന്ന സംസ്ഥാനത്തെ എൽഡിഎഫ്‌ സർക്കാർ. കഴിഞ്ഞ പ്രളയത്തിൽ വീടുതകർന്ന എണ്ണായിരത്തോളം കുടുംബം സർക്കാർനിർമിച്ചുനൽകിയ പുതിയ വീട്ടിൽ ഇക്കുറി ഓണം ആഘോഷിച്ചു. 5355 വീട്‌ പൂർത്തിയാകാൻ പോകുന്നു. വീടില്ലാത്ത 1.15 ലക്ഷം കുടുംബങ്ങൾക്ക‌് ലൈഫ്‌ മിഷൻ മുഖാന്തരം വീടുനൽകി. കഴിഞ്ഞ ആഗസ്‌തിലെ പ്രളയത്തിൽപ്പെട്ട 54,000 കുടുംബങ്ങൾക്ക്‌ 10,000 രൂപവീതം അടിയന്തരസഹായം കൊടുത്തു. പാവപ്പെട്ടവരും ഇടത്തരക്കാരും ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളും പൊതുവിദ്യാലയങ്ങളും ആധുനീകരിക്കുന്നു. 53 ലക്ഷംപേർക്ക്‌ വർധിപ്പിച്ച ക്ഷേമ പെൻഷൻ വിതരണംചെയ്‌തു. ഇത്തരം ഭരണനടപടികളിൽ തെളിയുന്നത്‌ കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനുള്ള ശ്രീനാരായണ ദർശനത്തോടുള്ള കൂറാണ്‌.

സംവരണം അട്ടിമറിക്കാൻ നീക്കം
സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ ആട്ടിയോടിക്കപ്പെട്ട വിഭാഗങ്ങളെ കൈപിടിച്ചുയർത്താനുള്ളതാണ്‌ ‘സംവരണം’. അത്‌ അട്ടിമറിക്കാൻ നിലകൊള്ളുന്ന സംഘടനയാണ്‌ ആർഎസ്‌എസ്‌. ഇത്‌ ശ്രീനാരായണ ആശയത്തിനു നിരക്കുന്നതല്ലല്ലോ.സംവരണം ഉപേക്ഷിക്കപ്പെടേണ്ട കാലമായെന്ന‌് ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവത്ത്‌ പറഞ്ഞതിനെതിരെ രാജ്യത്താകെ പ്രതിഷേധം അലയടിച്ചതിനാൽ സംവരണം നിർത്തലാക്കാൻ സർക്കാരിനെ ഉപദേശിക്കില്ലെന്ന്‌ ആർഎസ്‌എസ്‌ പ്രസ്‌താവനയിറക്കി. പക്ഷേ, ഇത്‌ പാവപ്പെട്ടവരുടെ കണ്ണിൽ പൊടിയിടാനുള്ള താൽക്കാലിക അടവുമാത്രം.ഹിന്ദുത്വ അജൻഡ കശ്‌മീരിന്റെ കാര്യത്തിൽ പുറത്തെടുത്തതുപോലെ സംവരണം അട്ടിമറിക്കാനും കാവി കരാളഹസ്‌തം നാളെ നീളാം. സംവരണത്തെ ഒരു വർഗാടിസ്ഥാനത്തിൽ കൂടി കാണേണ്ടതുണ്ട്‌.

ബ്രാഹ്മണ നേതൃത്വത്തിലുള്ള സവർണമേധാവിത്വത്തിന്റെ തത്വശാസ്‌ത്രമാണ്‌ ആർഎസ്‌എസിന്റേത്‌. എന്നാൽ, ബ്രാഹ്മണമേധാവിത്വ സവർണാധിപത്യം തകർത്ത്‌പുതിയ ജനാധിപത്യസംവിധാനം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി ഉയർന്നുവന്നതുമാണ്‌ ശ്രീനാരായണ ദർശനം. കേരളത്തിലെ അവശജനലക്ഷങ്ങളെ തട്ടിയുണർത്തി അവരിൽ അവകാശബോധവും സംഘടനയും വളർത്തുകയാണ്‌ താൻ ജീവിച്ചകാലത്ത്‌ ഗുരു ചെയ്‌തത്‌. ആ സ്വാധീനത്തിൽപ്പെട്ടാണ്‌ അധഃസ്ഥിത സമുദായങ്ങളിലെ ജനലക്ഷങ്ങളും പൊതുപ്രവർത്തകരായ അനേകം നേതാക്കളും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലെത്തിയത്‌. ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്നും ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‌’ എന്നും ‘ജാതി ചോദിക്കരുത്‌ പറയരുത്‌’ എന്നുമുള്ള ഉപദേശം നൽകിയ ശ്രീനാരായണ ദർശനംപിന്തുടരുന്നത്‌ ഇന്ന്‌ ഇന്ത്യയിൽ ഏത്‌ പ്രസ്ഥാനമാണ്‌? ആർഎസ്‌എസ്‌ നയിക്കുന്ന ബിജെപിയോ മോഡി സർക്കാരോ അല്ല; അതുപോലെ ആർഎസ്‌എസിന്റെ ആശയങ്ങളുമായി പല ഘട്ടങ്ങളിലും സമരസപ്പെടുന്ന കോൺഗ്രസോ അല്ല. കമ്യൂണിസ്റ്റുകാരും അവർ നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയും ആ മുന്നണിയുടെ സർക്കാരുമാണ്‌. ഇത്‌ തിരിച്ചറിയാനുള്ള വേളകൂടിയാണ്‌ ശ്രീനാരായണ ജയന്തിദിനാഘോഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News