ജോർദാൻ താഴ്‌വര ഇസ്രയേലിനോട്‌ കൂട്ടിച്ചേർക്കുമെന്ന്‌ നെതന്യാഹു

നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച്‌ വീണ്ടും അധികാരത്തിൽ എത്തിയാൽ പലസ്തീൻ പ്രദേശമായ വെസ്‌റ്റ്‌ബാങ്കിലെ ജോർദാൻ താഴ്‌വര ഇസ്രയേലിനോട്‌ കൂട്ടിച്ചേർക്കുമെന്ന്‌ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. പരമാവധി വലതുപക്ഷ വോട്ട്‌ ലക്ഷ്യമിട്ട്‌ ഇസ്രയേൽ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തെ അറബ്‌ രാജ്യങ്ങൾക്കു പുറമെ ഐക്യരാഷ്‌ട്ര സംഘടനയും യൂറോപ്യൻ യൂണിയനും രൂക്ഷമായി വിമർശിച്ചു. എന്നാൽ, അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ സമ്മതത്തോടെയാണ്‌ പ്രഖ്യാപനമെന്നാണ്‌ സൂചന.

ഭൂമിയിലെ ഏറ്റവും താഴ്‌ന്ന പ്രദേശമായ ജോർദാൻ താഴ്‌വര വർഷം മുഴുവൻ പഴങ്ങളും പച്ചക്കറികളും വിളയുന്ന അപൂർവ പ്രദേശമാണ്‌. വെസ്‌റ്റ്‌ബാങ്കിന്റെ മൂന്നിലൊന്ന്‌ വരുന്ന പ്രദേശം ഇസ്രയേലിന്റെ ഭാഗമാക്കുമെന്ന നെതന്യാഹുവിന്റെ പ്രഖ്യാപനം പലസ്‌തീൻകാരുടെ രാഷ്‌ട്രസ്വപ്‌നം പൂർണമായി തകർക്കുന്നതാണ്‌. ഇത്‌ നടപ്പാക്കിയാൽ ഒരുതരത്തിലും അന്താരാഷ്‌ട്ര നിയമപ്രാബല്യം ഉണ്ടാകില്ലെന്ന്‌ യുഎൻ വ്യക്തമാക്കി. പലസ്‌തീൻ ഭാഗത്തെ ഇസ്രയേലി കുടിയേറ്റങ്ങൾ സ്ഥിതിചെയ്യുന്ന ‘ഏരിയ സി’ വെസ്‌റ്റ്‌ ബാങ്കിന്റെ 60 ശതമാനം വരുന്ന പ്രദേശമാണ്‌.

ഇസ്രയേലിൽ ഏപ്രിലിൽ നടന്ന പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചില്ല. വലതുപക്ഷത്തിലെ ഭിന്നിപ്പുകാരണം സഖ്യസർക്കാർ ഉണ്ടാക്കാനും പ്രധാനമന്ത്രി നെതന്യാഹു പരാജയപ്പെട്ട സാഹചര്യത്തിലാണ്‌ 17നു വീണ്ടും തെരഞ്ഞെടുപ്പു നടത്തുന്നത്‌. ഇതിൽ പരമാവധി വലതുപക്ഷ വോട്ടുകൾ തന്റെ ലിക്കുഡ്‌ പാർടിക്ക്‌ ഉറപ്പിക്കാനാണ്‌ നെതന്യാഹുവിന്റെ പ്രഖ്യാപനം.

1967 മുതൽ ഇസ്രയേൽ അധിനിവേശത്തിലുള്ള വെസ്‌റ്റ്‌ ബാങ്കിലെ ജോർദാൻ താഴ്‌വരയ്‌ക്കു പുറമെ വടക്കൻ ചാവുകടലിലും ഇസ്രയേലിന്റെ പരമാധികാരം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായി നെതന്യാഹു പറഞ്ഞു. വിശാല വെസ്‌റ്റ്‌ബാങ്കിലെ മറ്റു ഇസ്രയേലി കുടിയേറ്റങ്ങളും സ്വന്തമാക്കുമെന്നും അദ്ദേഹം ആവർത്തിച്ചു. ഡോണൾഡ്‌ ട്രംപുമായി ആലോചിച്ചാകും നടപടിയെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേലിൽ നെതന്യാഹു വീണ്ടും അധികാരത്തിൽ എത്തണമെന്നാണ്‌ താൽപ്പര്യമെന്ന്‌ ഏപ്രിൽ തെരഞ്ഞെടുപ്പിനുമുമ്പ്‌ ട്രംപ്‌ വ്യക്തമാക്കിയിരുന്നു.

ഇത്‌ മറ്റൊരു പൊള്ളയായ വാഗ്ദാനമാണെന്ന്‌ നെതന്യാഹുവിന്റെ പ്രധാന പ്രതിയോഗിയായ മധ്യപക്ഷ ‘ബ്ലൂ ആൻഡ്‌ വൈറ്റ്‌’ സഖ്യത്തിന്റെ നേതാവ്‌ ബെന്നി ഗാന്റ്‌സ്‌ പ്രതികരിച്ചു. ജോർദാൻ താഴ്‌വര എക്കാലവും ഇസ്രയേലി നിയന്ത്രണത്തിലാകണമെന്നാണ്‌ മുൻ സേനാ തലവൻകൂടിയായ ഗാന്റ്‌സിന്റെ നിലപാട്‌. സമാധാനത്തിനുള്ള എല്ലാ പ്രതീക്ഷയും തകർക്കുന്നതാണ്‌ നെതന്യാഹുവിന്റെ പ്രഖ്യാപനമെന്ന്‌ പലസ്‌തീൻ നേതാക്കൾ പ്രതികരിച്ചു.

ഇത്‌ മേഖലയെയാകെ അക്രമങ്ങളിലേക്ക്‌ തള്ളിവിടുമെന്ന്‌ ജോർദാൻ വിദേശമന്ത്രി അയ്‌മാൻ സഫാദി പറഞ്ഞു. നെതന്യാഹുവിന്റെ പ്രഖ്യാപനത്തെ തള്ളുകയും അപലപിക്കുകയും ചെയ്യണമെന്ന്‌ സൗദി അറേബ്യ അന്താരാഷ്‌ട്ര സമൂഹത്തോട്‌ അഭ്യർഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News