
ദില്ലി: ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ആശങ്കപ്പെട്ടതിനെക്കാള്‍ മോശമാണെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്.
ബാങ്കിങ് ഇതര സ്ഥാപനങ്ങളുടെ അടക്കം മോശം വളര്‍ച്ചയാണ് ഇതിന് കാരണമായി ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നത്. മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോഴാണ് ഐഎംഎഫ് വക്താവ് ഗെറി റൈസ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പ്രതികരിച്ചത്.
കോര്‍പ്പറേറ്റ് മേഖലയുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണ സംവിധാനത്തിലെ അനിശ്ചിതത്വങ്ങളും ബാങ്കിങ് ഇതര സ്ഥാപനങ്ങളുടെ മോശം പ്രവര്‍ത്തനവുമാണ് തിരിച്ചടിയുണ്ടാക്കുന്നതെന്നാണ് ഐഎംഎഫിന്റെ നിലപാട്. പുതിയ കണക്കുകള്‍ വരുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര വളര്‍ച്ച അഞ്ച് ശതമാനമായി കുറഞ്ഞിരുന്നു. ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. തുടര്‍ച്ചയായി അഞ്ചാം പാദത്തിലാണ് മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ കുറവുണ്ടാകുന്നത്.
സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന കാര്യം സര്‍ക്കാരും അംഗീകരിച്ചതാണ്. ഇതിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി ധനവകുപ്പ് ചില പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു.
എന്നാല്‍ ഇതിന് ശേഷവും ഓഹരി വിപണിയില്‍നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റം തുടരുകയായിരുന്നു. ബാങ്കിങ് രംഗത്തെ പരിഷ്‌ക്കാരമായിരുന്നു പിന്നീട് പ്രഖ്യാപിച്ചത്. ഇതോടൊപ്പം പലിശ നിരക്കുകളിലും ബാങ്കുകള്‍ കുറവ് വരുത്തിയിരുന്നു.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ട്രില്ല്യണ്‍ ഇക്കോണമിയാക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റെടുത്തപ്പോള്‍ പറഞ്ഞത്.
ഇരുപതു വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയിലാണ് ഓട്ടോ മൊബൈല്‍ രംഗം. ഓണ്‍ലൈന്‍ ടാക്സികളെ യുവാക്കളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയതാണ് ഓട്ടോ മൊബൈല്‍ രംഗത്തെ പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു ധനമന്ത്രി നിര്‍മല സീതാരാമന്റെ ഇതേക്കുറിച്ചുള്ള പ്രതികരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here