മരട്: സര്‍ക്കാരില്‍ നിന്ന് നിര്‍ദേശം ലഭിച്ചതിന് ശേഷം മാത്രം തുടര്‍ നടപടിയെന്ന് നഗരസഭ സെക്രട്ടറി

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും നിര്‍ദേശം ലഭിച്ചതിനു ശേഷം മാത്രമെ തുടര്‍ നടപടികളുണ്ടാകൂവെന്ന് മരട് നഗരസഭ സെക്രട്ടറി. ഫ്‌ലാറ്റ് ഒഴിയാന്‍ നിര്‍ദേശിച്ചുള്ള നോട്ടീസിന്റെ കാലപരിധി നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്റെ പ്രതികരണം.

മരടിലെ ഫ്‌ലാറ്റുകള്‍ ഈ മാസം 20നകം പൊളിച്ചുനീക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അഞ്ച് ദിവസത്തിനകം ഫ്‌ലാറ്റൊഴിയണമെന്ന് നിര്‍ദേശിച്ച് മരട് നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസിന്റെ കാലപരിധി നാളെ അവസാനിക്കാനിരിക്കെയാണ് സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്‍ നഗരസഭാ തീരുമാനം വ്യക്തമാക്കിയത്.

സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദേശത്തിനനുസരിച്ചായിരിക്കും തുടര്‍ നടപടികളുണ്ടാവുകയെന്ന് മുനിസിപ്പല്‍ സെക്രട്ടറി അറിയിച്ചു. നഗരസഭ നല്‍കിയ നോട്ടീസിന് 12 ഫ്‌ലാറ്റുടമകളില്‍ നിന്ന് മറുപടി ലഭിച്ചു. അത് ജില്ലാ കളക്ടര്‍ ഉള്‍പ്പടെ ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു.

എന്നാല്‍ നോട്ടീസ് നല്‍കിയത് നിയമാനുസൃതമല്ലെന്ന് ഫ്‌ലാറ്റുടമകള്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം ഉന്നയിച്ച് തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കുമെന്നും ഫ്‌ലാറ്റുടമകള്‍ വ്യക്തമാക്കി.

നാളെ മുതല്‍ മരട് നഗരസഭക്കു മുന്നില്‍ ധര്‍ണ്ണ നടത്താനാണ് ഫ്‌ലാറ്റുടമകളുടെ തീരുമാനം. ഒപ്പം ഫ്‌ലാറ്റിനു മുന്നില്‍ പന്തല്‍ കെട്ടി അനിശ്ചിതകാല റിലേ സത്യഗ്രഹം തുടങ്ങാനും ഫ്‌ലാറ്റുടമകള്‍ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, ഫ്‌ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ നാളെ ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ഇതിനു മുന്‍പ് ഫ്‌ലാറ്റ് നിവാസികളെ കൊടിയേരി സന്ദര്‍ശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News