ശുഭശ്രീയുടെ മരണം: പ്രതിഷേധം ശക്തം

ചെന്നൈ: ചെന്നൈയില്‍ എഐഎഡിഎംകെയുടെ ഹോര്‍ഡിങ് ഇളകി വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഐടി ഉദ്യോഗസ്ഥയായ യുവതി മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. അനധികൃതമായി സ്ഥാപിച്ച ഹോര്‍ഡിങുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യവും ശക്തമാകുന്നു.

റോഡിലെ ഡിവൈഡറില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ഹോര്‍ഡിങ് പതിച്ച് ശുഭശ്രീ(23)യാണ് വ്യാഴാഴ്ച മരിച്ചത്.

ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശുഭശ്രീ. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ശുഭശ്രീയുടെ മുകളിലേക്ക് ഹോര്‍ഡിങ് മറിഞ്ഞു വീഴുകയായിരുന്നു. വാഹനത്തോടൊപ്പം റോഡില്‍ വീണ ശുഭശ്രീയുടെ മുകളിലൂടെ പിന്നാലെ വന്ന ടാങ്കര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ശുഭശ്രീ മരിക്കുകയായിരുന്നു.

തമിഴ്നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം, അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിത തുടങ്ങിയവരുടെ ചിത്രങ്ങള്‍ നിരയായി സ്ഥാപിച്ച ഹോര്‍ഡിങ്ങുകളിലുണ്ട്.

എഐഎഡിഎംകെയുടെ പ്രാദേശികനേതാവ് സി ജയഗോപാല്‍ കുടുംബത്തിലെ വിവാഹച്ചടങ്ങിനോടനുബന്ധിച്ചാണ് ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ചത്. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള നേതാക്കള്‍ വിവാഹത്തിനെത്തുന്നത് മുന്‍നിര്‍ത്തിയാണ് ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ചത്.

സംഭവത്തെ തുടര്‍ന്ന് ടാങ്കര്‍ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു. അലക്ഷ്യമായി വാഹനമോടിച്ചതിനും മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കും ഇയാള്‍ക്കെതിരെ കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News