മരടിലെ ഫ്‌ളാറ്റുകളിലെ കുട്ടികള്‍ അനുഭവിക്കുന്നത് കടുത്ത മാനസിക സംഘര്‍ഷമെന്ന് ശിശു ക്ഷേമ സമിതി

സുപ്രീം കോടതി വിധി പ്രകാരം പൊളിച്ച് നീക്കാന്‍ ഉത്തരവായ മരടിലെ ഫ്‌ളാറ്റുകളിലെ കുട്ടികള്‍ അനുഭവിക്കുന്നത് കടുത്ത മാനസിക സംഘര്‍ഷമെന്ന് ശിശു ക്ഷേമ സമിതി. മരടിലെ ഫ്‌ലാറ്റുകള്‍ സന്ദര്‍ശിക്കാനെത്തിയ എറണാകുളം ജില്ലാ ശിശു ക്ഷേമ സമിതി വൈസ് പ്രസിഡന്റ് കെഎസ് അരുണ്‍ കുമാറിനോടും ശിശു ക്ഷേമ സമിതി പ്രവര്‍ത്തകരോടുമാണ് കുട്ടികള്‍ തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞത്.

കൗണ്‍സിലിംഗ് ഉള്‍പ്പടെ കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് കുട്ടികളോട് സംസാരിച്ച ശേഷം ശിശു ക്ഷേമ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.

ഫ്‌ലാറ്റുകള്‍ പൊളിച്ച് നീക്കുന്ന സാഹചര്യമുണ്ടായാല്‍ പോകാന്‍ മറ്റൊരു വീടില്ല എന്ന സങ്കടമാണ് കുട്ടികളെ അലട്ടുന്നത്. താമസ സ്ഥലത്തിനോട് ചേര്‍ന്നുള്ള സ്‌കൂളുകളില്‍ പഠിക്കുന്ന ഇവര്‍ക്ക് കൂട്ടുകാരേയും നഷ്ടമാകും. പാഠപുസ്തകങ്ങളും വീടും എല്ലാം നഷ്ടപ്പെടുന്നത് സ്വപ്നം കണ്ട് ഉറക്കത്തില്‍ പോലും ഇവര്‍ ഭയന്ന് കരയുകയാണ്.

മാനസികമായി പോലും തളര്‍ന്ന പല കുട്ടികളും ഇന്ന് കൗണ്‍സിലിംഗിന് വിധേയരാകുന്നുണ്ട്. കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് എറണാകുളം ജില്ലാ ശിശു ക്ഷേമ സമിതി വൈസ് പ്രസിഡന്റ് കെഎസ് അരുണ്‍ കുമാര്‍ പറഞ്ഞു. ഫ്‌ളാറ്റിലെത്തി കുട്ടികളോട് സംസാരിച്ച ശേഷമാണ് ശിശു ക്ഷേമ സമിതി പ്രവര്‍ത്തകര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here