നഗരസഭ നല്‍കിയ നോട്ടീസിന്‍റെ കാലപരിധി ഇന്നവസാനിക്കും; ഫ്ലാറ്റ് ഉടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകള്‍ ഒ‍ഴിയാന്‍ നിര്‍ദേശിച്ച് ഉടമകള്‍ക്ക് നഗരസഭ നല്‍കിയ നോട്ടീസിന്‍റെ കാലപരിധി ഇന്നവസാനിക്കും.സർക്കാരില്‍ നിന്ന് എന്തെങ്കിലും നിർദേശം ലഭിച്ചതിനു ശേഷം മാത്രമെ തുടർ നടപടികളുണ്ടാകൂവെന്ന് മരട് നഗരസഭ സെക്രട്ടറി ഇന്നലെ വ്യക്തമാക്കിയിരുന്നു.അതേ സമയം ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സി പി ഐ എം ന്‍റെ നേതൃത്വത്തില്‍ ഇന്ന് ബഹുജന മാര്‍ച്ച് നടക്കും.ഇതിനു മുന്നോടിയായി സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ഫ്ലാറ്റ് നിവാസികളെ സന്ദര്‍ശിക്കും.ഫ്ലാറ്റുടമകളുടെ അനിശ്ചിതകാല സമരത്തിനും ഇന്ന് തുടക്കമാകും.

മരടിലെ ഫ്ലാറ്റുകള്‍ ഈ മാസം 20നകം പൊളിച്ചുനീക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ അഞ്ച് ദിവസത്തിനകം ഫ്ലാറ്റൊ‍ഴിയണമെന്ന് നിര്‍ദേശിച്ച് മരട് നഗരസഭ ക‍ഴിഞ്ഞ 10നാണ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയത്.നോട്ടീസിന്‍റെ കാലപരിധി ഇന്നവസാനിക്കാനിരിക്കെയാണ് സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്‍ ഇന്നലെ നഗരസഭാ തീരുമാനം വ്യക്തമാക്കിയത്.സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദേശത്തിനനുസരിച്ചായിരിക്കും തുടര്‍ നടപടികളുണ്ടാവുകയെന്ന് മുനിസിപ്പല്‍ സെക്രട്ടറി അറിയിച്ചിരുന്നു.നഗരസഭ നൽകിയ നോട്ടീസിന് 12 ഫ്ലാറ്റുടമകളിൽ നിന്ന് മറുപടി ലഭിച്ചവെന്നും അത് ജില്ലാ കളക്ടര്‍ ഉള്‍പ്പടെ ബന്ധപ്പെട്ടവർക്ക് കൈമാറിയിട്ടുണ്ടെന്നും സെക്രട്ടറി വ്യക്തമാക്കിയിരുന്നു.ഈ സാഹചര്യത്തില്‍ ബലം പ്രയോഗിച്ചുള്ള ഒ‍ഴിപ്പിക്കല്‍ ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്.

കൂടാതെ നോട്ടീസ് നല്‍കിയത് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി നാളെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കാനിരിക്കുകയാണ് ഫ്ലാറ്റുടമകള്‍.ഇതിനിടെ ഫ്ലാറ്റ് നിവാസികള്‍ക്ക് പിന്തുണയുമായി സി പി ഐ എം രംഗത്തെത്തിയിരുന്നു.ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് രാവിലെ ബഹുജന മാര്‍ച്ച് നടക്കും.ഹോളി ഫെയ്ത്ത് ഫ്ലാറ്റ് സമുച്ചയ പരിസരത്ത് ചേരുന്ന ഐക്യദാര്‍ഢ്യ സംഗമത്തിന് മുന്നോടിയായി സി പി ഐ എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ഫ്ലാറ്റ് നിവാസികളെ നേരില്‍ കാണും.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് മരട് ഫ്ലാറ്റ് നിവാസികളെ സന്ദര്‍ശിക്കാനെത്തുന്നുണ്ട്.അതേ സമയം ഇന്നു മുതൽ മരട് നഗരസഭക്കു മുന്നിൽ ധർണ്ണ നടത്താന്‍ ഫ്ലാറ്റുടമകള്‍ തീരുമാനിച്ചിട്ടുണ്ട്.ഒപ്പം ഫ്ലാറ്റിനു മുന്നിൽ പന്തൽ കെട്ടിയുള്ള അനിശ്ചിതകാല റിലേ സത്യഗ്രഹത്തിനും ഇന്ന് തുടക്കമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News