കലാസ്വാദര്‍ക്കു വേറിട്ട അനുഭവമായി സീതകളി

ശ്രീരാമ വര്‍ണനയോടെ അവര്‍ ചുവടുവെച്ചു. സീതാകഥനത്തിന്റെ വഴികളിലേക്ക് ആസ്വാദകരെ കൂട്ടികൊണ്ട് പോയി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഓണം വാരാഘോഷത്തോടനുബന്ധിച്ച് ചതയ ദിനത്തില്‍ ആശ്രാമം 8 പോയിന്റ് ആര്‍ട്ട് കഫേയില്‍ അരങ്ങേറിയ സീതകളിയാണ് ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയത്.

പഴമയും തനിമയും ചോരാതെ സീതകളി നിലനിര്‍ത്താനുള്ള ശ്രമം ഏറ്റെടുത്തിരിക്കുന്ന പെരിനാട് സംഘത്തിന്റെ നേതൃത്വത്തിലാണ് കലാരൂപം അരങ്ങേറിയത്. രാമായണ കഥയിലെ വനയാത്ര മുതല്‍ ലങ്കാദഹനം വരെയുള്ള കഥാഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. സീതയുടെ വനയാത്ര മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള ഭാഗങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. യുദ്ധരംഗങ്ങളും തമാശ പാട്ടുകളുമൊക്കെ സീതകളിക്ക് മിഴിവേകി. മണികട്ടയും ഗഞ്ചിറയും ചെണ്ടയും താളക്കൊഴുപ്പേകി.

ആശാന്‍മാര്‍ എഴുതി ചിട്ടപ്പെടുത്തിയ പാട്ടിനും താളത്തിനുമൊത്ത് വേഷക്കാര്‍ ഭാവ തീവ്രതയോടെ ചുവടുവച്ചു. നാരദന്‍, ശ്രീരാമന്‍, ലക്ഷ്മണന്‍, സീത, കൈകേയി, മന്ഥര, ശൂര്‍പ്പണക, പൊന്‍മാന്‍, ഹനുമാന്‍, രാവണന്‍, ദശരഥന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ അരങ്ങിലെത്തി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അന്യംനിന്ന സീതകളിയുടെ പുനരാവിഷ്‌കാരത്തിലൂടെ ഈ കലാരൂപത്തിന്റെ പെരുമ കൂടുതല്‍ പേരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഡി.റ്റി.പി.സി സെക്രെട്ടറി ആര്‍. സന്തോഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News