ജിഎസ്‌ടിയില്‍ കൈവച്ച് കേന്ദ്രസര്‍ക്കാര്‍; മാന്ദ്യത്തെ നേരിടാന്‍ അറ്റകൈ പ്രയോഗം

ചരക്കുസേവന നികുതി(ജിഎസ്‌ടി) ഘടനയിൽ വീണ്ടും കേന്ദ്രസർക്കാർ മാറ്റംവരുത്തുന്നു. അടുത്തിടെ വിൽപ്പന കുറഞ്ഞ വാഹനങ്ങൾ, ബിസ്‌കറ്റ്‌ അടക്കമുള്ള ഉപഭോക്‌തൃ ഉൽപ്പന്നങ്ങൾ എന്നിവയുടെ നികുതി കുറയ്‌ക്കാനും ഇതിലൂടെയുണ്ടാകുന്ന വരുമാനചോർച്ച കുറയ്‌ക്കാൻ അടിസ്ഥാനനികുതി അഞ്ച്‌ ശതമാനത്തിൽനിന്ന്‌ എട്ടായി ഉയർത്താനുമാണ്‌ നീക്കം. 20ന്‌ ഗോവയിൽ ചേരുന്ന ജിഎസ്‌ടി കൗൺസിൽ യോഗം തീരുമാനമെടുക്കും. സാമ്പത്തിക മാന്ദ്യം രൂക്ഷമായതോടെ എന്തുചെയ്യണമെന്നറിയാതെ അറ്റകൈപ്രയോഗമെന്ന നിലയ്‌ക്കാണ്‌ ജിഎസ്‌ടിയിൽ മാറ്റം വരുത്തുന്നത്‌. വരുമാനത്തെ ബാധിക്കുമെന്നതിനാൽ പല സംസ്ഥാന സർക്കാരുകളും ഇതിനെതിരെ രംഗത്തുവന്നു.

വാഹനങ്ങളുടെയും സ്‌പെയർ പാർട്‌സുകളുടെയും നികുതി 28ൽനിന്ന്‌ 18 ശതമാനമായി കുറയ്‌ക്കാൻ വ്യവസായികൾ സമ്മർദം ചെലുത്തുന്നുണ്ട്‌. മന്ത്രി നിതിൻ ഗഡ്‌കരി ഇതിനെ പിന്തുണച്ചിട്ടുണ്ട്‌. ബിസ്‌കറ്റുകളുടെ നികുതി 18 നിന്ന്‌ 12 ശതമാനമാക്കും. ഭക്ഷ്യവസ്‌തുക്കൾ അടക്കമുള്ളവയുടെ കുറഞ്ഞ നികുതിയാണ്‌ വർധിപ്പിക്കുന്നത്‌. ഇത്‌ സാധാരണക്കാർക്ക്‌ ദോഷമാവും. ജിഎസ്‌ടി ഘടനയിൽ അടിക്കടി വരുത്തുന്ന മാറ്റങ്ങൾ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്‌. മിക്ക പരിഷ്‌കാരവും സംസ്ഥാനങ്ങളെയാണ്‌ വലയ്‌ക്കുന്നത്‌.

നോട്ടുനിരോധനവും തെറ്റായ സാമ്പത്തിക, തൊഴിൽനയങ്ങളും സൃഷ്ടിച്ച മാന്ദ്യമാണ്‌ പ്രതിഫലിക്കുന്നത്‌. നടപ്പുവർഷം ജിഎസ്‌ടി വരുമാനവളർച്ചയിൽ 16 ശതമാനമാണ്‌ കേന്ദ്രം ലക്ഷ്യമിട്ടത്‌. ഇത്‌ നേടണമെങ്കിൽ പ്രതിമാസം 1.17 ലക്ഷം കോടി രൂപ ലഭിക്കണം. ആഗസ്‌തിൽ ലഭിച്ചത്‌ 98,000 കോടി രൂപയാണ്‌.

വാഹനനികുതി കുറയ്‌ക്കുന്നതിനെ ബിഹാർ പിന്തുണയ്‌ക്കില്ലെന്ന്‌ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ മോഡി പറഞ്ഞു. വരുമാനത്തെക്കുറിച്ച്‌ കൃത്യമായ റിപ്പോർട്ട്‌ ലഭിക്കാതെ നികുതി കുറയ്‌ക്കുന്നതിനോട്‌ യോജിക്കില്ലെന്ന്‌ പശ്ചിമബംഗാൾ ധനമന്ത്രി അമിത്‌ മിത്ര പറഞ്ഞു. വാഹനനികുതി കുറയ്‌ക്കുന്നത്‌ പ്രായോഗികമല്ലെന്ന നിലപാടിലാണ്‌ പഞ്ചാബ്.

അന്യായ നികുതിഘടന കൊണ്ടുവരാനാണ്‌ ശ്രമമെന്ന്‌ സംസ്ഥാന ധനമന്ത്രി തോമസ്‌ ഐസക്‌ പ്രതികരിച്ചു. ജിഎസ്‌ടി നടപ്പാക്കുന്നതിനുമുമ്പ്‌ ഉപഭോക്‌തൃ സാമഗ്രികളുടെ നികുതി ശരാശരി 35 ശതമാനമായിരുന്നു. അത്‌ 18 ശതമാനമായി കുറയ്‌ക്കാനാണ്‌ ചിലർ ആർത്തുവിളിക്കുന്നത്‌–- -അദ്ദേഹം ട്വീറ്റ്‌ ചെയ്‌തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here