കിഫ്‌ബി : 30,000 കോടിയുടെ നിർമാണപ്രവൃത്തികൾ ഈ വർഷം പൂർത്തിയാകും

സംസ്ഥാനത്ത്‌ ഈ സാമ്പത്തികവർഷം 30,000 കോടി രൂപയുടെ നിർമാണപ്രവൃത്തികൾ പൂർത്തിയാക്കും. കേരള അടിസ്ഥാനസൗകര്യ വികസന നിധി (കിഫ്‌ബി) വഴി ധനസമാഹരണം നടത്തുന്ന പദ്ധതികളാണ്‌ പൂർത്തിയാകുന്നത്‌. പ്രതിവർഷം 5000 മുതൽ 7000 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ മാത്രമാണ്‌ അടുത്തകകാലം വരെ സംസ്ഥാനത്ത്‌ നടന്നത്‌. മൂന്നുവർഷത്തിനുള്ളിൽ 50,000 കോടിയുടെ പദ്ധതികളുടെ പൂർത്തീകരണത്തിന്‌ വലിയ കുതിപ്പാണ്‌ നടത്തുന്നതെന്ന്‌ കിഫ്‌ബി ജനറൽ ബോഡി വിലയിരുത്തി.

മലയോര ഹൈവേ നിർമാണം പുരോഗമിക്കുന്നു. 1251 കിലോമീറ്റർ പാതയുടെ നിർമാണച്ചെലവ്‌ 3500 കോടിയാണ്‌. 6500 കോടിയുടെ തീരദേശപാതയ്‌ക്കും തുടക്കമായി. 23 വകുപ്പ്‌ സമർപ്പിച്ച 591 പദ്ധതിക്കാണ്‌ കിഫ്‌ബി അംഗീകാരം. 45,619 കോടിയാണ്‌ ഇവയുടെ അടങ്കൽ. വ്യവസായ പാർക്കുകൾക്കുള്ള 14,275.17 കോടിയും ഇതിൽപ്പെടും. ഇതിനകം 10,600 കോടിയുടെ 318 പ്രവൃത്തി ടെൻഡറായി. 7030 കോടിയുടെ 228 പദ്ധതികളുടെ നിർമാണം ആരംഭിച്ചു.

പൊതുമരാമത്തു വകുപ്പിന്റെ 10,898 കോടിയുടെ 256 പദ്ധതി അംഗീകരിച്ചു. 124 എണ്ണം ടെൻഡറായി. 3334 കോടിയുടെ 109 പദ്ധതികൾ ആരംഭിച്ചു. 35 പാലം, നാല്‌ ഫ്‌ളൈഓവർ, എട്ട്‌ ബൈപാസ്‌, 146 റോഡ്‌ ഉൾപ്പെടെയാണ്‌ അംഗീകാരമായത്‌. 10 പാലവും ഒരു ഫ്‌ളൈഓവറും നിർമാണം തുടങ്ങി. 82 റോഡ്‌ പുരോഗമിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 76 പദ്ധതി അംഗീകരിച്ചതിൽ 50 ഉം തുടങ്ങി.

246.91 കോടിയുടെ പ്രവൃത്തികളാണ്‌ മുന്നേറുന്നത്‌. ആരോഗ്യ വകുപ്പിൽ 1819.80 കോടിയുടെ 23 പദ്ധതിയിൽ ഒമ്പതെണ്ണം പൂർത്തിയായി. ജലവിഭവ വകുപ്പിന്റെ 4448.98 കോടിയുടെ പദ്ധതികളിൽ 1110 കോടിയുടേത്‌ ടെൻഡർ ചെയ്‌തു. 25 എണ്ണം ആരംഭിച്ചു. കണ്ണൂർ, പാലക്കാട്‌ ജില്ലകളിലാണ്‌ വ്യവസായ പാർക്കുകൾക്ക്‌ സ്ഥലം ഏറ്റെടുക്കുന്നത്‌. ആലപ്പുഴ പൈതൃക സംരക്ഷണപദ്ധതി പുരോഗമിക്കുന്നു. രണ്ടാംഘട്ടത്തിനും അനുമതിയായി. പുതിയ 32 സ്‌റ്റേഡിയങ്ങളിൽ 14 എണ്ണം തുടങ്ങി. നാല്‌ മോഡൽ റെസിഡൻഷ്യൽ സ്കൂൾ കെട്ടിടങ്ങൾക്കും തുടക്കമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News