മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്തു മുംബൈ മലയാളി വ്യവസായികൾ

കേരളത്തിൽ അതിശക്തമായ വ്യവസായ സൗഹൃദ അന്തരീക്ഷമാണുള്ളതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ ഇരുകൈകളും നീട്ടിയാണ് മുംബൈ മലയാളി വ്യവസായികൾ സ്വാഗതം ചെയ്തത്.

മുംബൈയിലെ ഹോട്ടൽ വ്യവസായ രംഗത്തെ പ്രമുഖനായ വിവേക് നായർ, വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ പ്രിൻസ് വൈദ്യൻ, കെട്ടിട നിർമ്മാണ രംഗത്തെ പ്രമുഖനായ ഡോ റോയ് ജോൺ മാത്യു, മുതിർന്ന കോൺഗ്രസ് നേതാവും വ്യവസായിയുമായ കുമാരൻ നായർ, കയറ്റുമതി രംഗത്തെ പ്രമുഖനായ എം കെ നവാസ്, എത്തനോൾ ഉൽപ്പാദന രംഗത്ത് ശ്രദ്ധേയനായ സുകുമാര പണിക്കർ തുടങ്ങിയ മുംബൈയിലെ വ്യവസായ സമൂഹം പ്രത്യാശയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവനയോട് പ്രതികരിച്ചത്.

സംസ്ഥാനത്ത് നല്ല തോതില്‍ നിക്ഷേപങ്ങൾ വിവിധ മേഖലകളിലായി ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ടെന്ന കാര്യങ്ങൾ നിസാന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ വന്നതിനെ തെളിവായി ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി സംസാരിച്ചത്. അന്താരാഷ്ട്ര പ്രശസ്തിയുള്ള ഒട്ടേറെ സ്ഥാപനങ്ങള്‍ സംസ്ഥാനത്തേക്ക് വരികയാണെന്നും അദ്ദേഹം കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ ചേമ്പര്‍ അവാര്‍ഡ് സമര്‍പ്പണ ചടങ്ങിൽ സൂചിപ്പിച്ചു. നാട്ടില്‍ വ്യവസായം നടത്താന്‍ പ്രാപ്തരായ ആളുകളുടെ വ്യവസായം നല്ലതോതില്‍ അഭിവൃദ്ധിപ്പെട്ടു പോകണമെന്നത് കൊണ്ടാണ് ലൈസന്‍സ് ലഭിക്കുന്നതിന് ചില പുതിയ കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു

കേരളത്തിൽ സ്വന്തമായി ഒരു സംരംഭം തുടങ്ങുവാൻ ആലോചിക്കുന്ന പ്രവാസികൾക്ക് പ്രചോദനം നൽകുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നാണ് പ്രിൻസ് വൈദ്യന്റെ ആദ്യ പ്രതികരണം. ബന്ധപ്പെട്ട വകുപ്പുകളിൽ അനുമതിക്കും മറ്റുമായി നേരിട്ട് കൊണ്ടിരുന്ന ബുദ്ധിമുട്ടുകളാണ് പല ചെറുകിട വ്യവസായികളെയും അകറ്റി നിർത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്നും ഉടനെ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി സംരംഭകരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയണമെന്നും പ്രിൻസ് വൈദ്യൻ അഭിപ്രായപ്പെട്ടു. നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞു നിക്ഷേപകരെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാഹചര്യം അനുകൂലമായാൽ താനടക്കമുള്ള പ്രവാസികൾ ജന്മനാട്ടിൽ നിക്ഷേപം നടത്തുവാൻ മുന്നോട്ടു വരുന്ന കാലം വിദൂരമല്ലെന്നു പ്രിൻസ് ഉറപ്പ് നൽകി.

കേരള സർക്കാരിന്റെ വ്യവസായ സൗഹൃദ സമീപനത്തെ ശ്ലാഘിച്ചു കൊണ്ടാണ് കെട്ടിട നിർമ്മാണ രംഗത്തെ പ്രമുഖനായ ഡോ റോയ് ജോൺ മാത്യു സംസാരിച്ചത്. മുംബൈ, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളോട് കിട പിടിക്കുന്ന വ്യവസായ സംരംഭങ്ങൾ കേരളത്തിൽ തുടങ്ങാനാകുമെന്നും അദ്ദേഹം പറഞ്ഞു. റിയൽ എസ്റ്റേറ്റ് മേഖലയിലെ സ്റ്റാമ്പ് ഡ്യൂട്ടി, റജിസ്‌ട്രേഷൻ കൂടാതെ ബാങ്ക് ലോൺ തുടങ്ങിയ നടപടി ക്രമങ്ങൾ ലഘൂകരിക്കണമെന്നും ഡോ ജോൺ മാത്യു പറഞ്ഞു.

കേരള മുഖ്യമന്ത്രിയുടെ വാക്കുകൾ പ്രചോദനം നൽകുന്നതാണെന്നും കേരളത്തെ ഒരു വ്യവസായ സൗഹൃദ സംസ്ഥാനമാക്കുവാനുള്ള നടപടി ക്രമങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും ഹോട്ടൽ വ്യവസായ രംഗത്തെ പ്രമുഖനായ വിവേക് നായർ പറഞ്ഞു. കേരളത്തിൽ നടക്കുന്ന എല്ലാ വികസന സംരംഭങ്ങളെയും സ്വാഗതം ചെയ്തിട്ടുള്ളവരാണ് പ്രവാസി മലയാളികളെന്നാണ് മുംബൈയിലെ മുതിർന്ന കോൺഗ്രസ് നേതാവും ഹോട്ടൽ വ്യവസായിയുമായ കുമാരൻ നായർ പറഞ്ഞത്.

കയറ്റുമതി രംഗത്തെ പ്രമുഖനായ എം കെ നവാസ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്തു.ജന്മ നാട്ടിൽ നിക്ഷേപം നടത്താനും പുതിയ സംരംഭങ്ങൾ ആരംഭിക്കുവാനും പ്രവാസി മലയാളികൾക്ക് ലഭിക്കുന്ന വലിയൊരു അവസരമാണ് കേരള സർക്കാർ തുറന്നിടുന്നതെന്ന് നവാസ് കൂട്ടിച്ചേർത്തു.

പോയ വാരം കേരള വ്യവസായ മന്ത്രി ഇ പി ജയരാജൻ പുണെയിലെ വ്യവസായികളെ പങ്കെടുപ്പിച്ചു നടത്തിയ വ്യാവസായിക സെമിനാറിനും അനുകൂലമായ പ്രതികരണമാണ് പ്രദേശത്തെ വ്യവസായ സമൂഹം നൽകിയത്. സമാനമായ സെമിനാർ മുംബൈയിലും സംഘടിപ്പിച്ചു കേരളത്തിലെ വ്യവസായ സാധ്യതകളെയും അനുകൂലമായ നൂതന സംരംഭങ്ങളെയും പരിചയപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് വ്യവസായ വകുപ്പും കിൻഫ്രയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News