നെടുങ്കണ്ടം കസ്റ്റഡി മരണം; എസ് ഐ സാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ

നെടുങ്കണ്ടം കസ്റ്റഡി മരണ കേസിലെ ഒന്നാം പ്രതി എസ് ഐ സാബുവിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കഴിഞ്ഞ മാസമാണ് സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇത് റദ്ദാക്കാണം എന്നാവശ്യപ്പെട്ടാണ് ഹർജി. സാബു ജാമ്യത്തിൽ തുടരുന്നത് അന്വേഷണത്തെ സാരമായി ബാധിക്കുമെന്ന് ഹർജിയിൽ സർക്കാർ ചൂണ്ടിക്കാട്ടി.

നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണ കേസിൽ ഒന്നാം പ്രതിയായ എസ് ഇ സാബുവിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം 13ന് ഹൈക്കോടതി സാബുവിന് ജാമ്യം നൽകിയിരുന്നു. സാക്ഷികളുടെ മൊഴിയെടുപ്പ് ഉൾപ്പടെ അന്വേഷണം ഏറെക്കുറെ പൂർത്തി ആയെന്ന് നിരീക്ഷിച്ചായിരുന്നു ജാമ്യം. ഇത് ചോദ്യം ചെയ്താണ് സർക്കാരിന്റെ ഹർജി. സാബു ജാമ്യത്തിൽ നിൽക്കുന്നത് സുഗമമായ അന്വേഷണത്തെ ബാധിക്കും എന്ന് ഹർജിയിൽ സർക്കാർ ചൂണ്ടിക്കാട്ടി. തെളിവുകൾ നശിപ്പിക്കാനും, സാക്ഷികളെ സ്വാധീനിക്കാനും സാബുവിന് കഴിയും. ജാമ്യം തുടരുകയാണെങ്കിൽ കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംബത്തിന് ബുദ്ധിമുട്ട് ഉണ്ടാകും. അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിൽ ജാമ്യം നൽകിയത് ശരിയല്ല എന്നുമാണ് ഹർജിയിലെ വാദങ്ങൾ.

കസ്റ്റഡി മരണ കേസുകൾ പരിഗണിക്കുമ്പോൾ കോടതി പാലിക്കേണ്ട ജാഗ്രത സംബന്ധിച്ച് സുപ്രീംകോടതി തന്നെ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഈ മാർഗ നിർദേശത്തിന് വിരുദ്ധമായാണ് ഹൈക്കോടതി ജാമ്യം നൽകിയതെന്നും സർക്കാർ വ്യക്തമാക്കി. കസ്റ്റഡി മരണമാണ് ഉണ്ടായതെന്ന് ഉറപ്പിക്കാൻ പോലീസ് സ്റ്റേഷനിലെയും, ജയിലിലെയും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചില്ല എന്ന ഹൈക്കോടതിയുടെ കണ്ടെത്തലിനെ സർക്കാർ ഹർജിയിൽ എതിർത്തു. ദൃശ്യങ്ങളിൽ മറ്റ് ഇടപെടലുകൾ ഉണ്ടാകാതിരിക്കാൻ ആണ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കുന്നതിന് മുമ്പ് ദൃശ്യങ്ങൾ പകർത്താത്തത് എന്നും അപ്പീലിൽ സർക്കാർ വിശദീകരിക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here