
കൊച്ചി: മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ഫ്‌ളാറ്റ് ഉടമകള്‍ക്കൊപ്പം സിപിഐഎം ഉണ്ടാകുമെന്നും സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും കോടിയേരി ഉറപ്പ് നല്‍കി. ഫ്ളാറ്റ് ഉടമകള്‍ക്കുള്ള ഐക്യദാര്‍ഢ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
ഫ്ളാറ്റ് പൊളിക്കുന്ന കാര്യത്തില്‍ അസാധാരണമായ വിധിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. സ്വഭാവിക നീതിയുടെ നിഷേധമാണ് വിധി. എല്ലാ നിയമവും അനുസരിച്ച് പണമടച്ച് ആധാരം രജിസ്റ്റര്‍ ചെയ്ത് ഫ്ളാറ്റ് സ്വന്തമാക്കിയ ഉടമകള്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ബില്‍ഡേഴ്സ് ആണ് നിയമ ലംഘനം നടത്തിയത്.
സുപ്രീംകോടതി വിധി നടപ്പാക്കുകയാണെങ്കില്‍ എന്തെല്ലാം പ്രശ്നമാണ് നേരിടേണ്ടി വരിക. ഈ ഫ്ളാറ്റ് പൊളിക്കാന്‍ 50 കോടിയെങ്കിലും വേണം. ആരാണ് ഈ പണം മുടക്കുക. അതേ കുറിച്ച് എന്തെങ്കിലും കോടതി പറഞ്ഞിട്ടുണ്ടോ.ഇനി അത് പൊളിക്കുകയാണെങ്കില്‍ അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നം എങ്ങിനെ നേരിടാനാകും.
പ്രളയം കഴിഞ്ഞ കാലഘട്ടത്തില്‍ 50 കോടി ഉണ്ടെങ്കില്‍ വീടുനഷ്ടമായ എത്രപേര്‍ക്ക് വീട് നിര്‍മ്മിച്ചുകൊടുക്കാന്‍ കഴിയും. അപ്പോഴാണ് ഉണ്ടാക്കിവെച്ച ഫ്ളാറ്റ് പൊളിച്ച് 350 കുടുംബങ്ങളെ വഴിയാധാരമാക്കണമെന്ന് കോടതി പറയുന്നത്.
കുടിയൊഴിപ്പിക്കല്‍ എവിടെയാണെങ്കിലും ഇരകള്‍ക്കൊപ്പം നിന്ന പാരമ്പര്യമാണ് സിപിഐമ്മിനുള്ളത്. അതിനാല്‍ ഇവിടെ ഫ്ളാറ്റ് ഉടമകള്‍ക്കൊപ്പമാണ് സിപിഐഎം. ഇവിടെ നിന്ന് ഉടമകള്‍ ഇറങ്ങേണ്ടിവന്നാല്‍ അവര്‍ക്കൊപ്പം നാട്ടുകാരും സിപിഐ എമ്മും ഉണ്ടാകും.
നിലവിലെ നിയമമനുസരിച്ച് ഇവിടെ ഇതേപോലുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിന് നിയമതടസ്സമില്ല. ഇത് പൊളിച്ച് ഇവിടെതന്നെ ഇതുപോലെ ഒരു കെട്ടിടം നിര്‍മ്മിക്കാം. പൊളിക്കണമെന്ന് പറയുമ്പോള്‍ അതും പരിഗണിക്കണമല്ലോ. നിയമലംഘനം നടക്കുമ്പോള്‍ ആണ് ഇടപെടല്‍ ഉണ്ടാകേണ്ടത്. ഇതിന് കാരണക്കാരായ ബില്‍ഡേഴ്സിനും ഉദ്യോഗസ്ഥര്‍ക്കും എതിരെയാണ് നടപടി വേണ്ടത്. എന്നാല്‍ സുപ്രീംകോടതി അതേ കുറിച്ചൊന്നും പറയുന്നില്ല. ഉടമകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കണം എന്നുപോലും വിധിയില്‍ പറഞ്ഞിട്ടില്ല. പുന:പരിശോധനാ ഹര്‍ജി പരിഗണിക്കുമ്പോള്‍ മാനുഷിക പരിഗണന നല്‍കണം.
സുപ്രീംകോടതി വിധി ഇപ്പോള്‍ നടപ്പാക്കിയാല്‍ അത് ഈ കെട്ടിടത്തില്‍ മാത്രമായി ഒതുങ്ങില്ല. മറ്റ് കെട്ടിടങ്ങളിലേക്കും വീടുകളിലേക്കും ഈ വിധി വരും. അതിനാല്‍ എറണാകുളത്തെ ജനങ്ങള്‍ രാഷ്ട്രീയ ഭേദം മാറ്റിവെച്ച് ഈ വിധി നടപ്പാക്കുന്നത് ഒഴിവാക്കാന്‍ ഒന്നിച്ച് നില്‍ക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here