സരിതയുമായുള്ള ബന്ധത്തിന് തടസമായതിനാല്‍ രശ്മിയെ കൊന്നു; നിരവധി തെളിവുകള്‍

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

ബിജു രാധാകൃഷ്ണന്‍, അമ്മ രാജമ്മാള്‍ എന്നിവരെ വെറുതെ വിട്ട ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്തു.

ഈ വര്‍ഷം ഏപ്രില്‍ 12നാണ് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബിജു രാധകൃഷ്ണനെയും അമ്മ രാജമ്മാളിനേയും വെറുതെ വിട്ട് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ് ഇറക്കിയത്. ഇരുവര്‍ക്കും ശിക്ഷ വിധിച്ചുള്ള സെഷന്‍സ് കോടതി വിധി റദ്ദാക്കി കൊണ്ടായിരുന്നു നടപടി.

ഈ ഉത്തരവ് ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മിയുടെ മരണം സ്വാഭാവിക മരണം അല്ല. വിഷം കഴിച്ച് മരിച്ചു എന്ന പ്രതി ഭാഗത്തിന്റെ വാദം തെറ്റാണ്.

പത്തോളജി, ഫോറന്‍സിക്, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് ശരി വയ്ക്കുന്നുവെന്ന് ഹര്‍ജിയില്‍ വാദിക്കുന്നു.

ഭാര്യ മരിച്ച ദിവസം തന്നെ ബിജു രാധാകൃഷ്ണന്‍ ഒളിവില്‍ പോയി. മരണത്തെക്കുറിച്ച് ഓരോ മൊഴികളിലെയും വൈരുധ്യങ്ങള്‍ ബിജു രാധാകൃഷ്ണന്റെ പങ്ക് വ്യക്തമാക്കുന്നു.

സരിത എസ് നായരുമായുള്ള ബന്ധത്തിന് തടസമായതിനാല്‍ രശ്മിയെ കൊലപ്പെടുത്തുകയായിരുന്നു എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഗാര്‍ഹിക പീഡനത്തിന് ബിജു രാധാകൃഷ്ണനെതിരെ നിരവധി തെളിവുകളും സാക്ഷി മൊഴികളുമുണ്ട്.

എന്നിട്ടും സ്ത്രീധന പീഡനം മൂലമുള്ള കൊലപാതകം എന്ന വശം ഹൈക്കോടതി പരിഗണിച്ചതേ ഇല്ല എന്നത് ഹൈക്കോടതി ഉത്തരവിലെ വീഴ്ചയാണെന്ന് ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു.

കേസില്‍ 2014 ജനുവരിയില്‍ സെഷന്‍സ് കോടതി ബിജു രാധാകൃഷ്ണന് ജീവപര്യന്തം തടവും അമ്മ രാജമ്മാളിന് മൂന്നുവര്‍ഷം കഠിനതടവും വിധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here