സാമ്പത്തിക മാന്ദ്യത്തിന്റെ കാണാപുറങ്ങള്‍; മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യയിലെ യുവാക്കളെ ബാധിച്ചതെങ്ങനെ;സുധാ മേനോന്റെ കുറിപ്പ് വായിക്കാം

രണ്ടായിരത്തി അഞ്ചു മുതലുള്ള എന്റെ അടുത്ത സുഹൃത്താണ് രാമകൃഷ്ണ റാട്ടി. മാര്‍വാഡി ആണെങ്കിലും വര്ഷങ്ങളായി ഗുജറാത്തില്‍ താമസിക്കുന്ന, ഞങ്ങള്‍ കൂട്ടുകാര്‍ സ്‌നേഹത്തോടെ രാംകി എന്ന് വിളിക്കുന്ന രാമകൃഷ്ണ കടുത്ത വലതുപക്ഷക്കാരനാണ്. ഒരു വന്‍കിട FMCG കമ്പനിയില് മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ സീനിയര്‍ മാനേജര്‍. ജമ്‌നലാല്‍ ബജാജ് ഇന്‌സ്ടിട്ടുട്ടില്‍ നിന്നും MBAയും, NIT യില്‍ നിന്നും എഞ്ചിനീയരിങ്ങും കഴിഞ്ഞ മിടുക്കനായ രാംകിയുടെ റോള്‍ മോഡല്‍ ലീ ക്വാന്‍ യു ആയിരുന്നു. ആധുനിക സിംഗപൂരിന്റെ മുഖച്ചായ മാറ്റിയ, സാക്ഷാല്‍ ലീ.

ഇന്ത്യയുടെ പ്രശ്‌നം ലീ ക്വാന്‍ പോലുള്ള നേതാക്കന്മാര്‍ ഇല്ലാത്തത് ആണെന്നും, നെഹ്രുവിനു പകരം, കറ കളഞ്ഞ വലതുപക്ഷ-സ്വകാര്യമുതലാളിത്തത്തിന്റെ വക്താവ് ആയിരുന്ന സര്‍ദാര്‍ പട്ടേല്‍ ആയിരുന്നു ആദ്യപ്രധാനമന്ത്രി എങ്കില്‍ ഇന്ത്യ എന്നേ ഒരു മാനുഫാക്ച്ചരിംഗ് ഹബ് ആയിരുന്നേനെ എന്നും രാംകി സ്ഥിരമായിവാദിക്കും. ഒരു സിറ്റി- സ്റ്റേറ്റ് മാത്രമായ സിംഗപ്പൂര്‍ അല്ല, ഇന്ത്യയെന്ന മഹാരാജ്യവും, അതിന്റെ സങ്കീര്‍ണ്ണമായ സാമൂഹ്യ- സാമ്പത്തിക ഘടനയും എന്ന് പറഞ്ഞാല്‍ രാംകി, നെഹ്രുവിന്റെ അനാവശ്യമായ സോഷ്യലിസ്റ്റ് ഗൃഹാതുരതയാണ് ഇന്ത്യന്‍ യുവാക്കളുടെ കുതിപ്പിന്റെ ചിറക് ഒടിച്ചത് എന്ന് പ്രാകും.

രാംകി എന്റെ വീട്ടിലേക്കു ആദ്യമായി മധുരം കൊണ്ടുവന്നത്, രത്തന്‍ ടാറ്റാ നാനോ പ്ലാന്റ് അഹമ്മദാബാദിലെ സാനന്തിലേക്ക് മാറ്റാന്‍ തീരുമാനിച്ച ദിവസമായിരുന്നു.
രാംകി ജീവിതത്തില്‍ പങ്കെടുത്ത ഒരേ ഒരു സമരം, അണ്ണാഹസാരെയുടെ അഴിമതിവിരുദ്ധ പോരാട്ടമായിരുന്നു. അണ്ണാക്യാപ്പും ഇട്ട്, വൈകുന്നേരങ്ങളില്‍ രാംകി അഴിമതിക്കെതിരെ മെഴുകുതിരി കത്തിക്കാന്‍പോയി. മന്‍മോഹന്‍ സിംഗിനെ എന്നും ചീത്ത വിളിച്ചു.
പക്ഷെ ആപ്പില്‍ രാംകിക്ക് വിശ്വാസം ഉണ്ടായിരുന്നില്ല.

രാംകിയുടെ വികാസ് പുരുഷന്‍ എന്നും നരേന്ദ്രമോദി ആയിരുന്നു. പുരോഗതിയിലേക്ക് കുതിക്കാന്‍ കൊതിക്കുന്ന ഓരോ ഇന്ത്യന്‍ യുവാവും, സാധാരണക്കാരനായ, ‘എലീറ്റ്- ഹാര്‍വാര്‍ഡ്- ലുട്ട്യെന്‍സ് ഡല്‍ഹി’ പ്രിവിലെജുകള്‍ ഒന്നുമില്ലാത്ത നരേന്ദ്ര മോദിയില്‍ ആണ് ഇന്ത്യയുടെ ലീ ക്വാനെ തിരയേണ്ടത് എന്ന് അസന്നിഗ്ദ്ധമായി രാംകി വിശ്വസിച്ചു. മുഖച്ഛായ മാറിയ ഗുജറാത്ത് അത് അരക്കിട്ടുറപ്പിച്ചു. ജഗദീഷ് ഭഗവതിയും, അരവിന്ദ് പനാഗരിയയും എഴുതിയ ഗുജരാത്ത് മോഡല്‍ വാഴ്തുപാട്ട് നിരന്തരം ആവര്‍ത്തിക്കാന്‍ തുടങ്ങി.

സന്ഘിയോ മൃദുഹിന്ദുവോ ഒന്നും അല്ലാത്ത രാംകി, അതുകൊണ്ട് തന്നെ രണ്ടായിരത്തി പതിനാലിലെ പൊതു തിരഞ്ഞെടുപ്പില്‍ ആദ്യമായി, വളരെ സജീവമായി BJP ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. പപ്പു തമാശകളും, ഗാന്ധികുടുംബ അശ്ലീലതമാശകളും നിരന്തരം എനിക്ക് ഫോര്‍വേര്‍ഡ് ചെയ്തു. മുഖച്ഛായ മാറുന്ന, അഴിമതിമുക്തമായ ഇന്ത്യന്‍ എക്കോണമി ആയിരുന്നു രാംകിയുടെയും, അവനെപോലുള്ള ധാരാളം urban- middle class കോര്‍പ്പറേറ്റ് ചുണക്കുട്ടന്മാരുടെയും പ്രതീക്ഷ. അച്ചാ ദിന്‍ വാഗ്ദാനം ചെയ്ത നരേന്ദ്രമോദി ആ പ്രതീക്ഷകള്‍ക്ക് ചിറകുകള്‍ മുളപ്പിച്ചു.

നോട്ടു നിരോധനവും, GSTയും ഒക്കെ ലീ ക്വാന് ആകാനുള്ള ചുവടുവെയ്പ്പുകള് ആണെന്ന് രാംകി ആത്മാര്‍ഥമായി വിശ്വസിച്ചു. കാര്‍ഷികപ്രതിസന്ധിയും, distress sales ഉം, കടക്കെണിയും, അസംഘടിതമേഖലയിലെ കടുത്ത തൊഴിലില്ലായ്മയും ഒക്കെ ചൂണ്ടിക്കാണിച്ചപ്പോള്‍ അവന്, അടുത്ത ടേമില്‍ എല്ലാം ശരിയാകുമെന്നും, കോണ്‍ഗ്രസ് തകര്‍ത്തുകളഞ്ഞ ഇക്കോണമിയെ ശരിയാക്കല്‍ എളുപ്പമല്ലെന്നും ഓര്‍മിപ്പിച്ചു. NREGA പോലുള്ള പദ്ധതികളെ എന്നും പഴിച്ചു.

പക്ഷെ, ഇന്നലെ, ഉലഞ്ഞ ഷര്‍ട്ടും, സങ്കടം നിറഞ്ഞ മുഖവുമായി രാംകി എന്നെ കാണാന്‍ വന്നു. കമ്പനി പിരിച്ചു വിടല് നോട്ടീസ് കൊടുത്തിരിക്കുന്നു. മൂന്നു മാസത്തെ സമയം. ഗ്രാമീണമേഖലയില്‍ കച്ചവടം തീരെ കുറവ്. ടാര്‍ഗറ്റ് തികക്കാന്‍ പോയിട്ട് കച്ചവടം ഇല്ലാതായി. കടുത്ത മത്സരവും. കുറെ പേര്‍ക്ക് തൊഴില്‍ പോകും. കുട്ടികളുടെ ഫീസ്, ഹൌസിംഗ് ലോണ്‍ തിരിച്ചടവ്,ജീവിത നിലവാരം…സമ്പാദ്യം ഏറെയും സ്റ്റോക്ക് മാര്‍ക്കറ്റില്‍.. അടുത്തെങ്ങും അങ്ങോട്ട് നോക്കിയിട്ട് കാര്യമില്ല. ഭാവി ഇരുട്ടില്‍. എന്ത് ചെയ്യണം എന്നറിയില്ല.ആദ്യമായാണ് ഇത്ര ഉള്ളുലഞ്ഞു അവനെ കാണുന്നത്. എല്ലാ പ്രതീക്ഷകളും തകര്‍ന്ന മുഖം.

പാവം രാംകിയെപോലെ എത്രയോ പേര്‍ ഇങ്ങനെ കരയുന്നുണ്ടാകും? രണ്ടായിരത്തി ഒന്‍പതില്‍- ആഗോളമാന്ദ്യത്തിന്റെ കാലത്ത് പോലും FMCG യില്‍ തൊഴില്‍ പ്രതിസന്ധി ഉണ്ടായിട്ടില്ലെന്ന് അവന്‍ പറഞ്ഞു. ഒരു ആശ്വാസവാക്കുപോലും പറയാനാവാതെ ഞാന്‍ ഇരുന്നുപോയി. ‘ഇവര്‍ക്കിത് മാനേജ് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല ദീദി, ‘tripling effect of this slow down will be disastrous’. അവന്റെ ദയനീയത കണ്ടിട്ട് എനിക്ക്ഒന്നും പറയാന്‍ തോന്നിയില്ല. കര്‍ഷകരുടെ ഐതിഹാസികമായ മാര്‍ച്ച് പോലും പരിഹസിച്ച് തള്ളിയവര്‍ ആണ് ഇന്ന് ദുരന്തം സ്വന്തം ജീവിതത്തിലേക്ക് ചുവടുവച്ചപ്പോള്‍ പകച്ചുപോകുന്നത്.

നോട്ടുനിരോധനവും, വരള്‍ച്ചയും, കാര്‍ഷികരംഗത്തെ തകര്തുകളഞ്ഞപ്പോള്‍, ആത്യന്തികമായി അത് ബാധിക്കുന്നത് തങ്ങളുടെ rural salesകൂടെയാണെന്ന് ലീ ക്വാനെ കാത്തിരുന്നവര്‍ മറന്നുപോയി. ഇന്ത്യന്‍ അസംഘടിതമേഖലയുടെ വ്യാപ്തിയും, ഘടനാപരമായ സങ്കീര്‍ണ്ണതയും, മനസിലാക്കാതെയുള്ള ഏതു എടുത്തു ചാട്ടവും അതിഭയങ്കരമായ തിരിച്ചടികള്‍ ഉണ്ടാക്കുമെന്ന് അവര്‍ മനസിലാക്കിയില്ല. വൈകി ആണെങ്കിലും രാംകിക്ക് അത് മനസിലായി.

ഇന്ന് ഗ്രാമങ്ങളില്‍ പാവപ്പെട്ട സ്ത്രീകള്‍ക്ക് റൊട്ടിയും ചോറും കഴിക്കാന്‍ പറ്റുന്നത്, ദേശിയ വേസ്റ്റ് എന്ന് urban middleക്ലാസ്സ് പരിഹസിച്ച NREGS കാരണമാണ്. അതൊരു ‘ ഗ്യാരണ്ടി’ ആയതുകൊണ്ട് മാത്രമാണ്. കാരണം, കൃഷി മാത്രമല്ല, നെയ്ത്തും, തുണിയും,ആഭരണനിര്‍മാണവും ഒക്കെ വന്‍ നഷ്ടത്തില്‍ ആണ്. എനിക്ക് നേരിട്ട് അറിയാവുന്ന പല ചെറുകിട കമ്പനികളും ഉല്‍പ്പാദനം നിര്‍ത്തി. ഞാന്‍ കൂടി ഭാഗമായ Artisan സഹകരണസംഘങ്ങള്‍ ഒരു വര്‍ഷമായിവന്‍ പ്രതിസന്ധിയില്‍ ആണ്. ഓര്‍ഡരുകള് നന്നേ കുറഞ്ഞു. ഇപ്പോള്‍ retail സ്ഥാപനങ്ങള്‍ക്ക് വേണ്ടി കുറഞ്ഞ കൂലിയില്‍ പീസ് വര്‍ക്ക് ചെയ്യേണ്ടിവരുന്നു. ബാങ്ക് ലോണ്‍ കിട്ടാതായതും, കയറ്റുമതി കുറഞ്ഞതും, ഒക്കെ കാരണങ്ങള്‍. നിര്‍മാണതൊഴിലാളികള്‍ മാസങ്ങള്‍ ആയി പട്ടിണിയില്‍ ആണ്. സങ്കീര്‍ണ്ണമായ ഒരു സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണ് രാജ്യം.

ആരാണ് ഇതിനുത്തരം പറയേണ്ടത്? ജവഹര്‍ലാല്‍ നെഹ്റു ആണോ? ഹിന്ദുത്വം മാത്രമല്ല, പര്‍വതീകരിച്ച വികസനസ്വപ്നങ്ങളും കൂടി തിരഞ്ഞെടുപ്പ് വിപണിയില്‍ വിറ്റ് വോട്ടാക്കി ഒരുപാട് യുവാക്കളുടെ സ്വപ്നങ്ങളെ ചൂഷണം ചെയ്തുകൊണ്ട് അധികാരം നേടിയവര്‍ എന്ത് കൊണ്ട് മൌനം പാലിക്കുന്നു? . പ്രഗല്‍ഭരായ ഉപദേശകരും, വിദഗ്ദ്ധരും ഒഴിഞ്ഞുപോയിക്കഴിഞ്ഞു. RBI യും Niti ആയോഗും ഒടുവില്‍ മൌനം ഉടച്ചു. എന്നിട്ടും മണ്ടത്തരങ്ങള്‍ കൊണ്ട് പിന്നെയും പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുകയാണ് ലീ ക്വാന്‍ ആകാന്‍ പുറപ്പെട്ടവര്‍.പക്ഷെ, ഇന്ത്യന്‍ജനത നിശബ്ദരാണ്. ആരും മെഴുകുതിരി കത്തിക്കുകയോ, അണ്ണാ ഹസാരെ തൊപ്പിയിടുകയോ ചെയുന്നില്ല. ആര്‍ക്കും സമരം ചെയ്യേണ്ട.

ഒരു കാര്യത്തില്‍ രാംകിയെ പോലുള്ളവര്‍ക്ക് ആശ്വസിക്കാം. സാമ്പത്തിക രംഗത്ത് സിംഗപ്പൂര്‍- ഈസ്റ്റ് ഏഷ്യന്‍ മാജിക് നടത്താന്‍ കഴിഞ്ഞില്ലെങ്കിലും, മാനുഫാക്ച്ചരിംഗ് വിപ്ലവത്തിനു പകരം ഫാക്ടറികളുടെ സമ്പൂര്‍ണ്ണമായ അടച്ചുപൂട്ടല്‍ വിപ്ലവം ആണ് ഇന്ത്യയില്‍ ഇന്ന് നടക്കുന്നതെങ്കിലും, സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് ലീ ക്വാന്‍ യു ലക്ഷ്യമിട്ടതു പോലുള്ള അനുസരണയുടെ, നിശബ്ദതയുടെ, അച്ചടക്കത്തിന്റെ ഒരു ജനകീയ സംസ്‌ക്കാരം നാമ്പിട്ടു കഴിഞ്ഞിരിക്കുന്നു. പ്രതിപക്ഷം പോലും ചലനാത്മകം അല്ലാതാവുന്ന സമ്പൂര്‍ണ്ണ നിശബ്ദത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News