ഉതൃട്ടാതി ജലോത്സവത്തിനായി ആറന്മുള ഒരുങ്ങി

പമ്പാ നദിയിലെ ലോകപ്രശസ്തമായ ജലപൂരത്തിനുള്ള ഒരുക്കത്തിലാണ് സംഘാടകരായ പള്ളിയോട സേവാസംഘം. 52 പള്ളിയോടങ്ങള്‍ ഉതൃട്ടാതി ജലോത്സവത്തില്‍ പങ്കെടുക്കും. പമ്പയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ട്രയല്‍ റണ്‍ നടത്തി.

ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഡാമുകളിലെ വൈദ്യുതി ഉത്പാദനം പൂര്‍ണതോതില്‍ നടത്തും. സുരക്ഷയുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശങ്ങള്‍ ജില്ലാ ദുരന്തനിവാരണ വിഭാഗം പള്ളിയോടങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും വിപുലമായ പാര്‍ക്കിംഗിനും ജില്ലാ പോലീസ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

ജലത്തിലെ പൂരത്തിനൊരുങ്ങി ജലരാജാക്കന്മാര്‍ തൃശൂര്‍പൂരത്തില്‍ ആനകളെന്ന പോലെ പള്ളിയോടങ്ങള്‍ക്കും ആരാധാകരും സമൂഹമാധ്യമ കൂട്ടായ്മകളുമുള്ള പുതിയ കാലത്തിലൂടെയാണ് ഉതൃട്ടാതി ജലോത്സവം കടന്നു പോകുന്നത്. ഓരോ പള്ളിയോടങ്ങളുടെയും അമരപ്പൊക്കം, അണിയം, ശില്‍പ്പകലകള്‍, അമരച്ചാര്‍ത്ത്, ബാണക്കൊടി, കാറ്റുമറ തുടങ്ങി വ്യത്യസ്തമായ ഘടകങ്ങള്‍ക്ക് ഓരോന്നിനും പ്രത്യേകതകളുണ്ട്.

വീതിയെ സൂചിപ്പിക്കുന്ന അളവായ ഉടമയും അമരപ്പൊക്കവും നീളവും കാണാപ്പാഠമാക്കിയ ആരാധകരും ചെറുതല്ല. മിക്ക പള്ളിയോട പ്രേമികളുടെയും വീട്ടില്‍ പള്ളിയോടത്തിന്റെ ചെറു രൂപം ഉണ്ടെന്നുള്ളതാണ് ആരാധനയുടെ മറുപുറം. ചൈനീസ് വാസ്തുപ്രകാരം ഡ്രാഗണ്‍ ബോട്ടുകള്‍ ഐശ്വര്യത്തിനായി വീട്ടില്‍ സൂക്ഷിക്കാറുണ്ട്.

അതുപോലെയാണ് ചിലര്‍ ഐശ്വര്യത്തിനായി പള്ളിയോടങ്ങളുടെ മാതൃക വീട്ടില്‍ സൂക്ഷിക്കുന്നത്. ആരാധകരായ കരക്കാരാണ് ചില കരകളില്‍ അമരച്ചാര്‍ത്തും ബാണക്കൊടിയും തങ്ങളുടെ സമര്‍പ്പണമായി പള്ളിയോടങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. ജലമേളയുടെ വിജയിയെ നിശ്ചയിക്കുന്നതില്‍ ചമയം മുഖ്യ ഘടകങ്ങളില്‍ ഒന്നായ ആദ്യ ജലമേളയാണ് ഇത്തവണത്തേത്.

വേഷവിധാനത്തിനായി ഒരേ നിറമുള്ള കരയുള്ള മുണ്ടും തോര്‍ത്തും ഒരുക്കിയ കരകളുമുണ്ട്. തുഴച്ചില്‍ ശൈലി പരിശീലിക്കാനായി വള്ളസദ്യക്കാലത്ത് കൂട്ടുവള്ളം കളിച്ച് അവസാന വട്ട ഒരുക്കം നടത്തിയവരുണ്ട്. നയമ്പുകളിലെ പരമ്പരാഗത ഭംഗി തിരികെപ്പിടിക്കാന്‍ അതുണ്ടാക്കാനുള്ള പന അന്വേഷിച്ച് നടന്നവരുണ്ട്. നിലവിലുള്ള നയമ്പും പള്ളിയോടവും മിനുക്കുപണി നടത്തി രംഗപ്രവേശം ചെയ്യാനെത്തുന്നവരുണ്ട്.

തൃശൂര്‍ പൂരത്തിലെന്ന പോലെ തങ്ങളുടെ ഗ്രൂപ്പില്‍ ഒന്നിച്ച് തുഴയുന്ന പള്ളിയോടങ്ങള്‍ കാഴ്ച വയ്ക്കാനിരിക്കുന്ന പ്രകടനം അല്‍പ്പം രഹസ്യമായി സൂക്ഷിക്കുന്നവരുണ്ട്. വള്ളസദ്യക്കാലത്ത് ഒന്നിച്ച് തുഴഞ്ഞ് റിഹേഴ്സല്‍ നടത്തിയവരുണ്ട്. മത്സരത്തിന്റെ ശൈലി മാറിയതനുസരിച്ച് പള്ളിയോടക്കരകളില്‍ ചമയവും തുഴച്ചിലും വഞ്ചിപ്പാട്ടും ആറന്മുള ശൈലിയിലുള്ള തലേക്കെട്ടും പരിശീലിച്ചുറപ്പിച്ച കരകളുണ്ട്. കാണികള്‍ക്ക് കാഴ്ചവിരുന്നാകാനുള്ള അവസാന വട്ട ശ്രമത്തിലാണ് പള്ളിയോടക്കരകളെല്ലാം.

തിരുവോണത്തോണിക്ക് വരവേല്‍പ്പ് ഉതൃട്ടാതി ജലോത്സവത്തില്‍ വാട്ടര്‍ സ്റ്റേഡിയത്തില്‍ ആദ്യം രംഗപ്രവേശം ചെയ്യുന്നത് പള്ളിയോടങ്ങളുടെ ഉത്ഭവത്തിന് കാരണമായതെന്ന് കരുതുന്ന തിരുവോണത്തോണിയാണ്. തിരുവോണ നാളില്‍ പുലര്‍ച്ചെ ആചാരപരമായി ആറന്മുളയിലെത്തിയ തിരുവോണത്തോണി ഉതൃട്ടാതി ജലോത്സവത്തിന് മുന്നോടിയായി ക്ഷേത്രക്കടവില്‍ നിന്ന് ആരംഭിച്ച് സത്രക്കടവിലൂടെ തുഴഞ്ഞ് പരപ്പുഴക്കടവ് ഭാഗത്തേക്ക് എത്തിയ ശേഷം തിരികെ ക്ഷേത്രക്കടവിലെത്തും.

നദി ഉത്സവമായി നാടന്‍ കലകളുടെ അവതരണം തിരുവോണത്തോണിക്ക് ജലോത്സവ വേദിയില്‍ നല്‍കുന്ന വരവേല്‍പ്പിന് ശേഷം ജലോപരിതലത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നാടന്‍ കലകളുടെ അവതരണം നടക്കും. കുചേലവൃത്തം കഥകളിയാണ് ആദ്യം അരങ്ങേറുന്നത്. കലാമണ്ഡലം അരുണും സംഘവും അവതരിപ്പിക്കുന്ന കഥകളിയില്‍ കുചേലന്‍ അവല്‍പ്പൊതിയുമായി ശ്രീകൃഷ്ണനെ കാണാന്‍ ചെല്ലുന്ന ഭാഗമാണ് പ്രധാനമായും അവതരിപ്പിക്കുക.

മാന്നാര്‍ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ഥിനികള്‍ അവതരിപ്പിക്കുന്ന തിരുവാതിരകളി തുടര്‍ന്ന് അരങ്ങേറും. ഇതിനു ശേഷം ചെട്ടികുളങ്ങര കുത്തിയോട്ട സമിതി കുത്തിയോട്ടച്ചുവടുകള്‍ അവതരിപ്പിക്കും. ഇതാദ്യമായാണ് ആറന്മുള ഉത്രട്ടാതി ജലോത്സവത്തില്‍ ഓണാട്ടുകരയുടെ നാട്ടു നന്മകളുമായി കുത്തിയോട്ട കലാകാരന്മാര്‍ എത്തുന്നത്.

കോഴിക്കോട്ട് പ്രശാന്ത് വര്‍മയുടെ നേതൃത്വത്തില്‍ ഭജന്‍ അവതരിപ്പിക്കും. പരമ്പരാഗത ഭജന കീര്‍ത്തനങ്ങളുടെ അവതരണമാണ് മാനസജപലഹരിയുടെ ആചാര്യന്‍ നടത്തുക. പമ്പാ നദീതടത്തില്‍ സുപരിചിതമായ വേലകളി അവതരിപ്പിക്കും. അവതരണ കലകളുടെ പ്രകടനത്തിന് ശേഷം ബി ബാച്ച് പള്ളിയോടങ്ങളുടെ ജലഘോഷയാത്രയും പിന്നീട് എ ബാച്ച് പള്ളിയോടങ്ങളുടെ ജലഘോഷയാത്രയും ആരംഭിക്കും. തുടര്‍ന്നാണ് പരമ്പരാഗത ശൈലിയിലുള്ള തുഴച്ചില്‍ അടിസ്ഥാനമാക്കി പള്ളിയോടങ്ങളുടെ മത്സരവള്ളം കളി നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News