തൊടുപുഴ സ്വകാര്യ ബസ്റ്റാന്റിന് സമീപം സംസാരിച്ച് നിന്ന അച്ചന്‍ കവല സ്വദേശി വിനുവിനും ഒപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കും നേരെയാണ് അക്രമം ഉണ്ടായത്.

ബസ്റ്റാന്റിന് സമീപത്തെ പാരിഷ് ഹാളില്‍ മാമോദിസ പരിപാടിക്ക് എത്തിയ മൂന്നംഗ സംഘം ഇവരെ ചോദ്യം ചെയ്യുകയായിരുന്നു.  തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കത്തികുത്തില്‍ കാലാശിച്ചതെന്ന് തൊടുപുഴ എസ്‌ഐ എം പി സാഗര്‍ പറഞ്ഞു.

തോളിന് കുത്തേറ്റ മലങ്കര സ്വദേശി ലിബിനെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലിബിന്റെ കയ്യിലുണ്ടായിരുന്ന കത്തി പിടിച്ചുവാങ്ങിയപ്പോഴാണ് കുത്തേറ്റതെന്ന് പെണ്‍കുട്ടിയുടെ സുഹൃത്ത് വിനു പറഞ്ഞു.

അക്രമിസംഘത്തിലുണ്ടായിരുന്ന രണ്ട് പേരെ നിസ്സാര പരിക്കുകളോടെ താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരു വിഭാഗകാര്‍ക്ക് എതിരെയും തൊടുപുഴ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അക്രമിച്ച സംഭവത്തില്‍ പോക്‌സോ നിയമപ്രകാരമുള്ള നടപടികളും പൊലീസ് സ്വീകരിക്കും.