മനുഷ്യകടത്ത് സംഘത്തിന്റ ഇഷ്ട കേന്ദ്രമാണ് എന്നും കൊല്ലം ശക്തികുളങ്ങര. 2012 ഏപ്രിലില്‍ ഗര്‍ഭിണികളെ ഉള്‍പ്പടെയാണ് ആസ്‌ട്രേലിയയിലേക്ക് കടത്താന്‍ ശ്രമിച്ചത്. ഇന്നലെ ശക്തികുളങ്ങരയില്‍ ഫൈബര്‍ വള്ളവും 11 ഓളം ഇന്ധന ടാങ്കുകളും കാണാതായ സംഭവത്തിനു മനുഷ്യകടത്തു സംഘവുമായി ബന്ധമുണ്ടൊ എന്നന്വേഷിക്കണമെന്നാണ് മത്സ്യതൊഴിലാളികളുടെ ആവശ്യം.

2012 ഏപ്രിലില്‍ കൊല്ലം ശക്തികുളങ്ങരക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ രണ്ട് ശ്രീലങ്കന്‍ സ്വദേശികളെ മനുഷ്യകടത്തിനായി എത്തിച്ചതാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.ആദ്യം തമിഴ്നാട് സ്വദേശികളാണെന്ന് പോലീസിനോട് പറഞ്ഞ ഇവര്‍ പിന്നീട് വിശദമായ ചോദ്യംചെയ്യലില്‍ ശ്രീലങ്കക്കാരാണെന്ന് വെളിപ്പെടുത്തി. ധനപാലസിംഗം (52), ശ്രീദാസന്‍(42) എന്നിവരെയാണ് മുക്കാട് പള്ളിക്ക് സമീപത്ത് നിന്ന് ശക്തികുളങ്ങര പോലീസ് കസ്റ്റഡിയിലെടുത്തത്.

അരവിള കടവിന് സമീപത്തുനിന്ന് ഒന്‍പത് എയര്‍ബാഗുകള്‍ പോലീസ് കണ്ടെടുത്തു. ഇതിനുള്ളില്‍ ധരിക്കാനുള്ള ഡ്രസ്സുകളും ഡ്രൈഫ്രൂട്ട്‌സ്, ബിസ്‌ക്കറ്റ് എന്നിവയും ഉണ്ടായിരുന്നു. പിടിയിലായ രണ്ടുപേരുള്‍പ്പെടെ 11പേരെ ശക്തികുളങ്ങര ഭാഗത്ത് നിന്ന് ബോട്ടില്‍ വിദേശരാജ്യങ്ങളിലേക്ക് കടത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്ന് കരുതപ്പെടുന്നു.

നീണ്ടകര,ശക്തികുളങര കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് സജീവമാണെന്നും വ്യക്തമായിരുന്നു.പിടിയിലായ ഇരുവരും ശ്രീലങ്കയിലെ ജാഫ്‌ന സ്വദേശികളാണ്. ശ്രീലങ്കന്‍ ഏജന്റുമാരാണ് ഇവരെ ഇവിടെ കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലില്‍ അവര്‍ വെളിപ്പെടുത്തി. ഇവര്‍ പിടിയിലായതോടെ ഏജന്റുമാര്‍ മുങ്ങി. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇരുവരെയും നാട്ടുകാര്‍ കൈകാര്യം ചെയ്തതിനെ തുടര്‍ന്ന് ധനപാലസിംഗത്തിന് നേരിയ പരിക്കേറ്റിരുന്നു.

കാവനാട് ഭാഗത്ത് ഒരു ശ്രീലങ്കന്‍ സ്വദേശി എത്തി ബോട്ട് വാങ്ങാന്‍ ശ്രമം നടത്തിയതായും പോലീസിന് വിവരം ലഭിച്ചിരുന്നു. പിടിയിലായവരെ ഇന്റലിജന്‍സ് ബ്യൂറോയും പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചും ചോദ്യംചെയ്തിരുന്നു.ഇവരെ പിടികൂടിയതിന് ശേഷമാണ് കടവില്‍നിന്ന് എയര്‍ബാഗ് കണ്ടെടുത്തതെന്നതുകൊണ്ട് മറ്റ് ഒന്‍പത് ശ്രീലങ്കന്‍ സ്വദേശികളെയും കൊല്ലത്തെത്തിച്ചിരിക്കാമെന്നണ് പൊലീസിന്റെ നിഗമനം.

ശ്രീലങ്കന്‍ സ്വദേശികളെ കാവനാട്, ശക്തികുളങ്ങര ഭാഗത്തെ ബോട്ട്യാര്‍ഡില്‍ നിന്ന് കൊച്ചിയിലേക്കോ കാസര്‍കോട്ടേക്കോ എത്തിച്ചശേഷം ആസ്‌ട്രേലിയയിലേക്കോ മറ്റ് വിദേശരാജ്യങ്ങളിലേക്കോ കടത്താനായിരുന്നു നീക്കം. പിടിയിലായവരുടെ പക്കല്‍ മതിയായ രേഖകളൊന്നുമില്ലായിരുന്നു. ഏജന്റുമാരുമായി പണം സംബന്ധിച്ച തര്‍ക്കമാണ് ഇവരെ കുടുക്കിയത്.

രണ്ടാമതെത്തിയ ഏജന്റ് കൂടുതല്‍ പണം ആവശ്യപ്പെടുകയും ഇതിന് വിസമ്മതിച്ചതിനെത്തുടര്‍ന്ന് ആല്‍ത്തറമൂട്ടില്‍ നിര്‍ത്തിയശേഷം ആദ്യഏജന്റിനെ കൂട്ടിവരാമെന്ന് പറഞ്ഞ് ഇയാള്‍ മുങ്ങുകയായിരുന്നുവെന്നാണ് ഇവര്‍ പോലീസിന് നല്‍കിയിട്ടുള്ള മൊഴി.

ബോട്ടുകള്‍ കാണാതാവൂന്ന സംഭവങള്‍ തുടര്‍കഥയാവുന്ന സാഹചര്യത്തിലാണ് ഉന്നതതല അന്വേഷണം വേണമെന്ന് മത്സ്യതൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. നാല് വര്‍ഷം മുമ്പ് ശക്തികുളങരയില്‍ നിന്ന് ബോട്ടും രണ്ടു ഇന്‍ജിനുകളും കാണാതായ കേസില്‍ ഒരു തുമ്പും ലഭിച്ചിട്ടില്ല.