5.53 ലക്ഷം ജീവനക്കാരുടെ ശമ്പളം ട്രഷറി വഴി; പദ്ധതി വിജയത്തില്‍

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം ട്രഷറി വഴി വിതരണം ചെയ്യുന്ന പദ്ധതി വിജയത്തില്‍. 5,22,894 ജീവനക്കാര്‍ക്ക് എംപ്ലോയീസ് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് ( ഇടിഎസ്ബി) വഴിയാണ് ഈമാസം ശമ്പളം നല്‍കിയത്. കെവൈസി അടക്കമുള്ള സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിക്കേണ്ട കുറച്ചുപേര്‍ക്കുമാത്രമാണ് ശമ്പളം അക്കൗണ്ടുവഴി ലഭിക്കാതിരുന്നത്. ഇവര്‍ക്ക് ചെക്കുവഴി തുക നല്‍കി. ജൂലൈ മുതലാണ് പദ്ധതി നടപ്പാക്കിത്തുടങ്ങിയത്. ആദ്യഘട്ടത്തില്‍ വിവിധ വകുപ്പുകളിലെ 1,13,206 പേര്‍ക്കാണ് ഇടിഎസ്ബി.

ട്രഷറി വഴിയുള്ള ശമ്പളവിതരണം ജീവനക്കാര്‍ക്ക് പുതിയ വരുമാനമാര്‍ഗംകൂടി തുറന്നു. ഇടിഎസ്ബിയില്‍ 15 ദിവസംവരെ കിടക്കുന്ന തുകയ്ക്ക് ആറുശതമാനം പലിശ ലഭിക്കും. ബാങ്കില്‍ ഇത് 3.5 ശതമാനമായിരുന്നു. പണം പിന്‍വലിക്കുന്നതിന് ഒരു നിയന്ത്രണവും ഇല്ല. തങ്ങളുടെ ശമ്പളവുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേയ്ക്ക് എത്ര പണം മാറ്റണമെന്ന് ജീവനക്കാരന് തീരുമാനിക്കാം. ഇത്രയും പണം തുടക്കത്തില്‍ത്തന്നെ മാറ്റി നല്‍കും.

ബാക്കി ട്രഷറിയില്‍ നില്‍ക്കുന്ന പണം 15 ദിവസം സൂക്ഷിക്കുന്നവര്‍ക്ക് ആറ് ശതമാനം നിരക്കില്‍ പലിശ നല്‍കും. തൊട്ടടുത്ത മാസം അത് ജീവനക്കാരന്റെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും. ഒരു പണവും ട്രഷറിയില്‍ സൂക്ഷിക്കേണ്ടതില്ലായെന്ന് തീരുമാനിക്കാനും ജീവനക്കാരന് അവകാശമുണ്ട്.ഇതിനുശേഷം ട്രഷറിയില്‍ നില്‍ക്കുന്ന ബാക്കി തുക ഏത് ഘട്ടത്തിലും ഇന്റര്‍നെറ്റ് ബാങ്കിങ് വഴി മാറ്റുന്നതിനും ചെക്ക് വഴി പിന്‍വലിക്കുന്നതിനും കോര്‍ബാങ്കിങ് സംവിധാനമുള്ള ഏത് ട്രഷറി ബ്രാഞ്ചില്‍നിന്നും പിന്‍വലിക്കല്‍ സ്ലിപ്പ് ഉപയോഗിച്ച് എടുക്കുന്നതിനും ജീവനക്കാരന് അവകാശമുണ്ടാകും.

ശമ്പളബാക്കി ട്രഷറിയില്‍ സൂക്ഷിക്കുന്നത് സര്‍ക്കാര്‍ ഖജനാവിന് മെച്ചമാകും. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലംമുതല്‍ സര്‍വീസ് പെന്‍ഷന്‍കാരുടെ പെന്‍ഷന്‍തുക വിതരണത്തിന് പെന്‍ഷന്‍ ട്രഷറി സേവിങ്സ് അക്കൗണ്ട് സൗകര്യം (പിടിഎസ്ബി) നിലവിലുണ്ട്. നല്ലൊരു പങ്ക് സര്‍വീസ് പെന്‍ഷന്‍കാരും ഇതുവഴിയാണ് പെന്‍ഷന്‍ വാങ്ങുന്നത്. അതുപോലെ ജീവനക്കാര്‍ക്ക് ഇടിഎസ്ബി സംവിധാനം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിച്ചിരുന്നത്. തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാര്‍ പദ്ധതിയുടെ തുടര്‍ നടപടികള്‍ ഉപേക്ഷിച്ചു. ജീവനക്കാരുടെ ശമ്പളവിതരണം സ്വകാര്യ ബാങ്കുകള്‍ക്കടക്കം നല്‍കി.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ഐഎഫ്എംഎസ് എന്ന ട്രഷറി നെറ്റുവര്‍ക്ക് സമ്പൂര്‍ണമാക്കാന്‍ നടപടി തുടങ്ങി. കോര്‍ ബാങ്കിങ് സംവിധാനംവഴി ട്രഷറി അക്കൗണ്ട് ഉടമയ്ക്ക് ഏതു ട്രഷറി വഴിയും പണം പിന്‍വലിക്കാന്‍ സൗകര്യമൊരുക്കി. ആധുനിക ബാങ്കിങ് സൗകര്യങ്ങള്‍കൂടി ട്രഷറി ഇടിഎസ്ബിയിലും ലഭ്യമാക്കാനുള്ള നടപടി അവസാനഘട്ടത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here