കേരള ഷോളയാര്‍ ഡാം ഉടന്‍ തുറന്നേക്കും. തമിഴ്‌നാടിന്റെ അധീനതയിലുള്ള അപ്പര്‍ ഷോളയാറില്‍ വൈദ്യുതി ഉല്‍പ്പാദനം കഴിഞ്ഞുള്ള വെള്ളം കേരള ഷോളയാറില്‍ എത്തുന്നതിനാലാണിത്. കേരള ഷോളയാറില്‍ (ലോവര്‍ ഷോളയാര്‍) ശനിയാഴ്ച വൈകുന്നേരത്തെ ജലനിരപ്പ് 2660.5 അടിയാണ്. പരമാവധി ജലസംഭരണ ശേഷി 2663 അടിയാണ്. ദിവസവും 0.8 അടി വെള്ളം ഉയരുന്നുണ്ട്. പരമാവധി സംഭരണ ശേഷിയിലെത്തിയാല്‍ ഷട്ടറുകള്‍ തുറക്കും.

ഇത് പെരിങ്ങല്‍ക്കുത്ത് ഡാം വഴി ചാലക്കുടിപ്പുഴയിലെത്തും. ഡാം തുറക്കാറായ സാഹചര്യത്തില്‍ ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. തമിഴ്‌നാട് അധീനതയിലുള്ള അപ്പര്‍ ഷോളയാര്‍ ഡാമും പറമ്പിക്കുളം ഡാമും നിറയാറായിട്ടുണ്ട്. ഈ ഡാമുകളും തുറന്നാല്‍ പെരിങ്ങല്‍ക്കുത്ത് വഴി വെള്ളം ചാലക്കുടിപ്പുഴയിലാണെത്തുക. അപ്പര്‍ ഷോളയാര്‍ ഡാമിലേക്കുള്ള നീരൊഴുക്കും കൂടുതലാണ്. എല്ലാ ഡാമുകളും തുറന്നാല്‍ ചാലക്കുടിപ്പുഴ കരകവിയും. മൂന്നു ദിവസത്തിനകം തമിഴ്‌നാട് ഡാമുകള്‍ തുറക്കാനുള്ള സാധ്യതയാണ് അധികൃതര്‍ കാണുന്നത്.

്യുഅപ്പര്‍ ഷോളയാറിലെ ജലനിരപ്പ് 3291.4 അടിയാണ്. പരമാവധി ശേഷിയായ 3295 ആയാല്‍ ഡാം തുറക്കും. അപ്പര്‍ ഷോളയാറിലെ അമിത ജലം പറമ്പിക്കുളത്തേക്ക് തുറന്നു വിടുന്നുമുണ്ട്. പറമ്പിക്കുളത്ത് ഇപ്പോഴത്തെ ജലനിരപ്പ് 1821.8 അടിയാണ്. 1825അടിയായാല്‍ പറമ്പിക്കുളവും തുറക്കും.

റമ്പിക്കുളം തുറന്നാലും വെള്ളം പെരിങ്ങല്‍ക്കുത്ത് വഴി ചാലക്കുടിപ്പുഴയിലാണെത്തുക. കെഎസ്ഇബിക്കു കീഴിലുള്ള പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഏഴു ഷട്ടറുകളും ജൂലൈ 20 മുതല്‍ തുറന്നിരിക്കയാണ്. മറ്റു ഡാമുകള്‍ തുറന്നുള്ള വെള്ളംകൂടിയെത്തിയാല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തേണ്ടിവരുന്നതു കൂടാതെ സ്ലൂയിസുകളും തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഇപ്പോള്‍ 419.2 മീറ്ററാണ് ജലസംഭരണം. പരമാവധി ശേഷി 424 മീറ്ററാണ്. പറമ്പിക്കുളം, അപ്പര്‍ ഷോളയാര്‍, കേരള ഷോളയാര്‍ ഡാമുകള്‍ തുറന്നുവിടുന്ന വെള്ളം മുഴുവന്‍ ചാലക്കുടിപ്പുഴയിലെത്തുന്നതാണ് ഏറെ പ്രശ്‌നമുണ്ടാക്കുക. നേരത്തേ തുറന്ന തമിഴ്‌നാട്ടിലെ തൂണക്കടവ് ഡാം വെള്ളിയാഴ്ച ഉച്ചയ്ക്ക് അടച്ചിരുന്നു.