അമേരിക്കയുടെ ഏത് ആക്രമണവും ചെറുക്കാന്‍ വെനസ്വേല സജ്ജമെന്ന് ഹോര്‍ഹെ അരിയാസ

ഏത് ആക്രമണവും ചെറുക്കാന്‍ വെനസ്വേല സജ്ജമാണെന്ന് വിദേശമന്ത്രി ഹോര്‍ഹെ അരിയാസ വ്യക്തമാക്കി. വെനസ്വേലയെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം അമേരിക്കന്‍ മേഖലയിലെ 10 രാജ്യങ്ങളും വെനസ്വേലന്‍ പ്രതിപക്ഷവുമായി ചേര്‍ന്ന് ഉടമ്പടിയിലെത്തിയ സാഹചര്യത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജനീവയില്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അധ്യക്ഷ മിഷേല്‍ ബാഷ്ലെയുമായി കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിദേശമന്ത്രി.വെനസ്വേലന്‍ പ്രതിപഷത്തിന്റെ അഭ്യര്‍ഥനയനുസരിച്ചാണ് ഉടമ്പടിയെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ വ്യക്തമാക്കിയിരുന്നു.

ബുധനാഴ്ചയാണ് ഉടമ്പടിയിലെത്തിയത്. വെനസ്വേലയില്‍ ഇടപെടുന്നതില്‍നിന്ന് തന്നെ തടഞ്ഞത് കഴിഞ്ഞ ദിവസം പുറത്തായ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്നാലെ പറയുകയും ചെയ്തു.

വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് ഹുവാന്‍ ഗുവായിദോയേയാണ് അമേരിക്ക പ്രസിഡന്റായി അംഗീകരിക്കുന്നത്. വെനസ്വേലയില്‍ അട്ടിമറി ലക്ഷ്യമിട്ടുള്ള അമേരിക്കന്‍ നീക്കങ്ങളില്‍ ഒടുവിലത്തേതാണ് മേഖലാ ഉടമ്പടി. പ്രസിഡന്റ് നിക്കോളാസ് മഡൂറോ മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്കും ഭീഷണിയാണ് എന്നാരോപിച്ചാണ് അമേരിക്കയുടെ സന്നാഹം.

വെനസ്വേല ഒരു സഹോദര രാജ്യത്തെയും ആക്രമിക്കില്ലെന്നും എന്നാല്‍ തങ്ങള്‍ക്കെതിരെയുണ്ടാകുന്ന ഏത് ആക്രമണത്തെയും പ്രതിരോധിക്കുമെന്നും വിദേശമന്ത്രി ഹോര്‍ഹെ അരിയാസ പറഞ്ഞു. ഇതിനിടെ വെനസ്വേല പ്രതിപക്ഷ നേതാവ് ഹുവാന്‍ ഗുവായിദോയ്ക്ക് വിദേശ സായുധ ക്രിമിനല്‍ സംഘങ്ങളുമായുള്ള ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ നവമാധ്യമങ്ങളിലൂടെ പുറത്തായി.

കൊളംബിയയിലെ നിയമവിരുദ്ധ സായുധ സംഘത്തിനൊപ്പം കഴിഞ്ഞ ഫെബ്രുവരിയില്‍ ഗുവായിദോ നില്‍ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. താന്‍ പലര്‍ക്കൊപ്പവും ഫോട്ടോയെടുത്തിട്ടുണ്ടെന്നും എന്നാല്‍ അവരുമായെല്ലാം ബന്ധമില്ലെന്നും ഗുവായിദോ അവകാശപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News