രാഷ്ട്ര ഭാഷാ വാദവും അമിത്ഷാ എന്ന ചാതുര്‍ ബനിയയും

സെപ്തംബര്‍ 14ന് കൊണ്ടാടിയ ഹിന്ദി ദിവസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ  രാഷ്ട്രഭാഷ പരാമര്‍ശം മറ്റൊരു കനലൂതിയിരിക്കുകയാണ്. ഭാരതത്തിന്റെ അഖണ്ഡതക്ക് ഏകാതനതയുള്ള ഒരു ഭാഷാസംസ്‌കാരം വേണമെന്നും ഹിന്ദി ഭാഷ എല്ലാവരും സ്വീകരിക്കുന്നതിലൂടെ മാത്രമേ ഗാന്ധിയും സര്‍ദാര്‍ വല്ലഭായി പട്ടേലുമൊക്കെ കണ്ട ഇന്ത്യന്‍ ദേശീയത സാധ്യമാകുകയുള്ളൂ എന്നായിരുന്നു അദ്ദേ ഹത്തിന്റെ പരാമര്‍ശം.

സ്വാഭാവികമായും ഹിന്ദി ആധിപത്യമില്ലാത്ത സംസ്ഥാനങ്ങളില്‍ നിന്നും,  പ്രത്യേകിച്ച്ദ ക്ഷിണേന്ത്യയില്‍ നിന്നും അതിരൂക്ഷമായ പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. നമുക്കറിയാം ഹിന്ദി വാദം ഒരു സുപ്രഭാതത്തില്‍ അമിത് ഷായുടെ  നാവില്‍ നിന്ന് ഉതിര്‍ന്നു        വീണ വൈകാരികമായ ഒരു നവവാദമല്ല എന്നത്.  ദശാബ്ദങ്ങളായി, വാസ്തവത്തില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഉത്ഭവം മുതല്‍ എരിഞ്ഞു നീറുന്ന ഒന്നാണ് ഭാഷാവാദം.

ഈ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ നാഷണല്‍ എജ്യൂക്കേഷന്‍ പോളിസി (NEP) വഴി ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ കരിക്കുലത്തില്‍ ത്രയ ഭാഷാ നയം(ഇംഗ്ലീഷ് , പ്രാദേശിക ഭാഷ, പിന്നെ ഹിന്ദിയും) പാലിക്കണമെന്ന് കാണിച്ചു കൊണ്ട് അയച്ച സര്‍ക്കുലര്‍ വിവാദമാകുകയും അതിലിയുര്‍ന്നു വന്ന എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ അത് തിരുത്തി അയയ്ക്കുകയും ചെയ്തിരുന്നു. കേവലം മൂന്ന് മാസം മുന്‍പ്. അങ്ങനെയൊരു സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗമായ, എന്തിനു ബിജെപി സര്‍ക്കാരിന്റെ ഔദ്യോഗിക മുഖവും നാവുമായ അമിത് ഷാ വീണ്ടും  അത് ഉയര്‍ത്തികൊണ്ടുവരുന്നത് കേവല യാദൃശ്ചികതയല്ല.

ഒരു വാദം എന്ന നിലയ്ക്ക് നമുക്ക് ഹിന്ദി രാഷ്ട്രഭാഷ ആക്കണം എന്ന ആവശ്യത്തെ ഒന്ന് പരിശോധിക്കാം. ഏതൊരു സങ്കല്‍പ്പത്തിനും രണ്ടു വശങ്ങളുണ്ടല്ലോ. ഒന്ന് അതിന്റെ ആശയപരമായ അസ്തിത്വവും മറ്റൊന്ന് അതിന്റെ പ്രായോഗികമായ നിലനില്‍പ്പും. ആശയപരമായി അടിസ്ഥാനതലത്തില്‍ തന്നെ അബദ്ധമാണ് ഏകാഭാഷവാദം. ഇന്ത്യ പോലെയുള്ള അങ്ങേയറ്റം വൈവിധ്യപൂര്‍ണമായ ശ്രേണികള്‍ ഒന്നിച്ചിഴചേര്‍ന്ന് നെയ്തിരിക്കുന്ന ഒരു ബഹുസ്വരരാഷ്ട്ര സങ്കല്‍പ്പത്തില്‍ ഏകാഭാഷവാദം നിലനില്‍പ്പുള്ള ഒന്നല്ല.

നാനാത്വത്തില്‍ ഏകത്വം എന്നതാണ് നാം പഠിച്ച ഇന്ത്യ. സത്യത്തില്‍ ഇന്ത്യ എന്ന വിശാലഭൂമികയെ ചേര്‍ത്തു നിര്‍ത്തുന്ന, ഒന്നിച്ചു നിര്‍ത്തുന്ന ഒന്നില്ല എന്നത് തന്നെയാണ് സത്യം. അതിപ്പോ ഭൂപ്രകൃതിയൊ ഭക്ഷണമോ സംസ്‌കാരമോ മതമോ മനുഷ്യരുടെ ശരീരപ്രകൃതിയൊ ആകട്ടെ സാര്‍വത്രികമായി സംസാരിക്കുന്ന ഒരു ഭാഷയാകട്ടെ, ഒന്നിന്റെയും നൂലില്‍ ചേര്‍ത്ത് കെട്ടിയതല്ല ഇന്ത്യ എന്ന ബഹുസ്വര രാഷ്ട്രം. ടാഗോറിന്റെ വാക്കുകള്‍ കടമെടുത്താല്‍ ”തന്റെ വൈവിധ്യങ്ങളെ അംഗീകരിക്കുമ്പോഴും അതിന്റെ വ്യത്യസ്തങ്ങളായ നിലനില്‍പ്പിനെ പരിപോഷിപ്പിക്കുന്‌പോഴും എവിടെയോ ഒരു ഏകത്വം കണ്ടെത്താന്‍ ഇന്ത്യക്ക് കഴിയുന്നുണ്ട്.

ശരിയാണ് ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാണ് പക്ഷെ അത് ഇംഗ്ലിഷ് പോലെയൊരു വൈദേശിക ഭാഷയ്ക്ക് ഒപ്പം മാത്രമാണ് എന്നത് ഹിന്ദിയുടെ വിശാലര്‍ത്ഥത്തിലുളള സ്വീകാര്യതക്കുറവു വെളിവാക്കുന്ന വസ്തുതയാണ്. അതേപോലെ തന്നെ നിലനില്‍ക്കുന്നതാണ് ഭരണഘടനയുടെ എട്ടാം പരിച്ഛേദം സാധുത നല്‍കുന്ന മറ്റു ഇരുപത്തിരണ്ടു ഔദ്യോഗിക ഭാഷകള്‍. ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഹിന്ദി ഒഴിച്ചുള്ള ഈ ഔദ്യോഗിക ഭാഷകളില്‍ ഒന്നോ അതിലധിമോ ആണ് ഔദ്യോഗിക ഭാഷ.  ഇതൊന്നും അറിയാതെയല്ല അമിത് ഷാ ഈ വാദം ഉന്നയിക്കുന്നതും..

ഇവിടെയാണ് ദേശീയഭാഷാ വാദത്തിന്റെ പ്രായോഗികതലത്തിലുള്ള വിശകലനം ആവശ്യമായി വരുന്നത്. ദേശീയ ഭാഷ വ്യവഹാരം തന്നെ വരുന്നത് ദേശീയത എന്ന സങ്കല്‍പ്പത്തില്‍ നിന്നുമാണ്. ഒരു ബൃഹത്തായ ഭൂപ്രദേശത്ത് അധിവസിക്കുന്നവരെ ഒട്ടാകെ ചേര്‍ത്ത് നിര്‍ത്തുന്ന ഒരു സംഗതിയുടെ, ഭക്ഷണം, മതം, സംസ്‌കാരം, ഭാഷ എന്നിങ്ങനെയുള്ള ഏതെങ്കിലും പിന്‍ബലത്തില്‍ ആ ജനത സ്വയം പരസ്പരം ഐക്യപ്പെടുകയും അടയാളപ്പെടുത്തുകയും ചെയ്യുന്ന ഒരു വ്യവസ്ഥയാണ് ദേശീയത എന്നത്. ഇന്ത്യയെ സംബന്ധിച്ച് അങ്ങനെ ഒരു കണ്ണിയില്ല എന്നത് തന്നെ ദേശീയതാ സങ്കല്‍പ്പത്തിന്റെ ഇന്ത്യന്‍ അര്‍ത്ഥശൂന്യതയെ വെളിവാക്കുന്ന ഒന്നാണെന്ന് പറഞ്ഞു കഴിഞ്ഞു.

ദേശീയത എന്ന സങ്കല്‍പം തന്നെ ചെറിയ ഭൂപ്രവിശ്യകളില്‍ നിന്നും വളര്‍ന്നു പടര്‍ന്ന
പാശ്ചാത്യസംസ്‌കാരത്തിന്റെ ഭാഗമായുള്ളതാണ്. അല്ലെങ്കിലും ഇവിടെ ഈ രാജ്യത്തു ദേശീയത എന്നത് തീവ്രദേശീയത എന്ന് തിരുത്തി വായിക്കേണ്ടി വരുന്നുണ്ടല്ലോ. മറ്റൊന്നും അവകാശപെടാനില്ലാത്ത ദുഷിച്ച ഭരണകൂടങ്ങളുടെ എല്ലാക്കാലത്തെയും പിടിവള്ളിയായിരുന്നു ദേശരാഷ്ട്രസങ്കല്‍പ്പം.

എതിര്‍പ്പിന്റെ സ്വരങ്ങളെ അടിച്ചമര്‍ത്താന്‍ ഫാസിസ്റ്റുകളായ ഭരണകൂടത്തിനു ഏറ്റവും എളുപ്പവുമുള്ള ഒരു വഴിയാണ് ദേശദ്രോഹം. ഇവിടെയും കാര്യങ്ങള്‍ വ്യത്യസ്തമല്ല.
ഇവിടെയാണ് അമിത് ഷാ എന്ന ചാതുര്‍ ബനിയ നിലനില്‍ക്കുന്നത്. ചാതുര്‍ ബനിയ എന്നത് അദ്ധേഹത്തിന്റെ തന്നെ ഗാന്ധിയെ കുറിച്ച് , ഗാന്ധി കോണ്‍ഗ്രസ് പിരിച്ചു വിടാന്‍ എടുത്ത
തീരുമാനത്തെ ക്രാന്ത ദര്‍ശിത്വം എന്ന് പറയാന്‍, 2017ല്‍ നടത്തിയ പരാമര്‍ശത്തില്‍ നിന്നുമാണ്.ബുദ്ധിമാനായ ബനിയ ആയിരുന്നു ഗാന്ധി എന്നാണ് അതിനര്‍ത്ഥം.

ഗാന്ധിയെ ബനിയ സമുദായത്തിന്റെ തൊഴുത്തിലേക്ക് ഒരു പരാമര്‍ശം കൊണ്ടാണെങ്കില്‍ പോലും കൊണ്ട് ചെന്ന് കെട്ടുമ്പോള്‍ അതിലൂടെ സംഘപരിവാര്‍ ഭയക്കുന്ന ഗാന്ധി ബിംബം തകര്‍ക്കല്‍ എന്ന അജണ്ടയിലേക്ക് അതിമാരകമായി സംഭാവന ചെയ്യുകയാണ് അമിത് ഷാ. അതേ ബുദ്ധി തന്നെയാണ് ദേശീയ ഭാഷ വാദം കൊണ്ട് അമിത് ഷാ ഉദ്ദേശിക്കുന്നത്. ബിജെപ്പിക്ക് ഇന്നും അപ്രാപ്യമായി നില്‍ക്കുന്ന ദ്രാവിഡപ്രവിശ്യകള്‍ അസ്വസ്തമാക്കുക എന്നതാണ് ഇതിന്റെ കാതല്‍. ഭാഷ എന്നത് വളരെ വൈകാരികമായ ഒരു സംഗതിയാണ് മനുഷ്യന്. അവന്‍/ അവള്‍ സംസാരിച്ചു തുടങ്ങുന്നആശയം കൈമാറി തുടങ്ങുന്ന ഭാഷയെയാണ് മാതൃഭാഷ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.

ഭാഷാസ്‌നേഹം സാംസ്‌കാരികമായ ഒരു അസ്തിത്വത്തിന്റെ ഭാഗം കൂടിയായുള്ള സംസ്ഥാനങ്ങള്‍ ആണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍. ബിജേപ്പി മുന്‍പോട്ടു വെയ്ക്കുന്ന ഹിന്ദുത്വ തട്ടി വീഴുന്നതും ഇത്തരം വൈകരികതകളിലാണ്. ആ അതിവൈകാരികത അവരുടെ അന്തസത്തയുടെ പ്രാകാശനം കൂടിയാണ്. അവരെ പ്രകോപിക്കുക വഴി നഷ്ടമില്ലാ കച്ചവടമാണ് അമിത് ഷാ കളിക്കുന്നത്. ഒന്നുകില്‍ ഈ സംസ്ഥാനങ്ങളുടെ സമാധാനം തകര്‍ക്കുക വഴി ബിജേപ്പി മുന്‍പോട്ടു വെയ്ക്കുന്ന ഹിന്ദുത്വ എന്ന ദര്‍ശനത്തിന്റെ മുന്നിലുള്ള തടസങ്ങള്‍, എതിര്‍പ്പിന്റെ ഗതി മാറ്റി ദുര്‍ബലമാക്കുക എന്നതാണ്.

അതല്ലെങ്കില്‍ ഹിന്ദിയുടെ മറവില്‍ മുന്നോട്ട് വെയ്ക്കുന്ന സംസ്‌കൃത അധീശത്വത്തെ, അതിലൂടെ ഹിന്ദുത്വയെ ഒന്നൂടെ ആഴത്തില്‍ ഉറപിക്കുക. രണ്ടാണെങ്കിലും ലാഭമേയുള്ളൂ ബിജെപ്പിക്ക്. ഇനിയിതല്ലാതെ മറ്റൊരു സാധ്യത ഉരുത്തിരിഞ്ഞു വരുന്നത് ഈ സംസ്ഥാനങ്ങളില്‍ അവരുടെതായ പ്രാദേശികവാദം തീവ്രവാദമാക്കുക എന്നതാണ്. അതങ്ങേയറ്റം അപകടകരമായ ഒരു സ്ഥിതിവിശേഷമാണ്. അങ്ങനെ ഒരു പ്രാദേശികവാദം കത്തി പിടികുമ്പോള്‍ പരസ്പരം ഇടകലര്‍ന്നും കുടിയേറിയും തൊഴിലെടുത്ത് കഴിഞ്ഞു പോരുന്ന ഒരു നാടിന്റെ , അല്ലെങ്കില്‍ നാടുകളുടെ സ്വച്ഛമായ നിലനില്‍പ്പ് ഇല്ലാതാകും എന്നതാണ് സംഭവിക്കാന്‍ പോകുന്നത്.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്തിമ പാദങ്ങളില്‍ കത്തിജ്വലിച്ചു വന്ന പ്രാദേശികവാദവും ദക്ഷിണേന്ത്യക്കാര്‍ നേരിട്ട ‘സാല മദ്രാസി’ പ്രയോഗങ്ങളും
വിവേചനങ്ങളും അക്രമങ്ങളും ഒക്കെ മറക്കാതിരിക്കാനുള്ള ചരിത്രബോധം നമുക്കുണ്ടാകേണ്ടതുണ്ട്. ഈ സമീപകാലത്ത് തന്നെ അങ്ങനെ ഭാഷാപരമായി വിഘടിച്ചു പ്രത്യേകമായ അസ്ഥിത്വം നേടിയ രണ്ടു പ്രവിശ്യകള്‍ ആണ് തെലുങ്കാനയും ജാര്‍ക്കണ്ഡുമൊക്കെ.. അവിടങ്ങളില്‍ വിഭജനത്തിനു മുന്‍പു നില നിന്ന രാഷ്ട്രീയസ്ഥിതിയും അതിനു ശേഷമുരുത്തിരിഞ്ഞു വന്ന രാഷ്ട്രീയ സമവാക്യങ്ങളും അതില്‍ നിന്ന് നേട്ടമുണ്ടായത് ആര്‍ക്കാണെന്നും പകല്‍ പോലെ വ്യക്തമാണ്.

ഏതാണ്ട് 22 ഭാഷകളില്‍ പതിമൂന്ന് വരമൊഴികളിലും 720 വാമൊഴികളുമായി പടര്‍ന്നു കിടക്കുന്ന ഒരു ബൃഹത് ജനസഞ്ചയം ഇനിയുമിനിയും വിഘടിച്ചു ഭാഷാടിസ്ഥാനത്തില്‍ ഉള്ള പ്രത്യേക പരിഗണനകള്‍ ആവശ്യപ്പെടുന്ന അവസ്ഥ എത്ര ഭീകരമാണ് എന്നോര്‍ത്ത് നോക്കൂ. ഇപ്പോള്‍ തന്നെ ദക്ഷിണേന്ത്യയില്‍ നിന്നും ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങള്‍, അത് സ്വഭാവികമാണെങ്കില്‍ കൂടി, അങ്ങേയറ്റം തീവ്ര സ്വഭാവമുള്ളതാണ്. ഒറ്റ നോട്ടത്തില്‍ ഹിന്ദുത്വയോടുള്ള ചടുലമായ പ്രതിരോധമായി തോന്നാമെങ്കിലും ആത്യന്തികമായി നാനാത്വത്തിലെ ഏകത്വം എന്ന ആശയത്തിന്റെ ചുവട്ടിലാണ് കത്തി വീഴുന്നത്. അതുതന്നെയാണ് അമിത്ഷാ യുടെയും ബിജെപ്പിയുടെയും ലക്ഷ്യവും…ഭിന്നിപ്പിച്ചു ഭരിക്കുക.

സൗമ്യ ഒ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News