കണ്ണൂര്‍: ഏകഭാഷാ നയം അടിച്ചേല്‍പിക്കുന്നതിലൂടെ പ്രാദേശിക ഭാഷകളെ തകര്‍ക്കുകയാണ് സംഘപരിവാര്‍ ലക്ഷ്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

രാജ്യം ത്രിഭാഷാ നയമാണ് പിന്തുടരുന്നത്. ഇത് അട്ടിമറിച്ച് ഏകഭാഷാനയം നടപ്പാക്കുന്നത് പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭാഷ എന്ന നിലയില്‍ ഹിന്ദിക്ക് അര്‍ഹമായ പ്രാധാന്യം നല്‍കിയിട്ടുണ്ട്. അത് അംഗീകരിച്ചാണ് രാജ്യത്ത് ത്രിഭാഷാനയം നടപ്പാക്കിയത്. ഓരോ സംസ്ഥാനത്തുമുള്ള ഭാഷകളെ ഒരേ തരത്തില്‍ പ്രാധാന്യം നല്‍കിയ ഭാഷാനയമാണിത്.

അതിനുപകരം ഹിന്ദി ഏകഭാഷയാക്കുന്നത് പ്രാദേശിക ഭാഷകളെ തകര്‍ക്കാനാണ്. രാജ്യത്തിന്റെ വൈവിധ്യം തകര്‍ക്കാനാണ് ഒരു ഭാഷ, ഒരു രാഷ്ട്രം, ഒരു സംസ്‌കാരം എന്ന മുദ്രാവാക്യവുമായി ആര്‍എസ്എസ് വരുന്നത്. ഇത് ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും.

ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെതിരെ നേരത്തെ തമിഴ്നാട്ടില്‍ വലിയ കലാപം നടന്നതാണ്. അങ്ങനെയാണ് ഓരോ സംസ്ഥാനത്തെയും പ്രത്യേക ഭാഷകര്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കാന്‍ തീരുമാനിച്ചത്.

കേരളത്തില്‍ മലയാളം ഭരണഭാഷയായി അംഗീകരിച്ചിട്ടുണ്ട്. കൂടാതെ ശ്രേഷ്ഠപദവി കൂടി ലഭിച്ച ഭാഷയാണ്. മലയാളത്തിന് പകരം ഹിന്ദി അടിച്ചേല്‍പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പൗരത്വ രജിസ്റ്ററിന്റെ പേരില്‍ അസാമില്‍ 20ലക്ഷം പേരെ പുറത്താക്കിയത് പോലെ നാളെ ഹിന്ദി അറിയാത്തവരെല്ലാം പുറത്തുപോകണമെന്ന സ്ഥിതിയുമുണ്ടാകും.

എല്ലാ പ്രദേശത്തും പുതിയ പ്രശ്നങ്ങള്‍ കുത്തിപ്പൊക്കുന്ന ആര്‍എസ്എസ് അജണ്ട തിരിച്ചറിയണമെന്നും ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും കോടിയേരി പറഞ്ഞു.