കൈയ്യടക്കി വച്ചിരിക്കുന്ന ക്ഷേത്രസ്വത്ത് തിരിച്ചേല്‍പ്പിക്കണം; സാത്വികനായ ഒരു സന്ന്യാസിയെ മനുഷ്യത്വരഹിതമായി ആക്രമിച്ചതിന് ആര്‍എസ്എസ് മാപ്പ് പറയണം: ആനാവൂര്‍ നാഗപ്പന്‍

കേരളത്തിലെ 48 ക്ഷേത്രങ്ങളില്‍ പുഷ്പാഞ്ജലിയ്ക്ക് നിയോഗമുള്ള മുഞ്ചിറമഠത്തിലെ സ്വാമിമാര്‍ക്ക് കോട്ടയ്ക്കകത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്ക് സമീപം മിത്രാനന്ദപുരം കുളക്കരയില്‍ രാജഭരണകാലത്ത് നല്‍കിയ മഠമാണ് ഇപ്പോള്‍ ആര്‍എസ്എസ് അനധികൃതമായി കൈവശപ്പെടുത്തിയിട്ടുള്ളതെന്ന് സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ആചാരപരമായ പൂജകളും വ്രതങ്ങളും നോക്കുന്നതിനാണ് സ്വാമിക്ക് മഠം അനുവദിച്ചിട്ടുള്ളത്.

സംഘപരിവാര്‍ നടത്തിയ ഈ കൈയ്യേറ്റത്തെ തുടര്‍ന്ന് ഈ ആചാരാനുഷ്ഠാനങ്ങള്‍ മുടങ്ങുന്ന സ്ഥിതി വിശേഷമാണുള്ളതെന്നും ആനാവൂര്‍ പറഞ്ഞു. ചാതുര്‍മാസ പൂജ നടത്താന്‍ അനുവദിക്കാതിരുന്ന സാഹചര്യത്തിലാണ് സ്വാമി പ്രതിഷേധവുമായി രംഗത്തെത്തിയത്. ആചാരപരമായി ഏറെ പ്രധാന്യമുള്ളതാണ് ചാതുര്‍മാസ പൂജ എന്ന് സ്വാമി പറഞ്ഞു.

മഠത്തിലേക്കുള്ള പ്രവേശനം ആര്‍എസ്എസ്-സേവാഭാരതി പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് കെട്ടിടത്തിന് പുറത്തിരുന്നാണ് സ്വാമി പൂജാകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത്. പരമസാത്വികനായ ഒരു സാധു സന്ന്യാസിവര്യനെ ഇത്രമേല്‍ മനുഷ്യത്വരഹിതമായി ആട്ടിപായിക്കാന്‍ വിശ്വാസവും മനുഷ്യത്വവും ഉള്ളവര്‍ക്ക് സാധിക്കുകയില്ല. ആര്‍എസ്എസിന് വിശ്വാസമോ മനുഷ്യത്വമോ ഇല്ല എന്നതിന് ഇതില്‍പരം വലിയ തെളിവ് ആവിശ്യമില്ല.

ഇതിനിടയില്‍ ആണ് മഠത്തിലുണ്ടായിരുന്ന പഞ്ചലോഹ നിര്‍മ്മിതമായ ശ്രീരാമവിഗ്രഹം മോഷ്ടിക്കപ്പെട്ട വിവരം പുറത്ത് വരുന്നത്. നിലവില്‍ മഠം കൈവശപ്പെടുത്തി വച്ചിരിക്കുന്ന ആര്‍എസ്എസ്-സേവാഭാരതി ഉന്നത നേതാക്കള്‍ക്ക് ഈ കവര്‍ച്ചയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനാകില്ല. ഈ കവര്‍ച്ച നടത്തിയവരെ ഉടനടി അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ എത്തിക്കണം.

ഈ കൈയ്യേറ്റത്തിലും കവര്‍ച്ചയിലും അപമാനത്തിലും മനംനൊന്താണ് സ്വാമി മഠത്തിനരുകില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്. സ്വാമിയുടെ പരാതിയുടേയും പ്രതിഷേധത്തിന്റെയും ഫലമായി തഹസീല്‍ദാര്‍ അന്വഷണം നടത്തി. അന്വഷണത്തില്‍ മഠത്തിന്റെ ഒരു രേഖയിലും ആര്‍എസ്എസിനോ, സേവാഭാരതിക്കോ, അവിടെ പ്രവര്‍ത്തിക്കുന്നു എന്ന് പറയപ്പെടുന്ന ബാലസദനത്തിനോ യാതൊരു പങ്കും കണ്ടെത്തിയില്ല.

ഈ വസ്തുവും മഠവും മുഞ്ചിറമഠത്തിന്റെ പേരിലാണ് ഉള്ളതെന്നും, കെട്ടിടത്തിന്റെ രേഖകളും, വൈദ്യുതി കണക്ഷനും ശ്രീപത്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ പേരിലാണ് എന്നുമാണ് തഹസീല്‍ദാരുടെ റിപ്പോര്‍ട്ട്. നിയമപരമായി ആര്‍എസ്എസിന് ഈ വസ്തുവില്‍ യാതൊരവകാശവുമില്ല എന്നത് ഇതില്‍ നിന്ന് വ്യക്തമാണ്.

എന്നാല്‍ സാധുവായ ഈ സന്ന്യാസിയെ ഭീഷണിപ്പെടുത്തി സമരത്തില്‍ നിന്ന് പിന്മാറ്റാനും, കെട്ടിടവും വസ്തുവും തങ്ങളുടെ സമ്പൂര്‍ണ്ണ അധീനതയിലാക്കി ക്ഷേത്രസ്വത്ത് കൊള്ളയടിക്കാനുമാണ് ആര്‍എസ്എസ് നീക്കം. ഇത് വിശ്വാസികളോടുള്ള വെല്ലുവിളിയും വഞ്ചനയുമാണ്. സാമ്പത്തികവും രാഷ്ട്രീയവുമായ താല്‍പര്യങ്ങളല്ലാതെ സംഘപരിവാറിന് വിശ്വാസമോ ആചാരമോ ഒന്നും ബാധകമല്ല എന്നത് വിശ്വാസസമൂഹം തിരിച്ചറിയണമെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വ്രതാനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്ക് സമീപത്തേക്ക് തന്റെ സമരം മാറ്റാന്‍ സ്വാമി തീരുമാനിച്ചു. അവിടെ കെട്ടിയ സത്യാഗ്രഹപന്തലിന് നേരെയും സ്വാമിക്ക് നേരെയും ആര്‍എസ്എസ് നടത്തിയ ആക്രമണം അത്യന്തം അപലപനീയമാണ്. ആസൂത്രിതമായാണ് ആര്‍എസ്എസ് ഈ ആക്രമണം നടത്തിയത്.

ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഉള്ള തിരഞ്ഞെടുത്ത ആര്‍എസ്എസ് തീവ്രവാദികള്‍ സത്യാഗ്രഹപന്തലിനടുത്ത് കേന്ദ്രീകരിച്ച ശേഷം ആക്രമണം അഴിച്ചുവിടുകയായിരുന്നു. സത്യാഗ്രഹപന്തല്‍ പൂര്‍ണ്ണമായി അടിച്ച് തകര്‍ത്തു. കസേരകളും തകര്‍ത്തു. സ്വാമിയേ അസഭ്യം പറയുകയും, കൈയ്യേറ്റത്തിന് മുതിരുകയും ചെയ്തു.

പോലീസിന്റെ സമയോചിതമായ ഇടപെടലാണ് സ്വാമിയേ രക്ഷിച്ചത്. അന്‍പത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു എന്നാണ് അറിയുന്നത്. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥയാണ്. സ്വാമി സത്യാഗ്രഹ സമരവുമായി മുന്നോട്ട് പോകും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

കൈയ്യടക്കി വച്ചിരിക്കുന്ന ക്ഷേത്രസ്വത്ത് തിരിച്ചേല്‍പ്പിക്കുകയാണ് ആര്‍എസ്എസ് ചെയ്യേണ്ടത്. ക്ഷേത്രസംരക്ഷണത്തിന്റെ ഗീര്‍വാണങ്ങള്‍ മുഴക്കുകയും, മറുവശത്ത് ക്ഷേത്രസ്വത്തുക്കള്‍ വിഴുങ്ങുകയുമാണ് ആര്‍എസ്എസ്. സാത്വികനായ ഒരു സന്ന്യാസിയെ മനുഷ്യത്വരഹിതമായി ആക്രമിച്ചതിന് ആര്‍എസ്എസ് വിശ്വാസസമൂഹത്തോടും പൊതുസമൂഹത്തോടും മാപ് പറയണം.

ക്ഷേത്രസ്വത്ത് തിരിച്ച് പിടിക്കാന്‍ സ്വാമി നടത്തുന്ന സഹനസമരത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നു. നാടിന്റെ സമാധാനാന്തരീക്ഷത്തിന് കോട്ടം തട്ടാത്തവിധം മുഴുവന്‍ ബഹുജനങ്ങളും ഈ സന്ന്യാസിവര്യന്റെ ന്യായമായ ആവിശ്യത്തിനും, നിയമപരമായ അവകാശത്തിനും വേണ്ടി രംഗത്തിറങ്ങണം. . വിശ്വാസികള്‍ക്കെതിരെ മാത്രം പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിനെ സമൂഹത്തില്‍ നിന്ന് ഒറ്റപെടുത്തുക തന്നെ വേണമെന്നും ആനാവൂര്‍ അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News