ഭരണഭാഷയായ മലയാളം പരീക്ഷകളിൽ ഉൾപ്പെടുത്തണമെന്ന് പി.എസ്.സി.യോട് ആവശ്യപ്പെടുക മാത്രമല്ല സർക്കാർ ചെയ്യേണ്ടത്. അതിനാവശ്യമായ സാങ്കേതിക സഹായംകൂടി നൽകണമെന്ന് അശോകന്‍ ചരുവില്‍. ഭാഷയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളുടേയും യൂണിവേഴ്സിറ്റികളുടേയും സഹായം ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും അദ്ദേഹം ഫെ.്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

അശോകൻ ചരുവിലിന്റെ കുറിപ്പ് പൂർണ്ണരൂപത്തിൽ :

ഭരണഭാഷയായ മലയാളം പരീക്ഷകളിൽ ഉൾപ്പെടുത്തണമെന്ന് പി.എസ്.സി.യോട് ആവശ്യപ്പെടുക മാത്രമല്ല സർക്കാർ ചെയ്യേണ്ടത്. അതിനാവശ്യമായ സാങ്കേതിക സഹായംകൂടി നൽകണം. 16-ാം തീയതി ബഹു. മുഖ്യമന്ത്രി നടത്തുന്ന ചർച്ചയിൽ അക്കാര്യം കൂടി പരിഗണിക്കണം എന്ന് അപേക്ഷിക്കുന്നു. ഭാഷയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളുടേയും യൂണിവേഴ്സിറ്റികളുടേയും സഹായം ഇക്കാര്യത്തിൽ ഉണ്ടാകണം.

ഇംഗ്ലിഷിനെ കൂടതെ മലയാളം, കന്നഡ, തമിഴ് ഭാഷകളിൽ കൂടി ചോദ്യപേപ്പർ തയ്യാറാക്കിയാൽ പരീക്ഷയുടെ രഹസ്യസ്വഭാവവും സുതാര്യതയും നഷ്ടപ്പെടും എന്ന പരിഭ്രമം പി.എസ്.സി.ക്ക് ഇന്നുള്ള അക്കാഡമിക് പരിമിതിയെ ആണ് വ്യക്തമാക്കുന്നത്. നിരവധി വിഷയങ്ങളിൽ പരീക്ഷ നടത്തുന്നുണ്ടെങ്കിലും അതിനുള്ള യാതൊരുവിധ അക്കാദമിക് സംവിധാനവും അവിടെ ഇല്ല. നവീന മൂല്യനിർണ്ണയ രീതികളെക്കുറിച്ചുള്ള പഠനമില്ല.

അതിനുള്ള വിദഗ്ദരില്ല. ഓൺലൈൻ അപേക്ഷയും പരീക്ഷയുമൊക്കെ തുടങ്ങിയിട്ട് കുറെ കാലമായെങ്കിലും ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന കാര്യത്തിൽ പി.എസ്.സി ഏറെ പിന്നിലാണ്.

പഴയ വഴിച്ചാലിലൂടെ നടക്കുക എന്നല്ലാതെ പുതിയ വഴി നിർമ്മിക്കാൻ മടി കാണിക്കുന്നു. പല മേഖലകളിൽ നിന്നുള്ള പണ്ഡിതർ മെമ്പർമാരായി എത്താറുണ്ടെങ്കിലും അവരെ ഉപയോഗപ്പെടുത്തുന്ന രീതി ഇല്ല. പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയർമാന്റെയും ഉദ്യോഗസ്ഥരുടേയും മാത്രം ചുമതലയിലാണ് നടക്കുന്നത്.

മലയാളത്തിലും കന്നഡയിലും തമിഴിലും ചോദ്യക്കടലാസുകൾ തയ്യാറാക്കണമെങ്കിൽ അതിനുള്ള ജ്ഞാനവും വിദഗ്ദരും പുതുതായി വേണ്ടിവരും. അതെവിടെന്ന് ലഭിക്കുമെന്ന് പി.എസ്.സി.ക്ക് നിശ്ചയമില്ല എന്നു തോന്നുന്നു.

തമിഴിലും കന്നഡയിലും വിരലിലെണ്ണാവുന്ന വിദഗ്ദരെ ഉള്ളു എന്നാണ് അവർ ചുറ്റുവട്ടത്ത് നോക്കി കണ്ടു മനസ്സിലാക്കി വെച്ചിരിക്കുന്നത്. ആത്മാർത്ഥമായ ആഗ്രഹം മലയാളത്തിന്റെ കാര്യത്തിൽ ഉണ്ടെങ്കിൽ ഈ പരിമിതിയെ അതിജീവിക്കാൻ കഴിയും എന്ന വസ്തുത ഉണ്ട്. അതില്ല എന്നതാണ് പ്രശ്നം.

മത്സരപരീക്ഷകളിൽ ഇപ്പോൾ വിജ്ഞാന പരിശോധനയേക്കാൾ പ്രധാന്യം കൽപ്പിക്കുന്നത് വേഗതക്കാണ്. നിശ്ചിത സമയത്തിനകത്ത് നിശ്ചിത പ്രശ്നങ്ങൾ പരിഹരിക്കുക. ഇംഗ്ലീഷിൽ മാത്രം ചോദ്യങ്ങൾ ആകുമ്പോൾ ചോദ്യം വായിച്ചു മനസ്സിലാക്കാൻ എടുക്കുന്ന സമയം മലയാളിക്കുട്ടിയെ പിന്നിലാക്കും.

ഇംഗ്ലീഷ് ഭാഷ വേഗത്തിൽ വായിച്ചു മനസ്സിലാക്കുക എന്ന കഴിവാകും അവിടെ വിജയം നേടുന്നത്. (ഇംഗ്ലീഷ് ഭാഷാജ്ഞാനം പരിശോധിക്കുന്ന ചോദ്യം വേറെ ഉണ്ടല്ലോ) അതുകൊണ്ട് ചോദ്യം മലയാളത്തിലും വേണം എന്ന ആവശ്യം പരമപ്രധാനമാണ്.