ആറന്‍മുള ഉത്തൃട്ടാതി ജലോത്സവം: മേലുകരയ്ക്കും വന്മ‍ഴിയ്ക്കും മന്നം ട്രോഫി

പള്ളിയോടങ്ങളുടെയും ആറന്‍മുളയുടെയും പാരമ്പര്യ തനിമയിലേക്ക് തിരിച്ച് തുഴഞ്ഞ ഉത്തൃട്ടാതി വള്ളംകളിയില്‍ എ ബാച്ചില്‍ മേലുകര പള്ളിയോടവും ബി ബാച്ചില്‍ വന്മഴിയും മന്നം ട്രോഫി നേടി. വന്‍മഴിക്കും തൈമറവും കരയ്ക്കും 93.9 മാര്‍ക്ക് വീതം ലഭിച്ചതിനാല്‍ നറുക്കെടുപ്പിലൂടെയാണ് വന്‍മഴി വിജയിയായത്. എ ബാച്ചില്‍ ഒന്നാം സ്ഥാനം നേടിയ മേലുകര 80 മാര്‍ക്ക് നേടി. ഇടയാറന്‍മുള 73.25 മാര്‍ക്കും, ഇടശേരിമല 71.25 മാര്‍ക്കും നേടി രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ബി ബാച്ചില്‍ തൈമറവും കര, ചെന്നിത്തല എന്നീ പള്ളിയോടങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

20 പേരടങ്ങുന്ന വിധികര്‍ത്താക്കളുടെ പാനല്‍ മൂന്ന് തലങ്ങളിലായി വ്യത്യസ്തമായാണ് വിധിനിര്‍ണയം നടത്തിയത്. ഇതില്‍ നിന്ന് ആകെ മാര്‍ക്ക് ലഭിച്ച പള്ളിയോട ഗ്രൂപ്പാണ് ഒന്നാമതെത്തിയത്. ഒന്നാമതെത്തിയ ഹീറ്റ്‌സിലെ പള്ളിയോട ഗ്രൂപ്പ് ഫൈനല്‍ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. ഫൈനല്‍ മത്സരത്തിലെ പ്രകടനം വിലയിരുത്തിയാണ് വിജയിയെ തിരഞ്ഞെടുത്തത്.

എ ബാച്ച് ഫൈനല്‍ മല്‍സരത്തില്‍ മേലുകര, തെക്കേമുറി, ഇടയാറന്മുള, ഇടശേരിമല കിഴക്ക് എന്നീ പള്ളിയോടങ്ങള്‍ ആണ് മല്‍സരിച്ചത്. എഴുപത്തിരണ്ടര മാര്‍ക്ക് നേടിയാണ് ഈ ഹീറ്റ്‌സിലെ പള്ളിയോട ഗ്രൂപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ബി ബാച്ചില്‍ ചെന്നിത്തല, വന്‍ മഴി, തൈമറവുംകര എന്നീ പള്ളിയോടങ്ങള്‍ ഉള്‍പ്പെട്ട ഹീറ്റ്‌സിലെ പള്ളിയോട ഗ്രൂപ്പാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. 75 മാര്‍ക്കാണ് ഈ ഗ്രൂപ്പ് നേടിയത്.

പുതിയ മാനദണ്ഡം അനുസരിച്ചാണ് ഇത്തവണ മല്‍സരം നടന്നത്. ആറന്‍മുളയുടെ തനത് ശൈലിയിലുള്ള വഞ്ചിപ്പാട്ടുകള്‍, തുഴച്ചില്‍ ശൈലി, ചമയം, വേഷവിധാനം, അച്ചടക്കം എന്നിവയെല്ലാം മാനദണ്ഡമാക്കിയാണ് വിജയികളെ തിരഞ്ഞെടുത്തത്. മുതവഴി, തോട്ടപ്പുഴശേരി, പൂവത്തൂര്‍ കിഴക്ക്, കോടിയാട്ടുകര എന്നീ പള്ളിയോടങ്ങള്‍ ഉള്‍പ്പെട്ട ബാച്ചാണ് ബി ബാച്ച് ഹീറ്റ്സില്‍ രണ്ടാം സ്ഥാനം നേടിയത്. എഴുപതര മാര്‍ക്കാണ് ഈ ബാച്ച് നേടിയത്.

എ ബാച്ച് ഹീറ്റ്‌സില്‍ ഓതറ, പൂവത്തൂര്‍ പടിഞ്ഞാറ്, ളാക ഇടയാറന്മുള, വരയന്നൂര്‍ എന്നീ പള്ളിയോടങ്ങള്‍ ഉള്‍പ്പെട്ട പള്ളിയോട ഗ്രൂപ്പിനാണ് രണ്ടാം സ്ഥാനം. മല്‍സരത്തിന് മുന്‍പായി ആകര്‍ഷകമായ ജലഘോഷ യാത്ര നടന്നു. വഞ്ചിപ്പാട്ടിന്റെ താളത്തില്‍ തുഴയെറിഞ്ഞ് പമ്പയിലെ ഓളപ്പരപ്പിലൂടെ നീങ്ങിയ 52 പള്ളിയോടങ്ങള്‍ കാഴ്ച്ച വിരുന്നൊരുക്കി.

കേരളത്തിന്റെ തനത് കലാരൂപങ്ങളായ തിരുവാതിര, കഥകളി, വേലകളി, കുത്തിയോട്ടം എന്നിവയും മഹാബലിയും ഭജന സംഘവും അണിനിരന്നു. ആറന്‍മുള വള്ളംകളിക്ക് കാരണമായിത്തീര്‍ന്ന തിരുവോണത്തോണി മുന്നിലായി നീങ്ങി.

കുചേലവൃത്തം കഥകളിയാണ് ആദ്യം അരങ്ങേറിയത്. കലാമണ്ഡലം അരുണും സംഘവും അവതരിപ്പിച്ച കഥകളിയില്‍ കുചേലന്‍ അവല്‍പ്പൊതിയുമായി ശ്രീകൃഷ്ണനെ കാണാന്‍ ചെല്ലുന്ന ഭാഗമാണ് അവതരിപ്പിച്ചത്.

യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയുടെ മാന്നാര്‍ സെന്ററിലെ വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ച തിരുവാതിരകളി, ചെട്ടികുളങ്ങര കുത്തിയോട്ട സമിതി അവതരിപ്പിച്ച കുത്തിയോട്ടച്ചുവടുകള്‍, കോഴിക്കോട് പ്രശാന്ത് വര്‍മയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച മാനസജപലഹരി, പുലിയൂര്‍ പാഞ്ചജന്യം വേലകളി സംഘത്തിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച വേലകളി എന്നിവയായിരുന്നു ഓളപ്പരപ്പില്‍ തയാറാക്കിയ വേദിയില്‍ അരങ്ങേറിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News